ചമ്പക്കുളം: കുട്ടനാട് താലൂക്ക് ആസ്ഥാനം സ്ഥിതിചെയ്യുന്ന ചമ്പക്കുളം ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ തെക്കേക്കര 503 സൊസൈറ്റി മുതൽ സിവിൽ സ്റ്റേഷൻ വരെയുള്ള ആറ്റുതീരം വഴി നിലവിൽ സഞ്ചാരയോഗ്യമല്ല, തെക്കേക്കര 503 സൊസൈറ്റി മുതൽ പഴയ കുട്ടനാട് എസ്എൻഡിപി യൂണിയൻ ഓഫീസ് വരെയുള്ള പഞ്ചായത്ത് റോഡിൽ മെറ്റൽ ഇളകി കിടക്കുന്നതിനാലും മഴക്കാലം ആരംഭിച്ചതോടുകൂടി വഴിയിൽ മിക്കയിടത്തും വെള്ളം കെട്ടിക്കിടക്കുന്നതിനാലും ഇരുചക്ര വാഹനയാത്ര പോലും ദുഷ്കരമാണ്.
പഴയ എസ്എൻഡിപി യൂണിയൻ ഓഫീസ് മുതൽ സിവിൽ സ്റ്റേഷൻ വരെയുള്ള വഴിയിൽ പുല്ലും കുറ്റിച്ചെടികളും മരങ്ങളും വളർന്നു കാടുപിടിച്ചു കിടക്കുന്നതിനാൽ ഇതുവഴി കാൽനടയാത്ര പോലും ദുഷ്കരമാണ്. നിലവിൽ കൽക്കെട്ടിലൂടെ പോലും നടക്കാൻ കഴിയില്ല. ഇഴജന്തുക്കളുടെ ശല്യം ഉള്ളതിനാൽ പലപ്പോഴും ഇതുവഴിയുള്ള യാത്ര പലരും ഒഴിവാക്കുകയാണ്.
പഴയ എസ്എൻഡിപി ഓഫീസ് പരിസരത്തുള്ളവർ ഇപ്പോൾ സൊസൈറ്റി റോഡിൽ എത്തി ചുറ്റിക്കറങ്ങി എസി റോഡ് വഴിയാണ് സിവിൽ സ്റ്റേഷനിൽ എത്തുന്നത്.
300 മീറ്റർ ദൂരം സഞ്ചരിക്കേണ്ട സ്ഥാനത്ത് ചുറ്റിക്കറങ്ങി ഒന്നര കിലോ മീറ്ററിൽ അധികം സഞ്ചരിക്കേണ്ട സ്ഥിതിയാണ് നിലവിലുള്ളത്. ആയതിനാൽ ഈ വഴിയിലൂടെ വാഹനഗതാഗതം ഉൾപ്പെടെ സാധ്യമാകുന്ന തരത്തിൽ നവീകരിക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് ചമ്പക്കുളം വികസന സമിതി ആവശ്യപ്പെട്ടു.
പ്രസിഡന്റ് ഡി. തങ്കച്ചന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി അഗസ്റ്റിൻ ജോസ് പ്രമേയം അവതരിപ്പിച്ചു. ട്രഷറർ കെ.കെ. ശശിധരൻ, കെ.പി. ബാബു, എ.എസ്. സിന്ധുമോൾ, കെ. മുരളി, ബി. ഹരികുമാർ, രാജു കോലപ്പള്ളി എന്നിവർ പ്രസംഗിച്ചു.