ഞാറക്കൽ പൊലിസ് സ്റ്റേഷൻ.
വൈപ്പിൻ: ഞാറക്കൽ പൊലിസ് സ്റ്റേഷനിൽ ആവശ്യത്തിന് പൊലിസ് ഉദ്യോഗസ്ഥർ ഇല്ലാത്തതിനാൽ ഉള്ളവർക്ക് ഇരട്ടി ജോലിഭാരവും പൊലിസിനു നേരെ ക്രിമിനൽ സംഘങ്ങൾ അക്രമം അഴിച്ചുവിടുന്നതും നാട്ടുകാരിൽ ആശങ്ക ഉണർത്തുകയാണ്. ഈ അടുത്ത് എളങ്കുന്നപ്പുഴയിൽ ബസ് ഡ്രൈവറെ വധിക്കാനുള്ള ഗുണ്ടാ സംഘത്തിന്റെ ശ്രമം തടഞ്ഞ ഞാറക്കൽ സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്ഐയെയും സിപിഒയെയും ഗുണ്ടകൾ കത്തിക്കു കുത്തിയും വടികൊണ്ട് തലയ്ക്കടിച്ചും കൊല്ലാൻ ശ്രമിച്ച സംഭവം ചൂണ്ടിക്കാട്ടിയാണ് നാട്ടുകാർ ആശങ്ക പങ്കുവയ്ക്കുന്നത്.
ഗുണ്ടാസംഘം ഒരാളെ ആക്രമിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതായി അറിഞ്ഞ പൊലിസ് സ്റ്റേഷനിൽ നിന്ന് ആകെ പോകാൻ ഉണ്ടായിരുന്നത് എസ്ഐയും ഒരു സിപിഒയും മാത്രമായിരുന്നു. അന്ന് നാട്ടുകാർ ഇടപെട്ട് ഗുണ്ടകളെ കൈകാര്യം ചെയ്തതുകൊണ്ട് മാത്രമാണ് പൊലിസുകാരുടെ ജീവൻ നഷ്ടപ്പെടാതിരുന്നത്.
ഇതാണ് ഞാറക്കൽ സ്റ്റേഷനിലെ നിലവിലെ അവസ്ഥ. ഈ സാഹചര്യത്തിൽ പൊലിസിനു പോലും സുരക്ഷയില്ലാത്ത നാട്ടിൽ സാധാരണക്കാരന് എങ്ങനെ സമാധാനമായി ജീവിക്കാൻ കഴിയുമെന്നാണ് നാട്ടുകാരുടെ ചോദ്യം.
മതിയോ? ഒന്നര ലക്ഷം പേർക്ക് 30 പൊലിസ്
ആലുവ റൂറൽ ജില്ലയിലെ മുനമ്പം സബ് ഡിവിഷനിൽപെട്ട ഞാറക്കൽ പൊലിസ് സ്റ്റേഷനിൽ ആകെ 30 പൊലിസ് ഉദ്യോഗസ്ഥർ ഉള്ളതായാണ് കണക്ക്. എന്നാൽ കുറഞ്ഞത് 50 പേരെങ്കിലും ഉണ്ടെങ്കിലേ ദൈനംദിന പ്രവർത്തനങ്ങൾ സുഗമമായി മുന്നോട്ടുകൊണ്ടുപോകാൻ കഴിയൂ എന്നാണ് പൊലിസുകാരുടെ പറയുന്നത്.
എളങ്കുന്നപ്പുഴ പഞ്ചായത്തിലെ കാളമുക്ക് മുതൽ വടക്കോട്ടുള്ള ഭാഗവും ഞാറക്കൽ, നായരമ്പലം, എടവനക്കാട് എന്നീ പഞ്ചായത്തുകൾ പൂർണമായും ഉൾപ്പെട്ടതാണ് ഞാറക്കൽ പൊലിസ് സ്റ്റേഷന്റെ പരിധി. ഒന്നര ലക്ഷത്തിലേറെ ജനങ്ങൾ ഇവിടെ താമസിക്കുന്നുണ്ട്.
ഇല്ല, രണ്ടു മാസമായി സിഐ
ഇത്രയും വലിയ പ്രശ്നങ്ങൾ ഉള്ള ഞാറക്കൽ പൊലിസ് സ്റ്റേഷനിൽ രണ്ടു മാസമായി സർക്കിൾ ഇൻസ്പെക്ടർ ഇല്ല എന്നത് ശ്രദ്ധേയമാണ്. പുതിയ ആൾ ചാർജ് എടുക്കാതെ വന്നതോട പകരക്കാരനെ വച്ചാണ് ഇപ്പോൾ ഔദ്യോഗിക കാര്യങ്ങൾ നീങ്ങുന്നത്. 1200 ൽപരം കേസുകളാണ് ഒരു വർഷം ഇവിടെ രജിസ്റ്റർ ചെയ്യുന്നത്. ഇതിൽ ലഹരി ഉപയോഗം, ലഹരി കടത്ത്, വധശ്രമം, അടിപിടി, കുടുംബവഴക്കുകൾ, മോഷണം എന്നീ കേസുകളാണ് ഭൂരിഭാഗവും.
ഇങ്ങനെയുള്ള ഒരു സ്റ്റേഷനിലാണ് 30 പേരെ വച്ചുള്ള പൊലിസിന്റെ പ്രവർത്തനം. അതും 30 എന്നത് കടലാസിലുള്ള കണക്ക് മാത്രമാണ്. ഇതിൽ ഈയടുത്ത് ഗുണ്ടകളുടെ ആക്രമണത്തിന് ഇരയായ പ്രിൻസിപ്പൽ എസ്ഐയും പൊലിസുകാരനും ഉൾപ്പടെ ഏഴോളം പേർ ഇപ്പോൾ മെഡിക്കൽ ലീവിലാണ്.
ബാക്കിയുള്ളവരെ വച്ചാണ് കോടതി ഡ്യൂട്ടി, പാസ്പോർട്ട് വെരിഫിക്കേഷൻ, പാറാവു ഡ്യൂട്ടി, കേസ് എഴുത്ത്, ജിഡി ചാർജ്, സ്റ്റുഡന്റ് പൊലിസ് കേഡറ്റ് ഡ്യൂട്ടി, ട്രാഫിക് ഡ്യൂട്ടി, വിഐപി ഡ്യൂട്ടി, കേസ് അന്വേഷണം, പട്രോളിംഗ്, കൺട്രോൾ റൂം വെഹിക്കിൾ ഡ്യൂട്ടി, ഓപ്പറേഷൻ തൂഫാൻ, ഓപ്പറേഷൻ തണ്ടർ, ഓപ്പറേഷൻ പി ഹണ്ട്, കടലോര ജാഗ്രതാ സമിതി പ്രവർത്തനങ്ങൾ തുടങ്ങിയ ജോലികൾ എല്ലാം ചെയ്തുപോകുന്നത്.
ഏറെയാണ് മാനസിക സമ്മർദം
അധിക ജോലിഭാരം മൂലം പല പൊലിസുകാരും ഇവിടെ കടുത്ത മാനസിക സമ്മർദത്തിലാണ്. പകലന്തിയോളം വിശ്രമമില്ലാതെ ജോലി നോക്കുന്ന ഇവർക്കൊക്കെ രോഗഭീഷണിയും കുടുംബ പ്രശ്നങ്ങളും ഏറെ. ഇതിനിടയിലാണ് ഇപ്പോൾ സുരക്ഷാ ഭീഷണിയും.
രാത്രിയായാൽ പല ദിവസങ്ങളിലും സ്റ്റേഷനിൽ എസ്ഐയും പാറാവുകാരനും ജിഡി ചാർജുകാരനും മാത്രമേ ഉണ്ടാകുകയുള്ളൂ. ഇതുമൂലം സുരക്ഷയെ കരുതി ഗുണ്ടകളെയും മറ്റും അറസ്റ്റ് ചെയ്യുമ്പോൾ പൊലിസ് രാത്രികാലങ്ങളിൽ സ്റ്റേഷനിലെ സെല്ലിൽ ഇടാതെ അപ്പോൾ തന്നെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കുകയാണ് ചെയ്യാറുള്ളത്.
വേണം പുതിയ സ്റ്റേഷൻ
എളങ്കുന്നപ്പുഴ പഞ്ചായത്തിനെ റൂറലിൽ നിന്നു പൂർണമായും എറണാകുളം സിറ്റി പൊലിസിന്റെ പരിധിയിലാക്കുകയോ എളങ്കുന്നപ്പുഴയിൽ ഒരു പുതിയ പൊലിസ് സ്റ്റേഷൻ സ്ഥാപിക്കുകയോ ചെയ്താൽ ഞാറക്കൽ സ്റ്റേഷന് ആശ്വാസമാകുമെന്നാണ് വിദഗ്ധ അഭിപ്രായം.
പുതിയ സ്റ്റേഷൻ നിർമിക്കാൻ മാലിപ്പുറം വില്ലേജ് ഓഫിസ് പരിസരത്ത് ആഭ്യന്തര വകുപ്പിന്റെ വക സ്ഥലം ഉണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. അതല്ലെങ്കിൽ നായരമ്പലത്തിനും എടവനക്കാടിനും മാത്രമായി ഒരു പുതിയ പൊലിസ് സ്റ്റേഷൻ സ്ഥാപിച്ചാലും പ്രശ്നത്തിനു പരിഹാരമാകും.
Tags :