മംഗലംഡാം: അന്തിയുറങ്ങാനുള്ള കിടപ്പാടത്തിനും കൃഷിഭൂമിക്കുമായി കടപ്പാറയ്ക്കടുത്ത് മൂർത്തിക്കുന്നിൽ ആദിവാസി കുടുംബങ്ങൾ നടത്തിവരുന്ന ഭൂസമരം പത്തുവർഷം പിന്നിടുന്നു.
സഹനസമരത്തിന്റെ പത്താംവാർഷികസമ്മേളനം നാളെ രാവിലെ 10ന് മൂർത്തിക്കുന്ന് സമരഭൂമിയിലെ പന്തലിൽ നടക്കുമെന്നു ആദിവാസിസമരസമിതി കടപ്പാറ യൂണിറ്റ് പ്രസിഡന്റ് വാസു ഭാസ്കരൻ, സെക്രട്ടറി യമുന സുരേഷ്, ഖജാൻജി ഗീതാ മുരളി എന്നിവർ അറിയിച്ചു. റസാക് പാലേരി സമ്മേളനം ഉദ്ഘാടനം ചെയ്യും. സജീവൻ കള്ളിച്ചിത്ര അധ്യക്ഷത വഹിക്കും. വിവിധ നേതാക്കൾ പ്രസംഗിക്കും.
2016 ജനുവരി 15ന് തുടങ്ങിയ ഭൂസമരം ഇന്നേക്കു 3619 ദിവസമാകും. ആദിവാസി ക്ഷേമത്തിനായി സമരം നയിച്ച കെ.ആർ. മാധവൻ, ഊരുനിവാസികളായ രാജൻ, കല്യാണി അമ്മ, കാളി അമ്മ, കണ്ണമ്മ, ബാലൻ എന്നീ ആറുപേർ ഈ കാലത്തിനിടെ മരണപ്പെട്ടു.ഇവരെ അനുസ്മരിച്ചാണ് സമ്മേളനം നടക്കുക. ആവശ്യങ്ങൾ ഉന്നയിച്ച് സമരം ശക്തിപ്പെടുത്തുമെന്നു ഭാരവാഹികൾ പറഞ്ഞു.
14.67 ഏക്കർ വരുന്ന മൂർത്തിക്കുന്നിലെ വനഭൂമി കൈയേറി കുടിലുകളും സമരപന്തലും കെട്ടിയായിരുന്നു ഭൂസമരം തുടങ്ങിയത്. ഈ ഭൂമിയിലിപ്പോൾ കൃഷി ചെയ്താണ് പല കുടുംബങ്ങളും ഉപജീവന മാർഗം കണ്ടെത്തുന്നത്.
കൈയേറിയ ഭൂമി 22 ആദിവാസി കുടുംബങ്ങൾക്കുതന്നെ പതിച്ചു നൽകാൻ 2017 ജൂലൈ 15ന് അന്നത്തെ കളക്ടറുടെ സാന്നിധ്യത്തിൽ നടന്ന ബന്ധപ്പെട്ട അധികാരികളുടെ യോഗം തീരുമാനമെടുത്തിരുന്നെങ്കിലും പിന്നീട് തീരുമാനം മരവിപ്പിക്കുകയായിരുന്നു. തങ്ങളുടെ ഭൂസമരത്തെ പിന്തുണച്ച് 2016ൽ എംഎൽഎയുടെ നേതൃത്വത്തിൽ നെന്മാറ ഡിഎഫ്ഒ ഓഫീസിലേക്ക് മാർച്ചുനടത്തിയത് എന്തിനായിരുന്നു എന്നാണ് സമരസമിതി ചോദിക്കുന്നത്.
നവകേരളയാത്രയിലും വകുപ്പുമന്ത്രിമാർക്കും നിവേദനം നൽകിയതിനു മറുപടി പോലുമില്ല. ഭൂമി ഉടൻ എന്നൊക്കെ പറഞ്ഞ് സർക്കാർ മുദ്രവച്ച സർവേക്കല്ലുകൾ സമരഭൂമിയിലിറക്കി. കടപ്പാറയിൽ നിന്നും മേലാർകോട്ടേക്കു മാറിത്താമസിക്കാൻ സന്നദ്ധത അറിയിച്ച കുടുംബങ്ങൾ ഇപ്പോഴും ഇവിടെതന്നെ തുടരുന്നതും എന്തുകൊണ്ടെന്ന് ബന്ധപ്പെട്ടവർ പരിശോധിക്കുന്നില്ല.അന്തിയുറങ്ങാനുള്ള കിടപ്പാടത്തിനും ഭക്ഷണത്തിനുമാണ് തങ്ങളുടെ സമരമെന്നു ആദിവാസി കുടുംബങ്ങൾ പറയുന്നു.
Tags : nattu vishesham tribal land dispute