എടത്വ: അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയില്‍ കെഎസ്ആര്‍ടിസി ബസ് റൂട്ട് മാറ്റത്തിനുള്ള നീക്കം പിന്‍വലിക്കണമെന്ന് കുട്ടനാട് നേച്ചര്‍ സൊസൈറ്റി ആവശ്യപ്പെട്ടു.
റൂട്ടില്‍ നിലവില്‍ ഓടിക്കൊണ്ടിരിക്കുന്ന ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ്, അന്തര്‍ സംസ്ഥാന ബസുകള്‍ എന്നിവയുടെ റൂട്ട് മാറ്റാനുള്ള നീക്കമാണ് അധികൃതര്‍ നടത്തുന്നത്. തീരദേശ പാതയും മലനാടുമായി ബന്ധിപ്പിക്കുന്ന റൂട്ടിന് ഏഴ് പതിറ്റാണ്ടുകള്‍ പഴക്കമുണ്ട്.
ദിവസേന ആയിരക്കണക്കിന് യാത്രക്കാര്‍ ആശ്രയിക്കുന്ന റൂട്ടില്‍ നിന്ന് കെഎസ്ആര്‍ടിസി കളക്ഷന്‍ ഇനത്തില്‍ കോടികളാണ് പ്രതിമാസം ലഭിക്കുന്നത്. സ്വകാര്യ ബസുകള്‍ക്ക് റൂട്ട് പെര്‍മിറ്റ് നല്‍കാതെയാണ് കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്തുന്നത്. കൂടാതെ ദക്ഷിണേന്ത്യയിലെ പ്രധാന തീര്‍ഥാടന കേന്ദ്രമായ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, എടത്വ സെന്റ് ജോര്‍ജ് ഫൊറോന പള്ളി, ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രം, അമ്പലപ്പുഴ, എടത്വ കോളേജ് ഉള്‍പ്പെടെ നൂറുകണക്കിന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തൊഴില്‍ അതിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ബാങ്കുകൾ, കച്ചവട സ്ഥാപനങ്ങള്‍ എന്നിവയും ഈ റൂട്ടിനോടു ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്.
വിദ്യാര്‍ഥികൾ, അധ്യാപകര്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ജീവനക്കാർ, തൊഴിലാളികള്‍ എന്നിവര്‍ ആശ്രയിക്കുന്ന സംസ്ഥാന പാതയിലാണ് റൂട്ട് മാറ്റത്തിനുള്ള നീക്കം നടക്കുന്നത്.
സംസ്ഥാന പാതയിലെ തിരക്ക് നിയന്ത്രിക്കാന്‍ കൂടുതല്‍ ബസ് സര്‍വീസ് ആവശ്യമായിരിക്കെയാണ് റൂട്ടുമാറ്റാനുള്ള നിക്കം അധികൃതര്‍ തകൃതിയില്‍ നടത്തുന്നത്.
കെഎസ്ആര്‍ടിസിയുടെ നീക്കം ഉപേക്ഷിച്ച് കൂടുതല്‍ സര്‍വ്വീസ് നടത്താനുള്ള നടപടി സ്വീകരിക്കണമെന്ന് കൂട്ടനാട് നേച്ചര്‍ സൊസൈറ്റി പ്രതിഷേധ യോഗത്തില്‍ ആവശ്യപ്പെട്ടു.
ജയന് ജോസഫ് പുന്നപ്ര, അഡ്വ.വിനോദ് വര്‍ഗിസ്, ജോണ്സണ് വി. ഇടിക്കുള, ബില്‍ബി മാത്യു കണ്ടത്തിൽ, ജേക്കബ് സെബാസ്റ്റ്യന്‍, നിതീഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
Tags : bus route nattuvishesham local news