തൃശൂർ: ആഴ്ചകൾ നീണ്ട രാഷ്ട്രീയപൂരത്തിനു വോട്ടെടുപ്പോടെ താത്കാലിക പരിസമാപ്തി. ഇനിയാണു യഥാർഥപൂരം. നഗരം ഇനി തൃശൂർപൂരത്തിന്റെ തിരക്കിലേക്ക്.
പാർട്ടിപ്രവർത്തകരും നേതാക്കളും തെരഞ്ഞെടുപ്പാനന്തര പ്രവർത്തനങ്ങളിലേക്കുനീങ്ങുന്പോൾ ഇത്രനാൾ തീപാറുന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനു വേദിയായ നഗരം തൃശൂർപൂരത്തിനു സജ്ജമാകുകയാണ്. 20നു പൂരം കൊടിയേറും. 24നു സാന്പിൾവെടിക്കെട്ടും 26നു പൂരവും നടക്കും.
ലോകശ്രദ്ധയാകർഷിച്ച പൂരത്തിനു വരവേൽപ് നൽകാൻ മുഖ്യക്ഷേത്രങ്ങളായ തിരുവന്പാടിയും പാറമേക്കാവും തയാറെടുക്കുന്നതിനൊപ്പം പൂരത്തിന്റെ ഘടകക്ഷേത്രങ്ങളിൽ അനുബന്ധചടങ്ങുകളും ശുചീകരണവും അലങ്കാരപ്പണികളും പുരോഗമിക്കുകയാണ്.
പൂരവുമായി ബന്ധപ്പെട്ട് വ്യാപാരവാണിജ്യമേഖലയും ചൂടുപിടിച്ചുതുടങ്ങി. നാട്ടാനകളെ ലഭ്യമല്ലാത്തതാണ് ഇത്തവണത്തെ പ്രധാന പ്രശ്നം.
പൂരപ്പന്തലുകൾ ഉയരുന്നു.
തൃശൂർപൂരത്തിന്റെ വരവറിയിച്ചു പാറമേക്കാവ് വിഭാഗത്തിന്റെ പന്തലിന്റെ കാൽനാട്ടുകർമം നടന്നു. സ്വരാജ് റൗണ്ടിലെ മണികണ്ഠനാലിൽ മൂന്നുനിലപ്പന്തലിന്റെ നിർമാണം തുടങ്ങി.
42 അടി വീതിയിൽ നൂറടി ഉയരത്തിലാണു പൂരപ്പന്തൽ നിർമിക്കുന്നത്. ഒന്നരലക്ഷം ബൾബുകൾ കത്തുന്ന ഡിജിറ്റൽ എൽഇഡി സംവിധാനത്തോടെയുള്ള പന്തലാണു പണിതീരുക. തിരുവന്പാടി വിഭാഗത്തിന്റെ പന്തലുകൾക്ക് ഇന്നു കാൽനാട്ടും. സ്വരാജ് റൗണ്ടിൽ നടുവിലാലിലും നായ്ക്കനാലിലുമാണ് പന്തലുകൾ ഒരുങ്ങുന്നത്. ഇന്നു രാവിലെ 10.45നും 11.45നും ഇടയിലാണു കാൽനാട്ട്.
ഉത്സവലഹരിയിൽ
പൂരപ്രദർശനം
പൂരത്തിനു മുന്നോടിയായി ആരംഭിച്ച പൂരപ്രദർശനത്തിൽ ദിനംപ്രതി നൂറുകണക്കിനാളുകളാണ് എത്തുന്നത്. വിവിധ വ്യാപാരസ്ഥാപനങ്ങളുടെയും ചെറുകിടവ്യാപാരികളുടെയും സ്വയംതൊഴിൽ സംരംഭങ്ങളുടെയും സ്റ്റാളുകളിൽ ഉത്പന്നങ്ങളുടെ വിൽപന തകൃതിയാണ്.
ഗൃഹോപകരണങ്ങൾ, വസ്ത്രങ്ങൾ, കളിപ്പാട്ടങ്ങൾ, ഭക്ഷണപദാർഥങ്ങൾ എന്നിവ ഉൾപ്പെടെ വൈവിധ്യമാർന്ന ഉത്പന്നങ്ങളാണ് പ്രധാന ആകർഷണം. വർണാഭമായ ലൈറ്റിംഗും പ്രദർശനനഗരിക്കു ശോഭ പകരുന്നു.
Tags : nattu vishesham national capital lowere Thrissurpuram.