വൈക്കം: വൈക്കത്തെ രാജ്യത്തെ ആദ്യ മാതൃകാ സോളാർ സ്റ്റേഷനാക്കാൻ കൊണ്ടുവന്ന സോളാർ ബോട്ടുകൾ പിറ്റേന്ന് കാണാനില്ല. ഉദ്ഘാടനത്തിനുശേഷം നിലവിലെ ഡീസൽ ബോട്ടുകൾ മാറ്റി സോളാർ ബോട്ടുകൾ മാത്രം സർവീസ് നടത്തുമെന്ന മന്ത്രിയുടെ ഉൾപ്പെടെ വാഗ്ദാനം ജലരേഖയാക്കിയാണ് സോളാർ ബോട്ടുകൾ കടവത്തുനിന്ന് നീക്കിയത്.
സോളാർ വൈദ്യുതിക്ക് പുറമെ സ്റ്റേഷനിൽ നിന്ന് ബോട്ടുകൾ ചാർജ് ചെയ്യാനുളള സംവിധാനം ഒരുക്കുകയും ജീവനക്കാർക്ക് പരിശീലനം നൽകുകയും വേണമെന്നാണ് അധികൃതർ ഇപ്പോൾ പറയുന്നത്. സാങ്കേതികമായ കാര്യങ്ങൾ ചെയ്തുതീർക്കാനുണ്ടെന്ന കാര്യം ഉദ്ഘാടന സമയത്ത് അധികൃതർക്ക് അറിയിക്കാമായിരുന്നു.
സാങ്കേതികമായ പ്രശ്നങ്ങൾ പരിഹരിക്കാതെ വളരെ ആഘോഷമായി ഉദ്ഘാടനം നടത്തിയത് തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു.