പ്രതീകാത്മക ചിത്രം
തൃശൂർ: പുലിക്കളിയുടെ കനത്ത സാന്പത്തിക ബാധ്യത ഒഴിവാക്കാൻ പരസ്യ പ്രചാരണത്തിലൂടെ പണം കണ്ടെത്തി സാന്പത്തിക ഭാരം കുറയ്ക്കണമെന്ന് പുലിക്കളി സംഘങ്ങൾ. ഓരോ വർഷവും നിയമങ്ങൾ കർക്കശമാക്കുന്നതുമൂലം സംഘങ്ങളുടെ സാന്പത്തികഭാരം ഇരട്ടിച്ചു. പുലിക്കളി പ്രകടനം മോശമാകാതിരിക്കാൻ കോർപറേഷന്റെ അതീവ ശ്രദ്ധ വേണമെന്നും സംഘങ്ങൾ ആവശ്യപ്പെട്ടു. 2023 മുതൽ കോർപറേഷൻ നഗരത്തിൽ സംഘടിപ്പിച്ചുവരുന്ന ചമയപ്രദർശനം, പരസ്യ പ്രചാരണ ബോർഡുകൾ എന്നിവയിലൂടെ ഭേദപ്പെട്ട സാന്പത്തികം ലഭ്യമാക്കിയിരുന്നു. എന്നാൽ 2024ൽ ഹൈക്കോടതി പൊതുസ്ഥലങ്ങളിൽ പ്രചാരണ ബോർഡുകൾ സ്ഥാപിക്കുന്നത് കർശനമായി നിരോധിച്ചു. ഇതോടെ പുലിക്കളി സംഘങ്ങളുടെ സാന്പത്തികസ്ഥിതി നേർപകുതിയായി കുറഞ്ഞു. പരസ്യപ്രചാരണവും താറുമാറായി.
പുലിക്കളിയുടെ പ്രചാരം വർഷംതോറും വർധിക്കുന്നതിനാൽ പുലികളുടെയോ, അനുബന്ധ പ്രദർശനങ്ങളുടെയോ പ്രൗഢി ഒട്ടും ചോരാതെ കോർപറേഷൻ ശ്രദ്ധ ചെലുത്തണമെന്നും സംഘാടകർ ആവശ്യപ്പെട്ടു. പുലിക്കളിയിൽ പങ്കെടുക്കുന്ന പകുതിയോളം സംഘങ്ങളും സാന്പത്തിക ബാധ്യതയിലാണ്. അയ്യന്തോൾ ദേശം, കാനാട്ടുകരദേശം, ശങ്കരംകുളങ്ങദേശം, ചക്കാമുക്ക് സെന്റർ, സീതാറാംമിൽ ദേശം, കുട്ടംകുളങ്ങര ദേശം, പാട്ടുരായ്ക്കൽ കലാകായിക സാംസ്കാരിക സമിതി, വിയ്യൂർ യുവജനസംഘം, വെളിയന്നൂർ യുവജനസംഘം തുടങ്ങി ആദ്യമായി പുലിക്കളി രംഗത്തേക്കെത്തുന്ന ഒളരിക്കര ദേശമടക്കം പത്തു സംഘങ്ങളാണ് ഇത്തവണ രംഗത്തുള്ളത്.
ശരീരത്തിൽ ചായംപൂശൽ, വാദ്യമേളങ്ങൾ, നിശ്ചലദൃശ്യങ്ങൾ എന്നിവയ്ക്കെല്ലാംകൂടി ലക്ഷക്കണക്കിനു രൂപയാണ് ഓരോ സംഘത്തിനും ചെലവഴിക്കേണ്ടി വരുന്നത്. സ്പോണ്സർമാരെയും നാട്ടുകാരെയും ആശ്രയിച്ചാണ് ഇതിനുള്ള തുക കണ്ടെത്തുന്നത്.
ഒന്പതു മുതൽ 14 ലക്ഷം വരെ
ഓരോ സംഘത്തിനും ഒന്പതു മുതൽ 14 ലക്ഷം രൂപ വരെയാണ് ചെലവ്. ചെറുടീമുകൾ ഒരു പുലിക്ക് നാലായിരം മുതൽ നൽകേണ്ടിവരുന്പോൾ പതിനായിരത്തിനുമേൽ ചെലവാക്കേണ്ടിവരുന്ന സംഘങ്ങളുമുണ്ട്. പുലിക്കളിക്ക് മോടികൂട്ടാൻ മാസ്റ്റർ പ്ലാനും ഫോക്ലോർ വിഭാഗത്തിൽ പുലിക്കളിയെ ഉൾപ്പെടുത്താനുള്ള നടപടികളും മുൻകാലങ്ങളിൽ പ്രഖ്യാപിച്ചിരുന്നത് നടപ്പാക്കി ധനസഹായം ഉയർത്തണം. കേന്ദ്ര, സംസ്ഥാന, കോർപറേഷൻ തലത്തിൽ നൽകിയിരുന്നതും വാഗ്ദാനം ചെയ്തതുമായ തുകകൾ എത്രയും വേഗത്തിൽ അനുവദിക്കണമെന്നും സംഘങ്ങൾ ആവശ്യപ്പെടുന്നു.
Tags : Local News Nattuvishesham Tigers