എയ്ബല്‍ ജിന്‍സ്, മുഹമ്മദ് ബിന്‍ മൊയ്തീന്, കെ. മുസ്തഫ
കാസര്‍ഗോഡ്: വനിതാശിശുവികസനവകുപ്പിന്റെ ഉജ്വലബാല്യം പുരസ്കാരം ജില്ലയിലെ മൂന്നു പ്രതിഭകള്‍ക്ക്. ആറു മുതല്‍ 11 വയസ് വരെയുള്ള കുട്ടികളുടെ പൊതുവിഭാഗത്തില്‍ വെള്ളരിക്കുണ്ട് സെന്റ് എലിസബത്ത് കോണ്‍വെന്റ് സ്കൂളിലെ എയ്ബല്‍ ജിന്‍സ് പുരസ്കാരത്തിന് അര്‍ഹനായി.
ആറാംക്ലാസ് വിദ്യാര്‍ഥിയായ എയ്ബല്‍ പഠന-പാഠ്യേതരപ്രവര്‍ത്തനങ്ങളില്‍ ഒരുപോലെ മികവ് തെളിയിച്ചിട്ടുണ്ട്. ശിശുക്ഷേമസമിതിയുടെ ഈ വര്‍ഷത്തെ ശിശുദിനറാലിയിലും വിദ്യാര്‍ഥികളുടെ പാര്‍ലമെന്റിലും എയ്ബലിനെയാണ് കുട്ടികളുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തത്. പ്ലാക്കല്‍ ജിന്‍സ് ജോസഫിന്റെയും ജിന്‍സിയുടെയും മകനാണ്.
12 മുതല്‍ 18 വയസുവരെയുള്ള കുട്ടികളുടെ പൊതുവിഭാഗത്തില്‍ കുണിയ എമിന് ഇന്റര്‍നാഷണല്‍ സ്കൂളിലെ മുഹമ്മദ് ബിന്‍ മൊയ്തീന് ജേതാവായി. ഒമ്പതാംക്ലാസ് വിദ്യാര്‍ഥിയായ മുഹമ്മദ് ശാസ്ത്ര-ഗണിതശാസ്ത്രമേഖലകളിലും പ്രസംഗിത്തിലും ചെസിലും കരാട്ടെയിലുമെല്ലാം മികവ് തെളിയിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ വിദ്യാര്‍ഥി വിജ്ഞാന് മന്ഥന് സയന്‍സ് ടാലന്റ് സെര്‍ച്ചില്‍ സൗത്ത് സോണില്‍ ഒന്നാം റാങ്ക്, ടെക്ഫെസ്റ്റ് സീറോ കോഡ് സോണല്‍ ജേതാവ്, ഇന്നവിസ്റ്റ ഹാക്കത്തണില്‍ ദക്ഷിണേന്ത്യ തലത്തില്‍ രണ്ടാംസ്ഥാനം എന്നിവ പ്രധാന നേട്ടങ്ങളാണ്. കാസര്‍ഗോഡ് തളങ്കര തെരുവത്തെ മുന്‍ നഗരസഭ കൗണ്‍സിലര്‍ മൊയ്തീന്റെയും നിലവിലെ കൗണ്‍സിലര്‍ ഷക്കീന മൊയ്തീന്റെയും മകനാണ്.
ഭിന്നശേഷി വിഭാഗത്തില്‍ കാസര്‍ഗോഡ് ജിഎച്ച്എസ്എസിലെ കെ. മുസ്തഫ പുരസ്കാരത്തിന് അര്‍ഹനായി. പത്താംക്ലാസ് വിദ്യാര്‍ഥിയായ മുസ്തഫ കാഴ്ചപരിമിതിയുള്ളവരുടെ അണ്ടര്‍-15 ചെസ് ടൂര്‍ണമെന്റിലെ സംസ്ഥാന ചാമ്പ്യനാണ്. കാഴ്ചപരിമിതിയുള്ളവരുടെ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കഴിഞ്ഞവര്‍ഷം ജേതാക്കളായപ്പോള്‍ മാന്‍ ഓഫ് ദ സീരിസും ഫനലിലെ മാന്‍ ഓഫ് ദ മാച്ചും മുസ്തഫയായിരുന്നു. ബോവിക്കാനം മുതലപ്പാറയിലെ അബ്ദുള്‍ ഖാദറിന്റെയും ബി.എം.സമീനയുടെയും മകനാണ്. ഓരോ കുട്ടിക്കും 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. നാളെ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനതല ശിശുദിനാഘോഷ ചടങ്ങില്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്യും.
Tags : Ujjwala Balyam nattuvishesham local news Three talents from the district win