ആലത്തൂർ: പുതുതായി വാങ്ങിയ എയർകണ്ടീഷനിലെ തകരാർ പരിഹരിച്ചു നൽകിയില്ലെന്ന പരാതിയിൽ നന്നാക്കി നൽകുകയോ അല്ലെങ്കിൽ വിലയും പലിശയും കേസുചെലവും നൽകാൻ പാലക്കാട് ജില്ലാ ഉപഭോക്തൃ തർക്ക രിഹാര കമ്മീഷൻ ഉത്തരവിട്ടു.
ആലത്തൂർ റസ്റ്റ് ഹൗസിനുസമീപം അബ്ദുൽ ഹക്കീം നൽകിയ പരാതിയിലാണ് വി. വിനയ് മേനോൻ പ്രസിഡന്റും, എ. വിദ്യ, എൻ.കെ. കൃഷ്ണൻകുട്ടി എന്നിവർ അംഗങ്ങളുമായുള്ള ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ ഉത്തരവിട്ടത്.
കഴിഞ്ഞവർഷം നവംബർ30ന് 31,000 രൂപ വിലവരുന്ന പുതിയ എയർ കണ്ടിഷൻ പാലക്കാട്ടെ സ്ഥാപനത്തിൽനിന്ന് വാങ്ങിയിരുന്നു. ഉപയോഗത്തിലിരിക്കെ തകരാർ കാണിച്ചുതുടങ്ങി. ഇതു പല പ്രാവശ്യം അറിയിച്ചിട്ടും നന്നാക്കി കൊടുത്തില്ല.
ഇതിനെ തുടർന്ന് ഹക്കിം ആലത്തൂരിലെ ഫോറം ഫോർ കൺസ്യൂമർ ജസ്റ്റീസിന്റെ സഹായം തേടി. . കൺസ്യൂമർ ജസ്റ്റീസ് പ്രശ്നം പരിഹരിക്കാൻ അഭ്യർഥിച്ചെങ്കിലും എതിർ കക്ഷികൾ തയാറായില്ല. തുടർന്നാണ് കമ്മീഷനിൽ പരാതി നൽകിയത്.