മാനന്തവാടി: പ്രകൃതിയെ അടുത്തറിയാൻ നഗരമധ്യത്തിൽ നഗരവനം ഒരുക്കി വനം വകുപ്പ്. സംസ്ഥാനത്ത് മറ്റെവിടെയും കാണാത്ത വിധം സമൃദ്ധമായ വനാനുഭവം പകരുകയാണ് നോർത്ത് വയനാട് വനം ഡിവിഷൻ ടൗണ്‍ പരിധിയിൽ ഒരുക്കിയ നഗരവനം.
കാലാവസ്ഥാവ്യതിയാനത്തിന്റെ ദൂഷ്യഫലങ്ങൾ കുറയ്ക്കുക, ഹരിതാഭ വർധിപ്പിക്കുക, ഉയർന്ന അന്തരീക്ഷ താപനില കുറയ്ക്കുക, വായു-ശബ്ദ മലിനീകരണം നിയന്ത്രിക്കുക, കാറ്റിന്റെ വേഗത കുറച്ച് നഗരത്തെ സംരക്ഷിക്കുക, ചെറുജീവജാലങ്ങൾക്ക് വാസസ്ഥലം ഒരുക്കുക, ഭുഗർഭ ജലസംഭരണം വർധിപ്പിക്കുക തുടങ്ങിയവ നഗരവനം പദ്ധതിയുടെ ലക്ഷ്യമാണ്.
പൊതുജനങ്ങൾക്ക് പ്രകൃതിയുമായി അടുത്തിടപഴകാനും പരിസ്ഥിതി അവബോധം നേടാനും പദ്ധതി അവസരമൊരുക്കുന്നുണ്ട്. നോർത്ത് വയനാട് വനം ഡിവിഷൻ വളപ്പിൽ ആരംഭിച്ച നഗരവനം, ഒന്നരവർഷം പിന്നിടുന്പോൾ ഒരു ലക്ഷത്തിലേറെ ആളുകളാണ് സന്ദർശിച്ചത്.
അക്വേറിയം, നക്ഷത്രവനം, ആന്തുറിയം കോർണർ, ബട്ടർഫ്ളൈ ഗാർഡൻ, ഫേണ്‍സ്, കനോപി വാക്ക്, ഏറുമാടം, ഓക്സിജൻ പാർലർ, വെള്ളച്ചാട്ടം, ഊഞ്ഞാൽ, ഫോട്ടോ പോയിന്റ്, കഫ്റ്റീരീയ, ഇരിപ്പിടങ്ങൾ, ശുചിമുറി തുടങ്ങിയവ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
വിവിധയിനം ഔഷധ സസ്യങ്ങളെയും ചെറു ജീവജാലങ്ങളെയും സംബന്ധിച്ച വിവരണങ്ങൾ, പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ഗ്രാഫുകൾ, വന്യമൃഗങ്ങളുടെ ശിൽപ്പങ്ങൾ, കുട്ടികൾക്കുള്ള കളി ഉപകരണങ്ങൾ എന്നിവയും നഗരവനത്തിൽ സജീകരിച്ചിട്ടുണ്ട്. കൃത്രിമ വെള്ളച്ചാട്ടവും ഒരുക്കിയിട്ടുണ്ട്.
വിദ്യാർഥികളിൽ പ്രകൃതിയും പരിസ്ഥിതിയും സംബന്ധിച്ച് അവബോധം വർധിപ്പിക്കുകയും പദ്ധതി ലക്ഷ്യമാണ്. ബ്രിട്ടീഷ് കാലഘട്ടത്തിന്റെ സ്മരണകൾ ഉണർത്തുന്ന വനംഓഫീസ്, വനം ബംഗ്ലാവ് എന്നിവ സന്ദർശകർക്ക് കൗതുകക്കാഴ്ചകളാണ്.
മരങ്ങൾക്കിടയിലൂടെ ഒരുക്കിയ 800 മീറ്റർ നീളമുള്ള നടപ്പാത ആസ്വാദ്യകരമാണ്. പ്രകൃതിക്ക് കോട്ടം വരുത്താതെയുള്ള നിർമിതികളാണ് നഗരവനത്തിലുള്ളത്. നഗരവനം വിനോദസഞ്ചാരികൾക്ക് വേറിട്ട അനുഭവമാണ് നൽകുന്നത്. രാവിലെ 9.30 മുതൽ 5.30 വരെയാണ് സന്ദർശന സമയം. മുതിർന്നവർക്ക് 40 രൂപയും കുട്ടികൾക്ക് 20 രൂപയും വിദേശികൾക്ക് 50 രൂപയുമാണ് ടിക്കറ്റ് നിരക്ക്. പാർക്കിംഗിനു ഇരുചക്രവാഹനങ്ങൾക്ക് 10 ഉം മുച്ചക്ര വാഹനങ്ങൾക്ക് 15 ഉം നാലുചക്ര വാഹനങ്ങൾക്ക് 20 ഉം വലിയ വാഹനങ്ങൾക്ക് 30 ഉം രൂപയാണ് നിരക്ക്.