ഇരിങ്ങാലക്കുട: നഗരത്തിലെ ഏറ്റവും തിരക്കേറിയ ജംഗ്ഷനുകളിലൊന്നായ ഠാണാ - ബസ് സ്റ്റാന്‍ഡ് റോഡില്‍ ഹെഡ് പോസ്റ്റ് ഓഫീസിന് സമീപം റോഡിനു കുറുകെയുള്ള കാനയ്ക്ക് മുകളിലെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്നതോടെ അപകടഭീഷണി ഉയര്‍ന്നു.
കാലപ്പഴക്കംമൂലം സ്ലാബ് രണ്ടായി പിളര്‍ന്ന് കമ്പികള്‍ പുറത്തുവന്ന നിലയിലാണ്. ഏതു നിമിഷവും സ്ലാബ് കാനയിലേക്ക് പതിക്കാവുന്ന അവസ്ഥയാണുള്ളത്. ബസ് സ്റ്റാന്‍ഡ്, കാട്ടൂര്‍ റോഡ് തുടങ്ങിയ ഭാഗങ്ങളില്‍നിന്ന് നിരന്തരം ബസുകളും മറ്റു വാഹനങ്ങളും സഞ്ചരിക്കുന്ന പ്രധാന ജംഗ്ഷനിലാണ് സംഭവം. തിരക്കേറിയ സമയങ്ങളില്‍ അപകടസാധ്യത കൂടുതല്‍ വര്‍ധിച്ചിരിക്കുകയാണ്.ഒരുവര്‍ഷം മുന്‍പും ഇതേ സ്ഥലത്തിന് സമീപം സമാനരീതിയില്‍ മറ്റൊരു സ്ലാബ് തകര്‍ന്നു കാനയിലേക്ക് വീണിരുന്നു.
അന്നുതകര്ന്ന സ്ലാബ് മാറ്റിസ്ഥാപിച്ചെങ്കിലും ബാക്കിയുള്ള സ്ലാബുകളും മാറ്റി പൂര്‍ണമായ കോണ്‍ക്രീറ്റ് നിര്‍മാണം നടത്തുമെന്നും റോഡിലെ കേടുപാടുകള്‍ പരിഹരിക്കുമെന്നും നഗരസഭ ഉറപ്പുനല്‍കിയിരുന്നു.
എന്നാല്‍ പിന്നീട് യാതൊരു നടപടിയും ഉണ്ടായില്ലെന്നാണ് സമീപത്തെ വ്യാപാരികളും ഓട്ടോറിക്ഷ തൊഴിലാളികളും ആരോപിക്കുന്നത്. ജനങ്ങളുടെ സുരക്ഷയെ വെല്ലുവിളിക്കുന്ന രീതിയില്‍ അപകടാവസ്ഥയില്‍ തുടരുന്ന സ്ലാബുകള്‍ അടിയന്തരമായി മാറ്റിസ്ഥാപിക്കണമെന്നും ഠാണാ - ബസ് സ്റ്റാന്‍ഡ് ഉള്‍പ്പടെ നഗരത്തിലെ വിവിധ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ അധികൃതര്‍ ഉടന്‍ ഇടപെടണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Tags : nattu vishesham Slab collapses stand road