കാഞ്ഞിരപ്പള്ളി: ഒഡീഷയിലെ റായഗഡ് ജില്ലയിൽ ദെംഗാസ്വാർഗി സെന്റ് പൗള മോണ്ടൽ ദേവാലയത്തിനു നേരേ നടന്ന ആക്രമണത്തെ കത്തോലിക്ക കോൺഗ്രസ് കാഞ്ഞിരപ്പള്ളി രൂപതാസമിതി അപലപിച്ചു.
അക്രമിസംഘം പള്ളിയുടെ വാതിലും മുഖവാരവും തകർത്ത് അകത്തുകയറി അൾത്താരയും തിരുസ്വരൂപങ്ങളും കുരിശിന്റെ വഴിയുടെ ചിത്രങ്ങളും നശിപ്പിക്കുകയും വിശുദ്ധ വസ്തുക്കൾ പുറത്തുകൊണ്ടുപോയി തീയിടുകയും ചെയ്ത സംഭവം അങ്ങേയറ്റം പ്രതിഷേധാർഹമാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രിസ്ത്യൻ മതന്യൂനപക്ഷങ്ങൾക്ക് നേരേ വർധിച്ചുവരുന്ന അതിക്രമങ്ങളിൽ യോഗം ഉത്കണ്ഠ രേഖപ്പെടുത്തി. കുറ്റവാളികളെ എത്രയും വേഗം പിടികൂടി ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് കാഞ്ഞിരപ്പള്ളി രൂപതാസമിതി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.
രൂപത ഡയറക്ടർ ഫാ. ജസ്റ്റിൻ മതിയത്ത് യോഗം ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡന്റ് ബേബി കണ്ടത്തിൽ അധ്യക്ഷത വഹിച്ചു. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ വൈസ് പ്രസിഡന്റ് ജോമി കൊച്ചുപറമ്പിൽ പ്രമേയം അവതരിപ്പിച്ചു. ജോസഫ് പണ്ടാരക്കളം, ജോജോ തെക്കുംചേരിക്കുന്നേൽ, സണ്ണിക്കുട്ടി അഴകംപ്രായിൽ, ഫിലിപ്പ് പള്ളിവാതുക്കൽ, ടെസി ബിജു പാഴിയാങ്കൽ, ഡെയ്സി ജോർജുകുട്ടി, ജിൻസ് പള്ളിക്കമ്യാലിൽ, ജോസ് മാത്യു കല്ലൂരാത്ത്, ബിജു ആലപ്പുരയ്ക്കൽ, ആൻസമ്മ തോമസ് മടുക്കക്കുഴി, ജാൻസി മാത്യു തുണ്ടത്തിൽ, സിനി ജിബു നീറനാക്കുന്നേൽ, സബിൻ ജോൺ, തോമസ് ചെമ്മരപ്പള്ളി, ജോസ് മടുക്കക്കുഴി എന്നിവർ പ്രസംഗിച്ചു.
Tags : Catholic Congress nattuvishesham local news