തൊടുപുഴ: നഗരത്തിന്റെയും സമീപ കേന്ദ്രങ്ങളുടെയും വികസന സ്വപ്നങ്ങളിലേക്ക് ചിറകുവിരിച്ച് ഉപാസന സാംസ്കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സെമിനാര്‍ നടത്തി. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ സെമിനാറില്‍ വ്യത്യസ്ത മേഖലകളില്‍നിന്നുള്ള പ്രമുഖര്‍ നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചു. നഗരവികസനത്തിന് പുതിയ ദിശാബോധം നല്കുന്ന സമഗ്ര ചര്‍ച്ചയും പരിപാടിയോടനുബന്ധിച്ച് നടന്നു. ഉപാസന ഡയറക്ടര്‍ ഫാ. ജോണ്സണ് പാലപ്പിള്ളില്‍ സിഎംഐ അധ്യക്ഷത വഹിച്ചു.
ദൈവം വസിക്കുന്ന നാടാണ് തൊടുപുഴയെന്നും ടൂറിസത്തിന് അനന്ത സാധ്യതകളാണ് ഇവിടെയുള്ളതെന്നും ഗവ. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് വിഷയാവതരണത്തിനു ശേഷം യോഗത്തില്‍ പറഞ്ഞു. ഒരു മേഖലയുടെ സമഗ്ര വികസനത്തിനാവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഇവിടെയുണ്ട്. വിനോദസഞ്ചാരികള്‍ക്ക് താമസത്തിനുള്പ്പെടെ ഇത് പ്രയോജനപ്പെടുത്തണം. തൊടുപുഴയെ സിനിമയുടെ എല്ലാ മേഖലകള്‍ക്കും ഉതകുന്ന രീതിയിലുള്ള ഫിലിംസിറ്റിയാക്കാന് സിയാല്‍ മോഡല്‍ പദ്ധതി തയാറാക്കും.
കാര്‍ഷിക, ടൂറിസം മേഖലകളെ സമന്വയിപ്പിച്ചുള്ള പദ്ധതി തയാറാക്കാന്‍ ശ്രമം നടത്തുമെന്നും തൊടുപുഴയില്‍ സ്റ്റേഡിയം നിര്‍മാണ പദ്ധതി ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇടുക്കി പാക്കേജ് ഉള്‍പ്പെടെ ജില്ലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി വി.ഡി. സതീശന് അടുത്ത ദിവസം ജില്ലയില്‍ എത്തുമെന്ന് ഡീന്‍ കുര്യാക്കോസ് എംപി പറഞ്ഞു. അടിസ്ഥാനപരമായി ഒട്ടേറെ വികസനസാധ്യതകള്‍ തൊടുപുഴയില്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, വികസനപദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോകുന്നുവെന്നതാണ് പരമപ്രധാനമായ പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു.
തൊടുപുഴയുടെ അതിശയകരമായ വളര്‍ച്ചയാണ് ഇവിടത്തെ ഗതാഗതക്കുരുക്കിനും മറ്റും കാരണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല സ്റ്റീഫന്‍ പറഞ്ഞു. ഇത് പരിഹരിക്കാന്‍ പ്രത്യേക പദ്ധതികള്‍ തയാറാക്കണമെന്നും മാലിന്യനീക്കം ഉള്‍പ്പെടെ ടൂറിസം മേഖലയിലെ അടിസ്ഥാനസൗകര്യം വികസിപ്പിക്കണമെന്നും ഷീല സ്റ്റീഫന്‍ പറഞ്ഞു.
കായികതാരങ്ങള്‍ക്കായി നല്ല കളിസ്ഥലങ്ങള്‍ ഒരുക്കാനും തൊടുപുഴയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ഫ്ളൈ ഓവര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ സഹായം ഉറപ്പാക്കണമെന്ന് നഗരസഭാ ചെയര്‍പേഴ്സണ്‍ സാബിറ ജലീല്‍ പറഞ്ഞു. നഗരവികസനത്തോടൊപ്പം തൊടുപുഴയാറിനെയും സംരക്ഷിക്കണമെന്ന് ജില്ലാ പഞ്ചായത്തംഗം മനോജ് കോക്കാട്ട് പറഞ്ഞു.
വിവിധ മേഖലകളുമായി ബന്ധപ്പെട്ട് വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ കമ്മിറ്റിയംഗം സാലി എസ്. മുഹമ്മദ്, കൃഷിവകുപ്പ് റിട്ട. അഡീഷണല്‍ ഡയറക്ടര്‍ കെ.പി. സെലീനാമ്മ , സോഷ്യല്‍ സര്‍വീസ് ആൻഡ് സ്റ്റഡിസെന്റര് ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് എം.ടി. തങ്കച്ചന്, മൃഗസംരക്ഷണ വകുപ്പ് റിട്ട. ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ജി.എസ്. മധു, വിഷ്ണു നമ്പൂതിരി ഗ്രൂപ്പ് ചെയര്മാന് ശ്രീനാഥ് വിഷ്ണു, ലൂണാര്‍ ഗ്രൂപ്പ് ഡയറക്ടര്‍ ജൂബി ഐസക്, ചെറുകിട വ്യവസായ അസോസിയേഷന് ജില്ലാ പ്രസിഡന്റ് ബേബി ജോര്‍ജ്, ബിസിസിഐ മുന്‍ വൈസ് ചെയര്മാന് ടി.സി. മാത്യു, മുന്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി എം.എസ്. പവനന്, ജനകീയാസൂത്രണ പദ്ധതി മുന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എം.എം. ഷാഹുല്‍ ഹമീദ്, ട്രാക്ക് പ്രസിഡന്റ് സണ്ണി തെക്കേക്കര എന്നിവര്‍ വിഷയാവതരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റുമാരായ വല്‍സ ജോണ്‍, മുഹമ്മദ് അമീര്‍, ഉപാസന സെക്രട്ടറി ഡോ. സാബു വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.
Tags : nattu vishesham Thodupuzha River Development