പ്രതീകാത്മക ചിത്രം
വിദ്യാർഥികൾക്ക് നേരേ കൂട്ടത്തോടെ പാഞ്ഞടുത്തു മുക്കം: കാരശേരി പഞ്ചായത്തിലെ മുരിങ്ങംപുറായി പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമായതായി പരാതി. കഴിഞ്ഞ ദിവസം രാവിലെ മദ്രസയിലേക്ക് പോകുകയായിരുന്ന മൂന്ന് വിദ്യാർഥികളെ തെരുവുനായകൾ കൂട്ടത്തോടെ ഓടിച്ചു. നായകൾ ആക്രമിക്കാൻ വരുന്നത് കണ്ട് ഭയന്നോടിയ പ്ലസ് വൺ വിദ്യാർഥിനി ഫാത്തിമ സിയയ്ക്ക് വീണ് പരിക്കേറ്റു. വീഴ്ചയിൽ കുട്ടിയുടെ കൈക്കും കാലിനും സാരമായി പരിക്കേറ്റിട്ടുണ്ട്.
സമീപത്തുള്ള യുവാവ് സമയോചിതമായി ഇടപെട്ടതുകൊണ്ടാണ് കടിയേൽക്കാതെ കുട്ടി രക്ഷപ്പെട്ടത്. കഴിഞ്ഞ കുറേക്കാലമായി തെരുവ് നായകളുടെ ആക്രമണം ഭയന്ന് ജീവിക്കേണ്ടുന്ന സാഹചര്യത്തിലാണെന്ന് നാട്ടുകാർ പറഞ്ഞു. അതിരാവിലെ മദ്രസകളിലേക്കും സ്കൂളുകളിലേക്കും പോകുന്ന കൊച്ചുകുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് വലിയ ഭീഷണിയാണ് തെരുവുനായകൾ സൃഷ്ടിക്കുന്നത്. മുന്പും നിരവധി ആളുകളെ നായകൾ ആക്രമിച്ചിട്ടുണ്ടെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് ഇതുവരെ ശാശ്വതമായ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.