പട്ടിമറ്റം അത്താണിക്ക് സമീപം പെരിയാർവാലി കനാലിൽ വീണ ബൈക്ക് യാത്രികനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തിയപ്പോൾ.
പട്ടിമറ്റം: ലോറിക്ക് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ട ഇരുചക്ര വാഹനവും യുവാവും പെരിയാര് വാലി കനാലിലേക്ക് വീണു. പട്ടിമറ്റം അത്താണിക്ക് സമീപം വൈകിട്ട് 4.30 ഓടെയായിരുന്നു അപകടം. വലമ്പൂര് മേക്കാട്ടുമോളില് അനൂപാണ് അപകടത്തില്പ്പെട്ടത്. എതിരേ വന്ന ലോറിക്ക് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് യുവാവിനൊപ്പം കനാലിലേക്ക് മറിയുകയായിരുന്നു.
അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തിയ പട്ടിമറ്റം അഗ്നിരക്ഷാനിലയം സ്റ്റേഷന് ഓഫീസര് എന്.എച്ച്. അസൈനാരിന്റെ നേതൃത്വത്തിലുള്ള സേനാംഗങ്ങളും നാട്ടുകാരും ചേര്ന്ന് യുവാവിനെ സുരക്ഷിതമായി പുറത്തെടുത്തു. തുടര്ന്ന് അഗ്നിരക്ഷാസേനയുടെ ആംബുലന്സില് ആശുപത്രിയിലെത്തിച്ചു.
കനാലില് വെള്ളമുണ്ടായിരുന്നതിനാല് യുവാവ് ഗുരുതര പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. കനാലില് വീണ ബൈക്കും അഗ്നിരക്ഷാസേന പുറത്തെടുത്തു. രക്ഷാപ്രവര്ത്തനത്തില് സേനാംഗങ്ങളായ ബാലചന്ദ്രന്, കെ.എം. ബിബി, രതീഷ്, അക്ഷയ് ബാലകൃഷ്ണന്, അക്ഷയ് ബാബു, അനില്കുമാര്, അഖില് ദേവ്, അനു, പ്രദീപ് രാമചന്ദ്രന് എന്നിവരും നാട്ടുകാരും പങ്കെടുത്തു.
Tags : NattuVishesham DistrictNews