കുണ്ടുപ്പള്ളി-മാപ്പിളച്ചേരി ഇറക്കത്തിൽ അപകടത്തിൽപ്പെട്ട കാർ.
റാണിപുരം: റാണിപുരം വിനോദസഞ്ചാര കേന്ദ്രം സന്ദർശിച്ചു മടങ്ങുകയായിരുന്ന കർണാടക പുത്തൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ പാണത്തൂരിന് സമീപം കുണ്ടുപ്പള്ളി-മാപ്പിളച്ചേരി ഇറക്കത്തിൽ നിയന്ത്രണം വിട്ടു മറിഞ്ഞ് മൂന്നുപേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2.45 ഓടെയാണ് കാർ അപകടത്തിൽപ്പെട്ടത്.
കാറിൽ അഞ്ചുപേർ ഉണ്ടായിരുന്നു. ഇതിൽ മൂന്നു പേർക്കാണ് പരിക്കേറ്റത്. ഓട്ടോ-ടാക്സി തൊഴിലാളികളും, നാട്ടുകാരും ചേർന്ന് പരിക്കേറ്റവരെ പാണത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി. തുടർന്ന് ഇവരെ സുള്ള്യ കെവിജി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആരുടെയും പരിക്ക് ഗുരുതരമല്ല.
റാണിപുരത്ത് നിന്നും പാണത്തൂരിലേക്കുള്ള അഞ്ചു കിലോമീറ്റർ റോഡ് കുത്തനെ ഇറക്കമാണ്. എന്നാൽ, ഇവിടെ അപകടസൂചനാ ബോർഡുകളോ മുന്നറിയിപ്പുകളോ ഇല്ല. അതിനാൽത്തന്നെ ഇതുവഴി ആദ്യമായി വരുന്ന സഞ്ചാരികൾ അപകടത്തിൽപ്പെടാനുള്ള സാധ്യതയും ഏറെയാണ്.
Tags : Ranipuram nattuvishesham local news