ചേര്‍ത്തല: തീർഥാടകരും വിനോദസഞ്ചാരികളും കൂടുതലായെത്തുന്ന അർത്തുങ്കൽ തീരത്തും ബസിലിക്ക പരിസരത്തും അക്രമസ്വഭാവമുള്ള തെരുവുനായ്ക്കളുടെ ശല്യം കൂടുന്നു. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ നിരവധിപ്പേര്‍ക്കാണ് തെരുവുനായ്ക്കളുടെ കടിയേറ്റത്.
കഴിഞ്ഞമാസം പുലർച്ചെ 5.30 നുള്ള കുർബാനയ്ക്കുപോയ വിശ്വാസികളെ തെരുവുനായ്ക്കള്‍ കൂട്ടമായി ആക്രമിച്ചു. പരിക്കേറ്റ രണ്ടുപേര്‍ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ അടിയന്തര ചികിത്സ തേടി. മത്സ്യത്തൊഴിലാളികൾക്കാണ് ഈ മേഖലയിൽ ഏറ്റവും കൂടുതൽ തെരുവുനായ്ക്കളുടെ കടിയേറ്റിട്ടുള്ളത്.
അതിരാവിലെ രണ്ടിനും മൂന്നിനുമൊക്കെയാണ് കടലിൽ വള്ളമിറക്കാൻ തൊഴിലാളികൾ പോകുന്നത്. ഈ സമയം അക്രമസ്വഭാവമുള്ള നായ്ക്കൾ കൂട്ടത്തോടെ പാഞ്ഞടുക്കുമെന്ന് തൊഴിലാളികൾ പറയുന്നു.
കടിയേറ്റ ഒട്ടേറെ തൊഴിലാളികൾക്ക് മാസങ്ങളോളം പണിക്കുപോകാൻ പറ്റാത്ത സ്ഥിതിയുണ്ടായിട്ടുണ്ട്. ഒരു രൂപപോലും അധികൃതരിൽനിന്നു നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്നും ഇവർ പറയുന്നു.