എരുമേലി ടിബി റോഡിൽ തെങ്ങ് മറിഞ്ഞു വീണത് മൂലം തകർന്ന വൈദ്യുതി ലൈനുകളും പോസ്റ്റും നീക്കി പുതിയത് സ്ഥാപിക്കുന്നു.
എരുമേലി: പഞ്ചായത്തിൽ കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് ഏതാനും മണിക്കൂർ നീണ്ട മഴയിൽ പെട്ടെന്നുണ്ടായ കാറ്റിൽ വൈദ്യുതി ലൈനുകൾ തകർന്നത് 20 ഇടങ്ങളിൽ. ഞായറാഴ്ച ആയതിനാൽ കെഎസ്ഇബി എരുമേലി സെക്ഷനിലെ ഒട്ടുമിക്ക ജീവനക്കാരും പൊതു ഒഴിവ് മൂലം ജോലിയിലുണ്ടായിരുന്നില്ല.
ഉണ്ടായിരുന്ന അത്യാവശ്യം ജീവനക്കാരും കരാർ തൊഴിലാളികളും ചേർന്ന് ചിലയിടത്ത് ലൈനുകൾ താത്കാലികമായി ശരിയാക്കി. ഇതും ഉൾപ്പടെ മുഴുവൻ തകരാറുകളും പരിഹരിക്കാനുള്ള ജോലി ഇന്നലെ അന്തിമ ഘട്ടത്തിലാണ്. ജോലികൾ ഇന്ന് പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എരുമേലി സെക്ഷൻ അസിസ്റ്റന്റ് എൻജിനിയർ പറഞ്ഞു.
നിലവിൽ 11 കെവിയുടെ ഒരു പോസ്റ്റും എൽടിയുടെ ഒരു പോസ്റ്റും ഉൾപ്പടെ രണ്ട് പോസ്റ്റുകൾ തകർന്നത് മാറ്റി പുതിയത് സ്ഥാപിച്ചു. മുക്കൂട്ടുതറ എസ്ബിഐ ബാങ്ക് ശാഖ ഭാഗത്തും എരുമേലി ടിബി റോഡിലുമുള്ള പോസ്റ്റുകളാണ് മാറ്റി പുതിയത് സ്ഥാപിച്ചത്. ടിബി റോഡിൽ തെങ്ങ് കടപുഴകി വീണാണ് പോസ്റ്റും ലൈനുകളും തകർന്നത്.
ഇവിടെ ഒരു പോസ്റ്റ് കൂടി മാറ്റി പുതിയത് സ്ഥാപിക്കാനുണ്ട്. ഒരു വീട്ടുടമയുടെ പുരയിടത്തിൽ റോഡരികിൽ ജീർണിച്ച നിലയിലായിരുന്ന തെങ്ങാണ് എരുമേലി ടിബി റോഡിൽ തകർന്ന് നിലംപതിച്ച് പോസ്റ്റും ലൈനുകളും തകർത്തത്. ഈ തെങ്ങ് വെട്ടി മാറ്റാൻ പല തവണ മുന്നറിയിപ്പ് നൽകിയിരുന്നെന്നും എന്നാൽ, വീട്ടുടമ അവഗണിക്കുകയായിരുന്നുവെന്നും കെഎസ്ഇബി അധികൃതർ പറയുന്നു.
ഇവിടെ തെങ്ങ് വീണ് വൈദ്യുതി പോയതോടെ കഴിഞ്ഞ ദിവസം വൈകുന്നേരം പോയ വൈദ്യുതി ഇന്നലെ ഉച്ചകഴിഞ്ഞാണ് പുനഃസ്ഥാപിച്ചത്. മുക്കൂട്ടുതറ ബാങ്ക് ശാഖയുടെ മുന്നിൽ റോഡരികിൽ മരം വീണ് തകർന്ന പോസ്റ്റും ലൈനുകളും ഇന്നലെ ഉച്ചയോടെ പുനഃസ്ഥാപിച്ചു. എലിവാലിക്കര സെന്റ് മേരീസ് സ്കൂൾ ഭാഗത്ത് മര ശിഖരങ്ങൾ വീണ് ലൈൻ തകർന്നത് മൂലം ഒരു ദിവസത്തോളം വൈദ്യുതി മുടങ്ങിയിരുന്നു.
Tags : Strong winds nattuvishesham local news