പത്തനംതിട്ട: ജില്ലയിലെ ആയിരക്കണക്കിനു കുടുംബങ്ങളുടെ പട്ടയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ ഇന്ന് ചര്‍ച്ച. യുഡിഎഫ് മന്ത്രിസഭ അധികാരമേറ്റശേഷം ജില്ലാതലത്തില്‍ റവന്യുവകുപ്പ് സംഘടിപ്പിക്കുന്ന പ്രഥമ അവലോകനം പ്രധാനമായും പതിറ്റാണ്ടുകളായി പട്ടയത്തിനായി കാത്തിരിക്കുന്നവരുടെ വിഷയമാകും.
ഇന്നു രാവിലെ 10 ന് കളക്ടറേറ്റ് ഗവി കോണ്‍ഫറന്‍സ് ഹാളില്‍ മന്ത്രി എ.പി. അനില്‍കുമാര്‍ വിളിച്ചുചേര്‍ത്തിരിക്കുന്ന അവലോകനയോഗത്തില്‍ പട്ടയവിതരണത്തിന്റെ തല്‍സ്ഥിതി, കൈയേറ്റം ഒഴിപ്പിക്കല്‍, ഡിജിറ്റല്‍ റീസര്‍വേ പ്രവര്‍ത്തനങ്ങള്‍, ഭൂമി ഏറ്റെടുക്കല്‍ നടപടികളുടെ പുരോഗതി, സ്മാര്‍ട്ട് വില്ലേജ് ഓഫിസുകളുടെ പ്രവര്‍ത്തനം തുടങ്ങിയവ വിശദമായ വിശകലനത്തിന് വിധേയമാക്കും.
യോഗത്തില്‍ ജില്ലാ കളക്ടര്‍ എ നിസാമുദ്ദീന്‍, തിരുവല്ല സബ് കളക്ടര്‍ സുമിത് കുമാര്‍ ഠാക്കൂര്‍, അടൂര്‍ ആര്‍ഡിഒ ടി. ബിനുരാജ്, എഡിഎം, ഡെപ്യൂട്ടി കളക്ടര്‍മാര്‍, ജില്ലാസര്വേ സൂപ്രണ്ട്, തഹസില്‍ദാര്‍മാര്‍, ജൂണിയര്‍ സൂപ്രണ്ടുമാര്‍ എന്നിവര്‍ പങ്കെടുക്കും.
അവലോകന യോഗത്തിനു ശേഷം ജില്ലയിലെ റവന്യു പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് വില്ലേജ് ഓഫീസര്‍മാരുമായി മന്ത്രി ഓണ്‍ലൈനില്‍ സംവദിക്കും.
ജില്ലയില്‍നിന്നുള്ള ആറായിരത്തോളം പട്ടയത്തിനായുള്ള അപേക്ഷകളില്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി ഇതേവരെ ലഭിച്ചിട്ടില്ല. കോന്നി, റാന്നി താലൂക്കുകളിലെ മലയോര കുടിയേറ്റ കര്‍ഷകരുടെ പട്ടയമാണ് ഇവയിലേറെയും. വിവിധ വിഷയങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പട്ടയ അപേക്ഷകളാണിവ. വനം, റവന്യു ഭൂമി തര്‍ക്കമാണ് ഇതില്‍ പ്രധാനം. വനമേഖലയോടു ചേര്‍ന്ന കൈവശഭൂമിയില്‍ പട്ടയം ലഭിക്കുന്നതിനായി ഇരുവകുപ്പുകളുടെയും സംയുക്ത സര്‍വേ നടത്തുകയും വനംവകുപ്പ് എന്‍ഒസി നല്‍കുകയും ചെയ്ത പ്രദേശങ്ങളിലെ വിഷയങ്ങള്‍ പോലും പരിഹരിച്ചിട്ടില്ല. കോടതി പരിഗണനയിലായ വിഷയങ്ങളിലും തീരുമാനമെടുക്കാന്‍ കഴിയാതെ കിടക്കുന്നു.
കോന്നിയിലെ റദ്ദാക്കിയ
പട്ടയങ്ങളിലും തീരുമാനമില്ല
2015ല്‍ യുഡിഎഫ് സര്‍ക്കാരില്‍ റവന്യു മന്ത്രിയായിരുന്ന അടൂര്‍ പ്രകാശ് ഇടപെട്ട് കോന്നി താലൂക്കില്‍ നല്കിയ 1400 ഓളം പട്ടയങ്ങള്‍ പിന്നീടുവന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ റദ്ദാക്കി. യുഡിഎഫ് നല്കിയ പട്ടയങ്ങള്‍ക്കു സാധുതയില്ലെന്നും രാഷ്ട്രീയ തട്ടിപ്പായിരുന്നെന്നും ആരോപിച്ചായിരുന്നു ഇവ റദ്ദാക്കിയത്. യഥാര്‍ഥ പട്ടയം തങ്ങള്‍ നല്‍കുമെന്നായിരുന്നു എല്‍ഡിഎഫ് വാഗ്ദാനം. എന്നാല്‍ പത്തുവര്‍ഷം ഭരിച്ച എല്‍ഡിഎഫ് സര്‍ക്കാരിന് ഈ പട്ടയങ്ങള്‍ പുനഃസ്ഥാപിച്ചു നല്‍കാനായില്ല. യുഡിഎഫ് സര്‍ക്കാര്‍ നല്കിയ പട്ടയങ്ങള്‍ സാധുതയില്ലാത്തതെന്നും വനംവകുപ്പ് അനുമതി ഉണ്ടായിരുന്നില്ലെന്നും സര്‍ക്കാര്‍തന്നെ കുറിച്ച സാഹചര്യത്തില്‍ ഇതു പുനഃസ്ഥാപിച്ചു നല്കാന് കേന്ദ്രാനുമതിക്കു കാത്തിരിക്കേണ്ടിവന്നതാണ് തടസമായത്. കേന്ദ്രാനുമതി തേടി ഇതുള്‍പ്പെടെ ആറായിരത്തോളം പട്ടയങ്ങളുടെ അപേക്ഷ പലതവണ ജില്ലയില്‍നിന്നു നല്കി. എന്നാല്‍ കേന്ദ്രം ഇത് മടക്കുകയായിരുന്നു.
പെരുമ്പെട്ടി പട്ടയവും
യാഥാര്‍ഥ്യമായില്ല
കഴിഞ്ഞ സര്‍ക്കാരിന്റെ അവസാനകാലത്ത് പ്രഖ്യാപിച്ച പെരുമ്പെട്ടി പട്ടയവും യാഥാര്‍ഥ്യമായില്ല. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് പെരുമ്പെട്ടിയിലെ അറുനൂറിലധികം പട്ടയങ്ങള്‍ അനുവദിച്ചു നല്കാന് മന്ത്രിസഭാതീരുമാനം ഉണ്ടായതാണ്. റവന്യുഭൂമിയില്‍ താമസിക്കുന്നവരായിട്ടും വനം എന്ന് രേഖപ്പെടുത്തിയതിന്റെ പേരിലാണ് പെരുമ്പെട്ടിക്കാര്ക്ക് വര്‍ഷങ്ങളായി പട്ടയം നല്‍കാതിരുന്നത്.
തെറ്റായി രേഖപ്പെടുത്തിയ ഭാഗം ഒഴിവാക്കി 649 അപേക്ഷകരെയും ഉള്‍ക്കൊള്ളിച്ച് പട്ടയം നല്കാന് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ആറു പതിറ്റാണ്ടോളം നീണ്ട പോരാട്ടത്തിനൊടുവിലാണ് പട്ടയം അപേക്ഷ അംഗീകരിച്ചത്. ഡിജിറ്റല്‍ സര്‍വേയിലൂടെ ഭൂമി വ്യക്തമായി വേര്‍തിരിച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുകയായിരുന്നു. എന്നാല്‍, താഴെത്തട്ടിലെത്തിയപ്പോള് വീണ്ടും നൂലാമാലകളുണ്ടായി. സര്‍ക്കാര്‍ ഉത്തരവിലെ വരികള്‍ക്കിടയില്‍ നിന്ന് ഓരോ അപേക്ഷയും പരിഗണിച്ചപ്പോള്‍ അര്‍ഹരായവരുടെ പട്ടയം വീണ്ടും വൈകുകയാണ്. സര്‍ക്കാര്‍ ഉത്തരവിലെ വ്യവസ്ഥകളെ സംബന്ധിച്ചും മറ്റും അവ്യക്തതയുണ്ടെന്നും നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കാലതാമസം വരുമെന്നുമാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഏറെ കൊട്ടിഘോഷിച്ചെങ്കിലും പെരുമ്പെട്ടിക്കാരുടെ പട്ടയം ആവശ്യം ഇപ്പോഴും പൂര്‍ണതയിലെത്തിയിട്ടില്ല.
തെക്കേത്തൊട്ടി
പട്ടയത്തിനും ദുരവസ്ഥ
അത്തിക്കയം തെക്കേത്തൊട്ടി നിവാസികള്‍ നീണ്ട നിയമയുദ്ധത്തിനൊടുവില്‍ പട്ടയത്തിന് അര്‍ഹതയുള്ളവരെന്നു ഹൈക്കോടതി വിധി വന്നതാണ്. എന്നാല്‍ വനംവകുപ്പ് വീണ്ടും ചില തടസവാദങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതു പരിഹരിച്ചു നല്കാന് വനംമന്ത്രി തന്നെ കഴിഞ്ഞയിടെ വടശേരിക്കരയിലെത്തിയപ്പോള് ഉത്തരവ് നല്‍കിയതാണ്. സര്‍വേ നമ്പരുകളിലെ പിഴവും മറ്റും ചൂണ്ടിക്കാണിച്ച് അര്ഹരയവരുടെ പട്ടയം വൈകിക്കാന്‍ തെക്കേത്തൊട്ടി പട്ടയവിഷയത്തിലും ശ്രമമുണ്ട്.
ഡിജിറ്റല്‍ സര്‍വേകളിലും പരാതികള്‍
ഭൂമി സംബന്ധമായ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ നടത്തിയ ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തീകരിച്ച വില്ലേജുകളിലും പരാതികള്‍ കുന്നുകൂടുകയാണ്. സ്വന്തം ഭൂമി കൈമോശം വന്നതും തെറ്റായി രേഖപ്പെടുത്തിയതുമായ ഒട്ടേറെ പരാതികളാണ് വില്ലേജുകളില്‍ കുന്നുകൂടുന്നത്. ഡിജിറ്റല്‍ സര്‍വേയ്ക്ക് ഭൂവുടമ നല്കിയ രേഖകളിലെ പിഴവാണ് ഇതിനു കാരണമായി ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്. നികുതി അടയ്ക്കാന്‍ പോലും ആകാതെ സാധാരണക്കാരായ നിരവധിയാളുകള്‍ നട്ടം തിരിയുകയാണ്. ഡിജിറ്റല്‍ സര്‍വേയ്ക്കു ശേഷമുള്ള വസ്തുവില്‍ കുറവുണ്ടെങ്കില്‍ അതു പരിഹരിച്ചു മാത്രമേ നികുതി അടയ്ക്കാനാകൂ. ഇത്തരം പ്രശ്നങ്ങളില്‍ കരം വാങ്ങാതെ വരുന്നതോടെ സാധാരണക്കാരുടെ വായ്പകള്‍ ഉള്‍പ്പെടെ തടസപ്പെടുന്ന സാഹചര്യമുണ്ട്.
ഡിജിറ്റല്‍ സര്‍വേയിലെ പ്രശ്നപരിഹാരത്തിനായി അപേക്ഷ നല്‍കാനും പിന്നീട് സര്വേയ്ക്കുമൊക്കെയായി ഭാരിച്ച സാമ്പത്തിക ബാധ്യതയും ആളുകള്ക്കുണ്ടാകുന്നുണ്ട്. നടപടിക്രമങ്ങള്‍ ലഘൂകരിക്കുകയെന്ന ലക്ഷ്യത്തോടെ നടത്തിയ ഡിജിറ്റല്‍ സംവിധാനം സാധാരണക്കാര്‍ക്കു ബാധ്യതായി മാറുകയാണ്.
Tags : Nattuvishesham Districtnews Deepikanews Thousands