മോഡല്‍ ലയണ്‍സ് ക്ലബ് ഓഫ് പത്തനംതിട്ട എമിറേറ്റ്സിന്റെ നേതൃത്വത്തില്‍ പാലാ അല്‍ഫോന്‍സ കോളജില്‍ നടത്തിയ രക്തദാന ക്യാമ്പ് സിനിമാതാരം ദര്‍ശന എസ്. നായ
പാലാ: വിവിധ അക്കാദമിക വിഭാഗങ്ങളുടെ വൈദഗ്ധ്യവും വിദ്യാര്‍ഥിനികളുടെ കഴിവുകളും സമൂഹത്തിന്റെ ആവശ്യങ്ങളുമായി കൂട്ടിയിണക്കി കൂടുതല്‍ ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങളിലേക്ക് മുന്നേറുകയാണ് കോളജ്.
സമൂഹനന്മ ലക്ഷ്യമാക്കി കോളജിലെ വിവിധ ഡിപ്പാര്‍ട്ടുമെന്റുകള്‍ ഈ വര്‍ഷം ഏറ്റെടുത്ത് നടപ്പാക്കുന്ന കര്‍മപദ്ധതികളുടെ ഉദ്ഘാടനം നാളെ രാവിലെ 11.30ന് കോളജ് ഓഡിറ്റോറിയത്തില്‍ ജലവിഭവ മന്ത്രി മോന്‍സ് ജോസഫ് നിര്‍വഹിക്കും. ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും. യോഗത്തില്‍ കോളജ് മാനേജര്‍ മോണ്‍. ഡോ. ജോസഫ് കണിയോടിക്കല്‍, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ മായാ രാഹുല്‍, വാര്‍ഡ് കൗണ്‍സിലര്‍ പ്രിന്‍സി സണ്ണി തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രളയബാധിത പ്രദേശങ്ങളിലെ കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും മലിനജലം വഴി പകരുന്ന കോളറ, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം തുടങ്ങിയ ജലജന്യരോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നതിനുമായി സുവോളജി പി.ജി. ആന്‍ഡ് റിസേര്‍ച്ച് വിഭാഗം, പാലാ മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ നടത്തിയ സൗജന്യ കുടിവെള്ള ഗുണനിലവാര പരിശോധനാ ഡ്രൈവിന്റെ റിസള്‍ട്ട് വിശകലനം ചെയ്ത് അതിന്റെ റിപ്പോര്‍ട്ടും പരിഹാരമാര്ഗനിര്ദേശങ്ങളും മുനിസിപ്പാലിറ്റിക്ക് കൈമാറും.
കാലാവസ്ഥാ പഠനരംഗത്തും അല്‍ഫോന്‍സാ കോളജ് പുതിയ ചുവടുവയ്പ് നടത്തുന്നു. കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ മിഷന് മൗസം ദേശീയ പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരത്തെ നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ് അല്‍ഫോന്‍സാ കോളജിലെ ഫിസിക്സ് ഡിപ്പാര്‍ട്ട്മെന്റിന്റെ സഹകരണത്തോടെ ആധുനിക ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷന് ഉള്‍പ്പടെയുള്ള അന്തരീക്ഷ നിരീക്ഷണ സംവിധാനങ്ങള്‍ സ്ഥാപിക്കും. താപനില, ആപേക്ഷിക ആര്‍ദ്രത, അന്തരീക്ഷമര്‍ദം, കാറ്റിന്റെ വേഗത, ദിശ, മഴ, സൗരവികിരണം തുടങ്ങിയ കാലാവസ്ഥാ വിവരങ്ങള്‍ തുടര്‍ച്ചയായി ശേഖരിക്കാന്‍ സഹായിക്കും.
കായികരംഗത്തും സമൂഹത്തിന് പ്രയോജനകരമായ ഇടപെടലിന് അല്‍ഫോന്‍സാ കോളജ് തുടക്കം കുറിക്കുന്നു. കായിക പ്രതിഭകളെ കണ്ടെത്തി വളര്‍ത്തുന്നതിനും യുവതലമുറയില്‍ ക്രിക്കറ്റ് പ്രോത്സാഹിപ്പിക്കുന്നതിനുമായി അല്‍ഫോന്‍സാ കോളജ് പാലായും ജില്ലാ ക്രിക്കറ്റ് അസോസിയേഷനും ധാരണാപത്രത്തില്‍ ഒപ്പുവച്ചു. അല്‍ഫോന്‍സാ കോളജിന്റെ കമ്യൂണിറ്റി എന്ഹാന്സ്മെന്റിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. കോളജ് കാമ്പസില്‍ രണ്ട് ക്രിക്കറ്റ് പ്രാക്ടീസ് നെറ്റുകള്‍ സ്ഥാപിക്കും. കോളജിലെ വിദ്യാര്‍ഥികള്‍ക്കും സമീപ പ്രദേശങ്ങളിലെ പ്രതിഭാധനരായ ക്രിക്കറ്റ് താരങ്ങള്‍ക്കും ഇവിടെ ശാസ്ത്രീയ പരിശീലനവും വിദഗ്ധ മാര്‍ഗനിര്‍ദേശവും ലഭ്യമാക്കും.
അറിവിനെ സമൂഹനന്മയ്ക്കായി പ്രയോജനപ്പെടുത്തുക എന്നതാണ് അല്‍ഫോന്‍സാ കോളജിന്റെ ലക്ഷ്യം. പഠനത്തോടൊപ്പം സാമൂഹിക പ്രതിബദ്ധതയും സേവനമനോഭാവവും വളര്‍ത്തിയെടുക്കുന്ന തലമുറയെ രൂപപ്പെടുത്തുക എന്നതാണ് ഈ പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യമെന്ന് കോളജ് അധികാരികള്‍ പത്രസമ്മേളനത്തിലറിയിച്ചു.
Tags : NattuVishesham DistrictNews