കോതമംഗലം മൺസൂൺ ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച മാമലക്കണ്ടം–കൊയ്നിപ്പാറ ഓഫ് റോഡ് ഡ്രൈവ് സിനിമാതാരം ടിനി ടോം ഫ്ലാഗ് ഓഫ് ചെയ്യുന്നു.
കോതമംഗലം: കോതമംഗലം മൺസൂൺ മാജിക്കിന്റെ ഭാഗമായി സംഘടിപ്പിച്ച മാമലക്കണ്ടം–കൊയ്നിപ്പാറ ഓഫ് റോഡ് ഡ്രൈവ് സാഹസിക വിനോദസഞ്ചാരത്തിന്റെ വേറിട്ട കാഴ്ചയായി .
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ഓഫ് റോഡ് വാഹനപ്രേമികളുടെയും പ്രദേശവാസികളുടെയും പങ്കാളിത്തം പരിപാടിയെ ശ്രദ്ധേയമാക്കി.
സിനിമാതാരം ടിനി ടോം ഓഫ് റോഡ് ഡ്രൈവ് ഫ്ലാഗ് ഓഫ് ചെയ്തു. ഷിബു തെക്കുംപുറം എംഎൽഎ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു, വൈസ് പ്രസിഡന്റ് ബിജോയ് ജോസഫ്, പഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങിയവരും പങ്കെടുത്തു.
വിവിധ ജില്ലകളിൽ നിന്നെത്തിയ 40-ഓളം ഓഫ് റോഡ് ജീപ്പുകളാണ് സാഹസിക യാത്രയിൽ അണിനിരന്നത്. മാമലക്കണ്ടത്തുനിന്ന് കൊയ്നിപ്പാറയിലേക്കുള്ള ഏകദേശം മൂന്ന് കിലോമീറ്റർ ദൈർഘ്യമുള്ള ട്രാക്കിലൂടെ കുത്തനെയുള്ള കയറ്റിറക്കങ്ങളും ചെളി നിറഞ്ഞ വഴികളും പാറക്കെട്ടുകളും വനപാതകളും പിന്നിട്ടായിരുന്നു യാത്ര. മൺസൂൺ മഴയിൽ കൂടുതൽ മനോഹരമായ പ്രകൃതിദൃശ്യങ്ങൾ ആസ്വദിക്കാനെത്തിയ നൂറുകണക്കിന് ആളുകൾ ഓഫ് റോഡ് ഡ്രൈവിന് കാഴ്ചക്കാരായി.
മാമലക്കണ്ടം–കൊയ്നിപ്പാറ മേഖല പ്രകൃതി അനുഗ്രഹിച്ച അപൂർവ സൗന്ദര്യമുള്ള പ്രദേശമാണെന്നും സാഹസിക വിനോദസഞ്ചാരത്തിനും ഇക്കോ ടൂറിസത്തിനും മികച്ച സാധ്യതകളാണ് ഇവിടെയുള്ളതെന്നും ഷിബു തെക്കുംപുറം എംഎൽഎ പറഞ്ഞു. പച്ചപ്പ് നിറഞ്ഞ മലനിരകളും വനസൗന്ദര്യവും സ്വാഭാവിക ജലസ്രോതസുകളും ഈ പ്രദേശത്തെ കേരളത്തിലെ ശ്രദ്ധേയമായ ടൂറിസം കേന്ദ്രമായി ഉയർത്താൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ഒമ്പതു ദിവസം നീണ്ട് നിൽക്കുന്ന മൺസൂൺ മാജിക് വഴി കോതമംഗലത്തിന്റെ വിനോദസഞ്ചാര സാധ്യതകൾ ലോകത്തിനു മുന്നിൽ അവതരിപ്പിക്കുകയാണ് ലക്ഷ്യമെന്നും കൊയ്നിപ്പാറയെ സംസ്ഥാനത്തെ പ്രധാന സാഹസിക ടൂറിസം കേന്ദ്രങ്ങളിലൊന്നാക്കി വികസിപ്പിക്കുന്നതിനുള്ള നടപടികൾക്ക് മുൻഗണന നൽകുമെന്നും എംഎൽഎ വ്യക്തമാക്കി.
Tags : Nattuvishesham DistrictNews DeepikaNews Monsoon Magic