അവിനാഷ്
ഗുരുവായൂർ: വാഹനങ്ങളുടെ ബാറ്ററി മോഷ്ടിച്ചു വിൽക്കുന്നതു പതിവാക്കിയ യുവാവിനെയും കൂട്ടാളിയായ പതിനാറുകാരനെയും ഗുരുവായൂർ ടെന്പിൾ പൊലിസ് അറസ്റ്റ് ചെയ്തു. ശ്രീകൃഷ്ണ കോളജിലെ ബിരുദവിദ്യാർഥി തിരുവെങ്കിടം നിരഞ്ജൻ ഫ്ലാറ്റിൽ സോപാനത്തിൽ അവിനാഷും (20) ഇയാളുടെ സുഹൃത്തുമാണു പിടിയിലായത്. മട്രിക്സ് ബിൽഡേഴ്സ് ഉടമ മമ്മിയൂർ പുത്തന്പല്ലി ഹരിശ്രീയിൽ വിനീതിന്റെ പരാതിയെത്തുടർന്നുള്ള അന്വേഷണത്തിലാണു പ്രതികൾ പിടിയിലായത്. വിവിധ വാഹനങ്ങളുടെ 20 ബാറ്ററികൾ ഇവർ മോഷ്ടിച്ചതായി പൊലിസ് അറിയിച്ചു.
പകൽ വാഹനങ്ങൾ നിരീക്ഷിച്ച് മോഷണത്തിനു പറ്റിയവ കണ്ടെത്തുന്നതാണ് ഇവരുടെ രീതി. പരിസരത്ത് സിസിടിവി കാമറകളില്ലെന്നും ഉറപ്പാക്കും. രാത്രി വീട്ടുകാർ ഉറങ്ങിയശേഷം സ്കൂട്ടറിൽ പോയി മോഷണം നടത്തും. മോഷ്ടിച്ച ബാറ്ററികൾ പരിസരത്തെ കുറ്റിക്കാട്ടിൽ ഒളിപ്പിച്ച് പകൽ വീണ്ടുമെത്തി ശേഖരിച്ച് ആക്രിക്കടകളിൽ ചെറിയ വിലയ്ക്കു വിൽക്കുകയുമാണു ചെയ്തിരുന്നത്.
ഗുരുവായൂർ റെയിൽവേ മേൽപാലത്തിനു താഴെയുള്ള ആക്രിക്കടയിലും മറ്റത്തുമാണ് ബാറ്ററികൾ വിറ്റിരുന്നതെന്നു പൊലിസ് പറഞ്ഞു. മോഷണത്തിനുപയോഗിച്ച സ്കൂട്ടർ പൊലിസ് കസ്റ്റഡിയിലെടുത്തു. ടെന്പിൾ പൊലിസ് എസ്എച്ച്ഒ കെ.ജി. ജയപ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘമാണു പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിലും ജുവൈനൽ ഹോമിലും ഹാജരാക്കി.
Tags :