പേരാവൂർ മണ്ഡലത്തിൽ വിജയിച്ച യുഡിഎഫ് സ്ഥാനാർഥിയും കെപിസിസി പ്രസിഡന്റുമായ സണ്ണി ജോസഫിന് ഇന്നലെ രാത്രി കണ്ണൂർ വിമാനത്താവളത്തിൽ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജിന്റെ നേതൃത്വത്ത
ഇരിട്ടി: പേരാവൂരിൽ നാലാംതവണയും സണ്ണി ജോസഫിന് വിജയം. എൽഡിഎഫിന്റെ കരുത്തയായ സ്ഥാനാർഥി കെ.കെ. ശൈലജയെ മണ്ഡലത്തിലെ എക്കാലത്തെയും വലിയ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയാണ് കെപിസിസി പ്രസിഡന്റിന്റെ തിളക്കമാർന്ന നേട്ടം.14453 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം.
വോട്ടെണ്ണലിന്റെ ആദ്യ രണ്ട് റൗണ്ട് ഒഴിച്ചാൽ ഒരു ഘട്ടത്തിലും വെല്ലുവിളി ഉയർത്താൻ കെ.കെ. ശൈലജയ്ക്ക് കഴിഞ്ഞില്ല.
മുൻ ആരോഗ്യമന്ത്രി എതിരാളിയായി എത്തിയതോടെ കരുത്തുറ്റ പോരാട്ടമായിരിക്കുമെന്ന പ്രവചനങ്ങളെ അസ്ഥാനത്താക്കുന്ന മുന്നേറ്റമാണ് സിപിഎമ്മിന്റെ കോട്ടകളിൽ പോലും സണ്ണി ജോസഫ് നടത്തിയത്. ജന്മനാട് കൂടിയായ പായം പഞ്ചായത്തിൽ പോലും സണ്ണിക്ക് വെല്ലുവിളി ഉയർത്താൻ ശൈലജയ്ക്കായില്ല. 3000 വോട്ടിന്റെ ഭൂരിപക്ഷം പ്രതീക്ഷിച്ച പായത്ത് 1011 വോട്ടിന്റെ മേൽക്കൈ നേടാനെ ശൈലജയ്ക്ക് കഴിഞ്ഞള്ളൂ. തുടർന്നുള്ള ഓരോ റൗണ്ടുകളിലും സണ്ണി കൃത്യമായ ഭൂരിപക്ഷം നിലനിർത്തി.
എൽഡിഎഫ് ഭരിക്കുന്ന ഇരിട്ടി നഗരസഭയിലും മുഴക്കുന്നിലും പേരാവൂരിലും കരുത്ത് കാട്ടിയതിനൊപ്പം യുഡിഎഫിന്റെ സ്വാധീന മേഖലകളായ കേളകത്തും കണിച്ചാറിലും കൊട്ടിയൂരിലും അയ്യൻകുന്നിലും ആറളത്തും വ്യക്തമായ ലീഡ് നിലനിർത്താൻ കഴിഞ്ഞതാണ് സണ്ണി ജോസഫിന് ചരിത്രവിജയം സമ്മാനിച്ചത്.
പതിനായിരം വോട്ട് തികയ്ക്കാൻ ഇത്തവണയും എൻഡിഎക്ക് കഴിഞ്ഞില്ല. ശക്തമായ പ്രചാരണ പരിപാടികളുമായി എൻഡിഎ സജീവമായിരുന്നുവെങ്കിലും 8020 വോട്ടാണ് ലഭിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സണ്ണിയുടെ ഭൂരിപക്ഷം 3172 വോട്ടായിരുന്നു. കഴിഞ്ഞ തവണ സിപിഎമ്മിലെ കെ.വി. സക്കീർ ഹുസൈൻ നേടിയതിൽ നിന്ന് 1847 വോട്ടുകൾ കുറവാണ് ഇത്തവണ ശൈലജക്ക് ലഭിച്ചത്. ആകെ പോൾ ചെയ്ത വോട്ടിൽ 9434 വോട്ടിന്റെ വർധന ഉണ്ടാക്കാനും സണ്ണിക്ക് കഴിഞ്ഞു. സിപിഎം കേന്ദ്രങ്ങളിലെ വോട്ട് ചോർച്ചയാണ് കെ.കെ. ശൈലജയ്ക്ക് വൻ തിരിച്ചടിയായത്.
എൽസി ജോസഫാണ് സണ്ണി ജോസഫിന്റെ ഭാര്യ. മക്കൾ: ആശ റോസ് (സഹകരണ ബാങ്ക് കോഴിക്കോട്) ഡോ. അഞ്ജുറോസ് (കോഴിക്കോട് മെഡിക്കൽ കോളേജ്) മരുമകകൾ: പ്രകാശ് മാത്യു(ബിസിനസ്) ഡോ. സാൻസ് ബൗസിലി (റേഡിയോളജിസ്റ്റ്).
Tags : Sunny Joseph nattuvishesham local news