കായംകുളം: ഐക്യജംഗ്ഷനിലും പുല്ലുകുളങ്ങര ഭാഗത്തും തെരുവുനായ ആക്രമണം ഉണ്ടായ സംഭവത്തിൽ തുടർനടപടികളിലൂടെ പൊതുജനങ്ങൾക്കുള്ള ആശങ്ക അകറ്റുമെന്നും അടിയന്തര പ്രതിരോധ നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും സഹകരണ-എക്സൈസ് വകുപ്പു മന്ത്രി എം. ലിജു.
മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറുമായി മന്ത്രി ഫോണിൽ ബന്ധപ്പെട്ടു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് മൃഗസംരക്ഷണ വകുപ്പ് അടിയന്തരമായി നായകൾക്കുള്ള വാക്സിനേഷൻ നടപടികളും വന്ധീകരണ പ്രവർത്തനങ്ങളും ആരംഭിക്കാൻ മന്ത്രി നിർദ്ദേശം നൽകി. ഇതിനായി തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പ്രത്യേക ആക്ഷൻ ടീം രൂപീകരിക്കും.
പ്രദേശത്തെ നായകളുടെ അക്രമസ്വഭാവം പ്രത്യേകം നിരീക്ഷിച്ച് ആവശ്യമായ തുടർനടപടികൾ ഉടനടി സ്വീകരിക്കാനും മന്ത്രി ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്.
കായംകുളത്ത് തെരുവുനായ ആക്രമണത്തിൽ പരിക്കേറ്റ 15 പേർക്കും ആവശ്യമായ എല്ലാവിധ ചികിത്സാസൗകര്യങ്ങളും മരുന്നുകളും ലഭ്യമാക്കിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
പുല്ലുകുളങ്ങര ഭാഗത്ത് നായയുടെ കടിയേറ്റ നാലുമാസം പ്രായമുള്ള കുട്ടിക്ക് കായംകുളം താലൂക്ക് ആശുപത്രിയിൽ ആവശ്യമായ പ്രഥമശുശ്രൂഷ നൽകിയതിനു ശേഷം ആലപ്പുഴ മെഡിക്കൽ കോളജിൽ മികച്ച ചികിത്സ ഉറപ്പുവരുത്തിയിട്ടുണ്ടെന്നും പരിക്കേറ്റവരുടെ ആരോഗ്യനിലയും നിലവിൽ നൽകുന്ന ചികിത്സാ സൗകര്യങ്ങളും വിലയിരുത്തുന്നുണ്ടെന്നും ഡിഎംഒയും അറിയിച്ചു.
Tags : nattu vishesham Street attack