വടകര: അഴിയൂര്‍ കുഞ്ഞിപ്പള്ളിയില്‍ ഒരു സംഘം ആളുകള്‍ ബസ് തടഞ്ഞ് കണ്ടക്ടറെയും യാത്രക്കാരനെയും മര്‍ദിച്ചു. വിദ്യാര്‍ഥിനികളെ ബസില്‍ ഇരിക്കാന്‍ അനുവദിച്ചില്ലെന്ന കാരണത്താലാണ് തലശേരി-വടകര റൂട്ടിലോടുന്ന സ്വകര്യ ബസിലെ കണ്ടക്ടര്‍ വില്യാപ്പള്ളി സ്വദേശി സജാദിനെ തല്ലിച്ചതച്ചതെന്നാണ് പരാതി.
അക്രമ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയതിന് യാത്രക്കാരനായ ചോറോട് സ്വദേശി അഭിനവിനും മര്‍ദ്ദനമേറ്റു. ഇരുവരേയും വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിദ്യാര്‍ഥികള്‍ സീറ്റില്‍ ഇരിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. തലശേരി സ്റ്റാന്റില്‍ നിന്ന് പുറപ്പെട്ട ബസില്‍ കയറിയ വിദ്യാര്‍ഥിനികള്‍ക്ക് സീറ്റ് നല്‍കിയില്ലെന്നു കുട്ടികള്‍ നാട്ടില്‍ പരാതിപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് വടകരയില്‍ നിന്ന് തിരികെ വരികയായിരുന്ന ബസ് കുഞ്ഞിപ്പള്ളിയിലെത്തിയപ്പോള് ആള്‍ക്കൂട്ടം തടഞ്ഞത്.
ബസില്‍ സിസിടിവി കാമറകള്‍ ഉള്ളതിനാല്‍ കണ്ടക്ടര്‍ സജാദിനെ കാമറയുടെ പരിധിയില്‍ വരാത്ത സ്ഥലത്തേക്ക് വിളിച്ചു കൊണ്ടുപോയി മര്‍ദിക്കുകയായിരുന്നു. സജാദിനെ സംഘം വളഞ്ഞിട്ട് തല്ലി. പെണ്‍കുട്ടികളെ മുന്നില്‍ നിര്‍ത്തിക്കൊണ്ടായിരുന്നു ആള്‍ക്കൂട്ടത്തിന്റെ ആക്രമണം.
ഇതിന്റെ ദൃശ്യം പകര്‍ത്തുമ്പോഴാണ് യാത്രക്കാരനായ ചോറോട് സ്വദേശി അഭിനവിന് മര്‍ദനമേറ്റത്. കൈവശമുണ്ടായിരുന്ന ഐഫോണ്‍ ബലമായി പിടിച്ചുവാങ്ങി പ്രധാനപ്പെട്ട രേഖകളും മര്‍ദന ദൃശ്യങ്ങളും ക്ലൗഡ് ഹിസ്റ്ററി ഉള്‍പ്പെടെ ഡിലീറ്റ് ചെയ്ത് നശിപ്പിക്കുകയും ചെയ്തു. ചോമ്പാല പോലീസ് സ്റ്റേഷന്റെ സമീപത്തു സംഭവം നടന്നിട്ടും പോലീസുകാര്‍ തിരിഞ്ഞുനോക്കിയില്ലെന്നും ആക്ഷേപമുണ്ട്.
Tags : Local News Nattuvishesham Kozhikode