കത്തെഴുത്ത് മത്സരത്തിലേക്ക് അയയ്ക്കാൻ തയാറാക്കിയ കത്തുകളുമായി വിദ്യാർഥികൾ.
നെടുങ്കണ്ടം: തപാൽദിനത്തോടനുബന്ധിച്ചു ചെമ്മണ്ണാർ സെന്റ് സേവ്യേഴ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഭൂമിയമ്മയ്ക്കൊരു കത്ത് എന്ന പേരിൽ പ്രത്യേക പരിപാടി സംഘടിപ്പിച്ചു. പ്രകൃതിസ്നേഹവും പരിസ്ഥിതി സംരക്ഷണബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെ തപാൽവകുപ്പുമായി സഹകരിച്ചാണ് പരിപാടി നടത്തിയത്.
ഭൂമിയമ്മയെ അഭിസംബോധന ചെയ്ത് ഇൻലൻഡ് കത്തുകളിൽ വിദ്യാർഥികൾ പ്രകൃതിയോടുള്ള സ്നേഹവും ഭൂമിയുടെ ഇന്നത്തെ അവസ്ഥയെക്കുറിച്ചുള്ള ആശങ്കകളും പരിസ്ഥിതി സംരക്ഷണത്തിനുള്ള നിർദേശങ്ങളും പങ്കുവച്ചു. ഡിജിറ്റൽ യുഗത്തിൽ കൈയെഴുത്തിന്റെ സൗന്ദര്യവും കത്തുകളിലെ വൈകാരികതയും വീണ്ടെടുക്കുന്നതിനൊപ്പം പുതുതലമുറയിൽ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള അവബോധം വളർത്താനും പരിപാടി ലക്ഷ്യമിട്ടു.
വിദ്യാർഥികൾ തയാറാക്കിയ കത്തുകൾ തപാൽവകുപ്പിന്റെ ദേശീയ കത്തെഴുത്തു മത്സരമായ ധായ് അക്ഷർ 2026-27ലേക്ക് അയച്ചു. പരിപാടിയുടെ ഭാഗമായി സ്റ്റാമ്പുകൾ, എയർ മെയിൽ കവറുകൾ, പോസ്റ്റ് കാർഡുകൾ, മണിയോർഡർ ഫോമുകൾ, വിവിധതരം ഇൻലൻഡ് കത്തുകൾ എന്നിവയുടെ പ്രദർശനവും സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ എം.എ. അഗസ്റ്റ്യൻ, റെനി ജോസഫ് എന്നിവർ നേതൃത്വം നൽകി.
Tags : Postal Day NattuVishasham DistrictNews