ആറ്റിങ്ങൽ: മേൽ കടയ്ക്കാവൂർ പാറയിൽ കടവിൽ പാലം നിർമാണം പ്രഖ്യാപനത്തിൽ ഒതുങ്ങി. ചിറയിൻകീഴ് പഞ്ചായത്തിലെ മേൽക്കടയ്ക്കാവൂർ, തിനവിള, കീഴാറ്റിങ്ങൽ , കിഴുവിലം പഞ്ചായത്തിലെ അയന്തിക്കടവ്, തോട്ടവാരം തുടങ്ങിയ പ്രദേശങ്ങളെ ബന്ധിപ്പിച്ചു കൊണ്ട് വാമനപുരം നദിക്ക് കുറുകെ പാറയിൽ കടവിൽ പാലം നിർമിക്കണമെന്നത് നാട്ടുകാരുടെ ദീർഘകാലമായുള്ള ആവശ്യമാണ്.
പഞ്ചായത്ത് ഭരണ സമിതിയുടെ ആവശ്യം കൂടി പരിഗണിച്ച് ഒരു വർഷം മുൻപ് കിഫ്ബിയിൽ നിന്ന് 10 കോടി രൂപ വകയിരുത്തി. പിഡബ്ല്യുഡി ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തിയെങ്കിലും പാലം നിർമാണം ഇനിയും ആരംഭിക്കാനായിട്ടില്ല.
കിഴുവിലം പഞ്ചായത്തിന്റെ അതിർത്തി പങ്കിടുന്ന അയന്തിക്കടവ് ഭാഗത്ത് നിന്ന് 50 മീറ്റർ സ്വകാര്യ വസ്തു ഏറ്റെടുക്കുന്നതിലുള്ള തടസമാണ് പാലം നിർമാണം അനിശ്ചിതമായി വൈകുന്നത്.
നിലവിൽ ഈ ഭാഗങ്ങളിലുള്ളവർ യാത്രക്കായി കടത്തു വള്ളത്തെയാണ് ആശ്രയിക്കുന്നത്. മഴക്കാലത്ത് നദിയിലെ ഒഴുക്ക് ശക്തമാകുന്നതോടെ വള്ളം തുഴയാനാകാതെയാകും.
മേൽകടയ്ക്കാവൂർ - പഴഞ്ചിറ എന്നീ വാർഡുകൾ വാമനപുരം നദിയുടെ മറുകരയിലാണ്. പാലം യാഥാർഥ്യമായാൽ ഈ വാർഡുകളിലുള്ളവർക്ക് എളുപ്പം ചിറയിൻകീഴിലെ വലിയ കടയിലെത്താം.
കൊല്ലമ്പുഴ വഴിയും മേൽകടയ്ക്കാവൂർ മേൽപ്പാലം വഴി മണിക്കൂറുകൾ യാത്ര ചെയ്താണ് ആളുകൾ ചിറയിൻകീഴിലെത്തുന്നത്.
പാലം യഥാർഥ്യമായാൽ കീഴാറ്റിങ്ങൽ, തിനവിള, മേൽകടയ്ക്കാവൂർ ഭാഗങ്ങളിലുള്ളവർക്ക് ചിറയിൻകീഴ് വലിയകട ബൈപ്പാസിലെത്താം. ബൈപ്പാസ് വഴി കണിയാപുരത്ത് എത്തി തിരുവനന്തപുരത്തേക്ക് പോകാനും ചിറയിൻകീഴ് നിന്ന് വക്കം, വർക്കല ഭാഗങ്ങളിലേക്കും പോകുന്നതിനും കൂടുതൽ സൗകര്യപ്രദമാകും. ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് തടസങ്ങൾ നീക്കി പാലം നിർമാണം ഉടൻ ആരംഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.