തീവയ്പുണ്ടായതിനെ തുടര്ന്ന് എറണാകുളം മാര്ക്കറ്റിലെ കടവുഭാഗം സിനഗോഗിന് മുന്നില് പോലീസ് സുരക്ഷ ഏര്പ്പെടുത്തിയപ്പോള്.
കൊച്ചി: കൊച്ചിയുടെ പൈതൃകമണ്ണില് നൂറ്റാണ്ടുകള് പഴക്കമുള്ള ജൂതപാരന്പര്യം കാത്തുസൂക്ഷിക്കുന്ന സ്മാരകങ്ങളിലൊന്നിനു നേരെയാണ് പോലീസ് തീവ്രവാദബന്ധം സംശയിക്കുന്ന തീവയ്പു ശ്രമമുണ്ടായത്. വാണിജ്യനഗരത്തില് അവശേഷിക്കുന്ന ജൂതസമൂഹത്തിന്റെ മതപരവും സാംസ്കാരികവുമായ ജീവിതത്തിന്റെ അടയാളമായ എറണാകുളം മാര്ക്കറ്റ് റോഡിലെ കടവുഭാഗം സിനഗോഗിനു സമീപമുണ്ടായ തീവയ്പ്, ഈ ആരാധനാലയത്തിന്റെ സുരക്ഷയും ചരിത്രസ്മാരകങ്ങളുടെ സംരക്ഷണവും സംബന്ധിച്ച ചര്ച്ചകള്ക്കു കൂടിയാണ് തുടക്കമിടുന്നത്.
തലമുറകളിലൂടെ കൈമാറിയ വാസ്തുശൈലിയും ആചാരപാരമ്പര്യങ്ങളും ഈ ആരാധനാലയത്തിന്റെ ചരിത്രപ്രാധാന്യം വര്ധിപ്പിക്കുന്നുണ്ട്. ജൂതസമൂഹത്തിലെ വലിയൊരു വിഭാഗം ഇസ്രായേലിലേക്ക് കുടിയേറിയതോടെ ഇത്തരം പൈതൃകകേന്ദ്രങ്ങളുടെ പരിപാലനം കൂടുതല് വെല്ലുവിളി നിറഞ്ഞതായി.
ജൂതചരിത്രത്തിന്റെ അടയാളം
കടവുഭാഗം സിനഗോഗിന് നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്. 13ാം നൂറ്റാണ്ടില് കൊടുങ്ങല്ലൂര് ഭാഗത്ത് സ്ഥാപിച്ചതായി കരുതപ്പെടുന്ന സിനഗോഗ് പിന്നീട് 18ാം നൂറ്റാണ്ടിന്റെ തുടക്കത്തില് ഇപ്പോഴത്തെ സ്ഥലത്തേക്ക് മാറ്റുകയായിരുന്നു. മലബാര് ജൂതസമൂഹത്തിന്റെ മതപരവും സാംസ്കാരികവുമായ ജീവിതത്തില് നിര്ണായക സ്ഥാനമുണ്ടായിരുന്ന ആരാധനാലയമാണിത്.
മരത്തില് തീര്ത്ത സങ്കീര്ണമായ കൊത്തുപണികളുള്ള ഉയര്ന്ന മേല്ക്കൂര, വര്ണാഭമായ വിശുദ്ധ അറ, ജൂതരുടെ വിശുദ്ധ ഗ്രന്ഥം തോറാ സൂക്ഷിച്ചിരുന്ന സ്ഥലം, പഴമയുടെ പ്രൗഢി വിളിച്ചോതുന്ന വാസ്തുശൈലി എന്നിവ സിനഗോഗിന്റെ സവിശേഷതകളാണ്. കൊച്ചിയിലെ ജൂതസമൂഹത്തിന്റെ ചരിത്രവും കേരളത്തിന്റെ മതസൗഹാര്ദ പാരമ്പര്യവും അടയാളപ്പെടുത്തുന്ന കെട്ടിടം എന്ന നിലയിലും ഇതിന് പ്രാധാന്യമുണ്ട്.
പുനരുദ്ധാരണം
ജൂതസമൂഹത്തിന്റെഎണ്ണം കുറഞ്ഞതോടെ 1972നുശേഷം സിനഗോഗിലെ പതിവ് സാബത്ത് പ്രാര്ഥനകള് നിലച്ചു. ദീര്ഘകാലം അവഗണനയിലായിരുന്ന സിനഗോഗ് കാലക്രമേണ നശിക്കാന് തുടങ്ങി. വിളക്കുകളും പിച്ചളത്തൂണുകളും ഉള്പ്പടെയുള്ള ചരിത്രാവശിഷ്ടങ്ങള്ക്ക് കേടുപാടുകള് സംഭവിച്ചു. തോറാ ഗ്രന്ഥം ഇസ്രായേലിലേക്ക് മാറ്റുകയും ചെയ്തു.
പിന്നീട് കെട്ടിടം സംരക്ഷകനായ ഏലിയാസ് ജോസഫായിയുടെയും സന്നദ്ധ പ്രവര്ത്തകരുടെയും നേതൃത്വത്തില് 2018 നവീകരണ പ്രവര്ത്തനങ്ങള് ആരംഭിച്ചു. 2025 ല് സിനഗോഗ് പൊതുജനങ്ങള്ക്കായി വീണ്ടു തുറന്നു.
സുരക്ഷാ ആശങ്ക
നിലവില് സിനഗോഗിന്റെ ചരിത്രപരമായ വാസ്തുശൈലിയും ജൂതപൈതൃകവും സംരക്ഷിക്കാനുള്ള ശ്രമങ്ങള് തുടരുകയാണ്.പശ്ചിമേഷ്യന് സംഘര്ഷങ്ങളുടെ പശ്ചാത്തലത്തില് സിനഗോഗിന് പൊലിസ് സംരക്ഷണം ഏര്പ്പെടുത്തിയിരുന്നു. കഴിഞ്ഞദിവസമുണ്ടായ തീവയ്പ് സിനഗോഗിന്റെ സുരക്ഷ സംബന്ധിച്ച് ആശങ്കയുണ്ടാക്കുന്നുണ്ട്.
സഞ്ചാരികള് ഇതിലേ
നൂറ്റാണ്ടുകള്ക്കു മുമ്പ് കൊച്ചിയില് വേരുറപ്പിച്ച ജൂതസമൂഹത്തിന്റെ വിശ്വാസവും സംസ്കാരവും ജീവിതചരിത്രവും പേറുന്ന കടവുഭാഗം സിനഗോഗ് വിദേശസഞ്ചാരികളുടെയും ചരിത്ര വിദ്യാര്ഥികളുടെയും ഗവേഷകരുടെയും പ്രധാന കേന്ദ്രമാണ്.
പഴമയുടെ വാസ്തുഭംഗി കാണാനും കേരളത്തിലെ ജൂതസമൂഹത്തിന്റെ ചരിത്രം അടുത്തറിയാനും എത്തുന്നവര്ക്ക് ഈ ആരാധനാലയം കൊച്ചിയുടെ ബഹുസ്വര പാരമ്പര്യം എടുത്തുകാട്ടുന്നതാണ്. പശ്ചിമകൊച്ചിയിലെ പഴക്കമേറെയുള്ള കോഡര് ഹൗസിന് ഏതാനും ദിവസം മുമ്പാണ് തീപിടുത്തത്തെത്തുടര്ന്നു വലിയ നാശനഷ്ടമുണ്ടായത്.
Tags : NattuVishesham DistrictNews