കൊച്ചി: ചേരാനല്ലൂരിൽ 17കാരൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രികൻ കൊല്ലപ്പെട്ട സംഭവത്തിലെ പൊലിസ് നടപടിയിൽ പ്രതിഷേധം ശക്തം. കേസിന്റെ തുടക്കം മുതൽ പ്രതിയെയും കുടുംബത്തെയും സംരക്ഷിക്കുന്ന നടപടികളാണ് പൊലിസിന്റെ ഭാഗത്തു നിന്ന് ഉണ്ടായതെന്നാണ് ആരോപണം.
പ്രതിഷേധം ശക്തമായതോടെയാണ് പൊലിസിന്റെ മുഖം രക്ഷിക്കാനായി പ്രതിയായ 17കാരനെതിരെ കുറ്റകരമായ നരഹത്യ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്താൻ തയാറായത്.
അപകടം പുലർച്ചെ 2.20ന്, എഫ്ഐആർ രാവിലെ 7.34ന്
ഞായറാഴ്ച പുലർച്ചെ 2.20ന് നടന്ന അപകടത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത് രാവിലെ 7.34നായിരുന്നു. അതും പ്രതിയായ 17കാരന്റെ പേര് ഒഴിവാക്കിയായിരുന്നു. ഈ സമയത്ത് പ്രതിയും അഡീഷണൽ ജഡ്ജിയായ ഇയാളുടെ പിതാവും സ്റ്റേഷനിലുണ്ടായിരുന്നു. അശ്രദ്ധമായി വാഹനമോടിക്കൽ, അശ്രദ്ധമൂലമുള്ള മരണം എന്നീ ദുർബല വകുപ്പുകൾ ചുമത്തിയായിരുന്നു എഫ്ഐആർ.
അധികം വൈകാതെ തന്നെ പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. കാറിടിച്ച് കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ മൃതദേഹം സംസ്കരിക്കും മുമ്പെ പ്രതി സ്വന്തം വീട്ടിലെത്തി. ജുവനൈൽ ജസ്റ്റീസ് ബോർഡിന് മുമ്പാകെ ഹാജരാക്കാതെയാണ് പ്രതിയെ വിട്ടയച്ചത്.
ജഡ്ജിക്കെതിരേ കേസെടുക്കാൻ തയാറായില്ല
രാവിലെ മുതൽ വൈകിട്ട് വരെ പ്രതിക്കൊപ്പം വാഹന ഉടമയായ പിതാവ് ഒപ്പമുണ്ടായിരുന്നിട്ടും നിയമപ്രകാരം ഇയാൾക്കെതിരെ കേസെടുക്കാൻ പൊലിസ് തയാറായില്ല. കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ കുടുംബത്തോട് സ്റ്റേഷനിൽവച്ച് അഡീഷണൽ ജഡ്ജി നിഷേധത്തോടെ പെരുമാറിയപ്പോഴും പൊലിസുകാർ നോക്കുകുത്തിയായി നിന്നു.
ദുർബല വകുപ്പുകൾ ചുമത്തിയതും പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടതും വാഹന ഉടമയായ പിതാവിന് എതിരെ കേസെടുക്കാതിരുന്നതും വൻ പ്രതിഷേധത്തിനിടയാക്കി. വിവിധ സംഘടനകൾ പൊലിസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. ജയബാലകൃഷ്ണന്റെ ചിതയെരിഞ്ഞു തീരുംമുമ്പെ മക്കളും പ്രതിഷേധവുമായി സ്റ്റേഷനിലെത്തി.
ഇതോടെയാണ് കുറ്റകരമായ നരഹത്യ ചുമത്തൽ, പ്രതിയെ അറസ്റ്റ് ചെയ്യൽ, ജുവനൈൽ ജസ്റ്റീസ് ബോർഡിൽ ഹാജരാക്കൽ തുടങ്ങിയ നടപടികളിലേക്ക് പൊലിസ് കടന്നത്.
അച്ഛന് നീതി കിട്ടാന്‍ ഏതറ്റംവരെയും പോകും: ഭദ്രകീർത്തി
കൊച്ചി: അച്ഛന് നീതി കിട്ടാന്‍ ഏതറ്റംവരെയും പോകുമെന്ന് ചേരാനല്ലൂര്‍ വാഹനാപകടത്തില്‍ മരിച്ച ജയബാലകൃഷ്ണണന്റെ മകള്‍ ഭദ്രകീർത്തി. ഹൈദരാബാദില്‍ വച്ചാണ് താൻ വാര്‍ത്ത അറിയുന്നത്. അപ്പോള്‍ മുതല്‍ അച്ഛന് നീതി കിട്ടാനുള്ള നെട്ടോട്ടത്തിലാണ്.
ഒരു ഉറുമ്പിനെ പോലും നോവിക്കാത്ത ആളാണ് അച്ഛന്. ഒട്ടേറെ അസുഖങ്ങൾ ഉണ്ടായിട്ടു പോലും പിടിച്ചു നിന്ന ആളാണ്. ഇങ്ങനെ ഒരു മരണം അച്ഛന് അര്‍ഹിക്കുന്നതല്ലെന്നും ഭദ്രകീർത്തി പറഞ്ഞു. 17 വയസുകാരനായ അയാള്‍ ജഡ്ജിയുടെ മകനായതാണ് പ്രശ്നം. അതുകൊണ്ടാണ് നടപടി എടുക്കാന്‍ മടിക്കുന്നത്. ഒരു സാധാരണക്കാരനായിരുന്നെങ്കില്‍ ഇതിനകം നടപടി എടുത്തേനേ. ജഡ്ജിയാണ്, ജഡ്ജിയുടെ മകനാണ്, 17 വയസേ ഉളളൂ ഇതാണ് പൊലിസുകാര്‍ പറയുന്ന ന്യായം. കാക്കിയോടുള്ള ബഹുമാനവും വിശ്വാസവും നഷ്ടപ്പെട്ടുവെന്നും അവർ പറഞ്ഞു.
ഇത്രയും കാലം കഷ്ടപ്പെട്ട് പഠിച്ചതും ജോലിക്ക് പോയതും അച്ഛന് ഒരു ദിവസമെങ്കിലും കട പൂട്ടി സമാധാനമായി ഇരിക്കാന്‍ അവസരമുണ്ടാക്കാനായിരുന്നു. ഇനി താന്‍ ആര്‍ക്കുവേണ്ടിയാണ് ജീവിക്കേണ്ടത്. ഇത്രയും നാള് അച്ഛന് തങ്ങള്‍ക്ക് വേണ്ടിയാണ് ജീവിച്ചത്. സന്തോഷം എന്താണെന്ന് പോലും അറിയാതെ അച്ഛൻ പോയി. അച്ഛന് നീതി എപ്പോള്‍ കിട്ടുമോ അന്ന് വരെ പോരാട്ടം തുടരാനാണ് തീരുമാനമെന്നും അവർ പറഞ്ഞു. മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി കൊടുക്കും. കുറ്റക്കാരായ പൊലിസുകാര്ക്കടക്കം എല്ലാവര്‍ക്കുമെതിരെ നടപടി എടുക്കണം. തന്റെ അച്ഛന്റെ മൃതദേഹം കിട്ടുന്നതിന് മുന്‍പ് ഈ പ്രതിയെ കിട്ടിയിട്ട് പോലും അവര്‍ പറഞ്ഞുവിട്ടു. അങ്ങനത്തെ ഒരു നിയമം ഉണ്ടോ? എന്നും ഭദ്രകീർത്തി പറഞ്ഞു.
ജയബാലകൃഷ്ണന്റെ മൂന്നു മക്കളും ബന്ധുക്കളും ഇന്നലെയും ചേരാനല്ലൂർ പൊലിസ് സ്റ്റേഷനിൽ നിരാഹാരം ഇരുന്നു.
Tags :