കുട്ടമ്പുഴ പൂയംകുട്ടി പുഴയില്‍ കണ്ടെത്തിയ കാട്ടാനയുടെ ജഡം.
കോതമംഗലം:കുട്ടമ്പുഴ പൂയംകുട്ടി പുഴയില്‍ കാട്ടാനയുടെ ജഡം കണ്ടെത്തി. പുഴയില്‍ ശക്തമായ ഒഴുക്ക് കാരണം ജഡം കരയ്ക്കടിപ്പിക്കാനായില്ല. ഉദേശം 20 വയസ് തോന്നിക്കുന്ന കൊമ്പനാനയുടെ ജഡമാണെന്നാണ് നിഗമനം.
ജഡത്തിന് ആറു ദിവസത്തെ പഴക്കം കണക്കാക്കുന്നു. ആനയുടെ മസ്തകത്തില്‍ കൊമ്പുരണ്ടും ഉണ്ടായിരുന്നില്ല. മണികണ്ഠന്‍ചാല്‍ ചപ്പാത്തില്‍നിന്നും ഉദേശം അര കിലോമീറ്റര്‍ മാറി കണ്ടംപാറ ഭാഗത്ത് പുഴക്ക് നടുവിലെ പാറയിലാണ് ജഡം കിടന്നിരുന്നത്.
ഇന്നലെ രാവിലെയാണ് പുഴയുടെ നടുഭാഗത്ത് പാറയില്‍ തങ്ങിയനിലയില്‍ ജഡം കിടക്കുന്നത് കണ്ടത്. പീണ്ടിമേട് വെള്ളച്ചാട്ടത്തിന് മുകളില്‍നിന്ന് മലവെള്ളപ്പാച്ചില്‍ ഒഴുകിയെത്തിയതാവാനാണ് സാധ്യതയെന്ന് വനം അധികൃതര്‍ പറഞ്ഞു.
വനപാലകര്‍ ജഡം കരയ്ക്കെത്തിക്കാന്‍ നടത്തിയ ശ്രമം വിഫലമായി. ഉച്ചയോടെ അഗ്നി രക്ഷാസേന എത്തി വടംകെട്ടി പുഴയില്‍ ഇറങ്ങി ആനയ്ക്ക് സമീപത്ത് എത്തിയെങ്കിലും ശക്തമായ മഴയും കുത്തൊഴുക്കും കാരണം വലിച്ച് കരയ്ക്കെത്തിക്കാനായില്ല.
മൂന്നു ദിവസമായി ശക്തമായ മഴ കാരണം പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നിരിക്കുന്നതും ഒഴുക്കും ദൗത്യത്തിന് വെല്ലുവിളിയായത്. മണിക്കൂറുകള്‍ ശ്രമം നടത്തി. ആനയെ വലിച്ച് നീക്കാന്‍ തുടങ്ങിയപ്പോഴേക്കും പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചില്‍ കാരണം ഇന്നലെ വൈകിട്ട് 6.30 ഓടെ ദൗത്യം നിര്‍ത്തിവയ്ക്കുകയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു.
സ്റ്റേഷന് ഓഫീസര്‍ മുഹമ്മദ് അജ്മല്‍ ഷാ, അസിസ്റ്റന്റ് ഓഫീസര്‍ സതീഷ് ജോസ്, സീനിയര്‍ ഫയര്‍ ഓഫീസര്‍ സിദ്ദിഖ് ഇസ്മയില്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ദൗത്യം . ഇന്ന് രാവിലെ ആനയെ കരകയറ്റാനുള്ള ദൗത്യം പുനരാരംഭിക്കും.
Tags : Local News Nattuvishesham Ernakulam