പട്ടം സെന്റ് മേരിസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന തിരുവനന്തപുരം റവന്യു ജില്ലാ സ്കൂൾ ശാസ്ത്ര മേളയിൽ നിന്ന് നിന്നുള്ള ദൃശ്യം . - ദീപിക
തിരുവനന്തപുരം: റവന്യൂ ജില്ലാ സ്കൂള്‍ ശാസ്ത്രോത്സവത്തില്‍ സ്മാര്‍ട്ട് വില്ലേജ് മാതൃകയുമായി വിദ്യാര്‍ഥിനികള്‍. കുന്നത്തുകാല്‍ നീലകേശി വിദ്യാ പീഠത്തിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി എ.ആര്യജിത്ത്, എട്ടാം ക്ലാസ് വിദ്യാര്‍ഥിനി ആര്.എസ്. അഭിനന്ദനി എന്നിവരാണ് വെള്ളപ്പൊക്കം, ഉരുള്‍പൊട്ടള്‍ ഉള്‍പ്പെടെയുള്ള പ്രകൃതിക്ഷോഭങ്ങള്‍ തരണം ചെയ്യുന്നതിനുള്ള സ്മാര്‍ട്ട് വില്ലേജിന്റെ മാതൃകയുമായെത്തിയത്.
മഴയുടെ തോത് വര്‍ധിക്കുന്നതിനനുസരിച്ച് ഗ്രാമത്തില്‍ സജ്ജീകരിച്ചിരിക്കുന്ന പ്രത്യേക കേന്ദ്രത്തിലേക്ക് സന്ദേശം ചെല്ലുന്നതാണ് ഒരു സംവിധാനം. ഈ അലര്‍ട്ട് ലഭിച്ചാലുടന്‍ ഗ്രാമത്തിനു സമീപം തയ്യാറാക്കിയിരിക്കുന്ന സുരക്ഷിതമായ കേന്ദ്രത്തിലേക്ക് ആളുകളെ മാറ്റും. കനത്ത മഴയില്‍ ഉരുള്‍പൊട്ടല്‍ പോലുള്ള പ്രതിഭാസങ്ങള്‍ക്കു സാധ്യതയുണ്ടെങ്കില്‍ ഇതും ഗ്രാമത്തിലെ പ്രത്യേക കേന്ദ്രത്തില്‍ സ്ഥാപിച്ചിരിക്കുന്ന സെന്‍സര്‍ തിരിച്ചറിയും. സെന്‍സറില്‍ നിന്നും അലര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് ഗ്രാമവാസികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിനുള്ള സൗകര്യമൊരുക്കും. കനത്ത മഴയില്‍ ഉയരമുള്ള പ്രദേശങ്ങളില്‍ നിന്നും ഒഴുകി വരുന്ന വെള്ളം പ്രത്യേക തട്ടുകളായി ഒഴുകുന്നതിനു സംവിധാനമുണ്ടാക്കിയിരിക്കുന്നു. ഇതുമൂലം വെള്ളം ഒരു നിശ്ചിത ശക്തിയില്‍ മാത്രമാണ് താഴേക്ക് ഒഴുകിയെത്തുന്നത്. ഗ്രാമത്തിലെ വൈദ്യുതോപകരണങ്ങളെല്ലാം സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന തരത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്. വൈദ്യുതിക്കായി സോളാറിനൊപ്പം കാറ്റാടി യന്ത്രവും സ്ഥാപിച്ചിരിക്കുന്നു. ഗ്രാമവാസികള്‍ക്കായുള്ള പച്ചക്കറിത്തോട്ടവും വളരെ ശ്രദ്ധാപൂര്‍വമാണ് ഒരുക്കിയിരിക്കുന്നത്. ഹൈടെക് കൃഷിക്കായി അത്യധുനിക രീതിയിലാണ് കൃഷിക്കായി സ്ഥലം ഒരുക്കിയിരിക്കുന്നത്. മലിന ജല സംസ്കരണത്തിനു പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കിയിരിക്കുന്നു. ബയോഗ്യാസ്, ഇവി ചാര്‍ജിംഗ് സ്റ്റേഷന്, ആശുപത്രികള്‍, ഹെലിപ്പാഡ് തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.
സ്മാര്‍ട്ട് ഗ്രാമത്തിന്റെ ഈ മാതൃക തങ്ങള്‍ക്ക് ഏറെ ആത്മവിശ്വാസം നല്‍കുന്നതായി ഇത് ഒരുക്കിയ ആര്യജിത്തും അഭിനന്ദനിയും പറഞ്ഞു. ആര്യജിത്തിന് കഴിഞ്ഞ വര്‍ഷം ജില്ലാ ശാസ്ത്ര മേളയില്‍ സമ്മാനം ലഭിച്ചിട്ടുണ്ട്. സയന്‍സ് മേഖലയില്‍ പഠനം നടത്തുന്നതിനാണ് താല്പര്യം. അഭിനന്ദിനിക്കാകട്ടെ മെഡിക്കല്‍ സയന്‍സ് ആണ് താല്പര്യം. പട്ടം സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഇന്നലെ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂള്‍ ശാസ്ത്രോത്സവത്തില്‍ ജില്ലയിലെ 12 ഉപജില്ലകളില്‍നിന്നായി അയ്യായിരത്തോളം വിദ്യാര്‍ഥികളാണ് പങ്കെടുക്കുന്നത്. ഇന്നു പ്രവൃത്തിപരിചയ മേള നടക്കും. തിരുവനന്തപുരം ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദര്‍ശിനി മേള ഉദ്ഘാടനംചെയ്തു.
Tags :