കൊച്ചി: ഒരു പകൽദൂരമേ ഇനിയുള്ളൂ...! തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ആവേശനാളുകൾക്ക് ഇന്നു കൊട്ടിക്കലാശം. പരസ്യപ്രചാരണം തീരാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കേ, ശക്തിയും പോരാട്ടവീര്യവും തെളിയിക്കാനുള്ള അവസാനവട്ട സന്നാഹങ്ങളിലാണു രാഷ്ട്രീയപ്പാർട്ടികളും സ്ഥാനാർഥികളും.
ജില്ലയിൽ 14 നിയമസഭാ മണ്ഡലങ്ങളിലും പ്രചാരണം അതിന്റെ ഉച്ചസ്ഥായിയിലാണ്. നഗരങ്ങളിലും ഗ്രാമങ്ങളിലും കാലാവസ്ഥയിലും പ്രചാരണത്തിലും കൊടുംചൂട് തന്നെ.
മിക്കയിടത്തും സ്ഥാനാർഥികളുടെ മണ്ഡലംതല പൊതുപര്യടന പരിപാടികളും റോഡ് ഷോകളും ഇന്നലെയോടെ പൂർത്തിയായി. ഇടതു, വലതു മുന്നണികളുടെയും എൻഡിഎയുടെയും ദേശീയ, സംസ്ഥാന നേതാക്കൾ ജില്ലയിൽ വിവിധ സ്ഥാനാർഥികളുടെ റോഡ് ഷോകൾ ഉൾപ്പെടെയുള്ള പര്യടന പരിപാടികളിൽ പങ്കെടുക്കാനെത്തിയത് അണികൾക്ക് ആവേശമായി.
ഇന്ന് വിവിധ മണ്ഡലങ്ങളിലെ മുഖ്യകേന്ദ്രങ്ങളിലായി മുന്നണികൾ കൊട്ടിക്കലാശത്തിനു വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. സസ്പെൻസുകളുമായി അവസാന മണിക്കൂറുകളിൽ വിസ്മയക്കാഴ്ചയൊരുക്കാനും ചിലയിടങ്ങളിൽ സജ്ജീകരണങ്ങളുണ്ട്. ഉച്ചകഴിഞ്ഞു മൂന്നു മുതൽ നിശ്ചിത സ്ഥലങ്ങളിൽ കലാശക്കൊട്ടിന്റെ പരിപാടികൾ തുടങ്ങും.
സംഘർഷം ഒഴിവാക്കാൻ എല്ലാ മണ്ഡലങ്ങളിലും പോലീസിന്റെ ശക്തമായ സാന്നിധ്യമുണ്ടാകും. ഓരോ മുന്നണിക്കും നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിൽ മാത്രമാകും കൊട്ടിക്കലാശം അനുവദിക്കുക. ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും മണ്ഡലങ്ങളിലുണ്ടാകും.
പ്രതീക്ഷയോടെ മുന്നണികൾ
കുറച്ചു ദിവസങ്ങൾ മാത്രമാണ് ലഭിച്ചതെങ്കിലും 14 മണ്ഡലങ്ങളിലും ശക്തമായ പ്രചാരണമാണു മൂന്നു മുന്നണികളും നടത്തിയത്. മികച്ച വിജയം നേടാനാകുമെന്നാണ് മുന്നണികളുടെ അവകാശവാദം.
എല്ലാ മണ്ഡലങ്ങളിലും മികച്ച വിജയം നേടാവുന്ന സ്ഥിതിയാണുള്ളതെന്നു യുഡിഎഫ് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. കഴിഞ്ഞ തവണ നഷ്ടമായ കളമശേരി, കോതമംഗലം, കുന്നത്തുനാട്, വൈപ്പിൻ, കൊച്ചി മണ്ഡലങ്ങൾ ഇക്കുറി തിരിച്ചുപിടിക്കും. യുഡിഎഫിൽ ഒറ്റക്കെട്ടായുള്ള പ്രചാരണവും മറ്റു തെരഞ്ഞെടുപ്പു പ്രവർത്തനങ്ങളും നടത്താനായതും നേട്ടമാണെന്ന് നേതാക്കൾ പറയുന്നു. യുഡിഎഫിലെ ഏഴു സിറ്റിംഗ് എംഎൽഎമാർ മത്സരരംഗത്തുണ്ട്.
2021ലേക്കാൾ കൂടുതൽ മണ്ഡലങ്ങളിൽ വിജയിക്കുമെന്നാണ് എൽഡിഎഫിന്റെ അവകാശവാദം. യുഡിഎഫിന്റെ സിറ്റിംഗ് സീറ്റുകൾ പലതും പിടിച്ചെടുക്കും. ചില മണ്ഡലങ്ങളിൽ അട്ടിമറിജയമുണ്ടാകുമെന്നും ഇടതുനേതാക്കൾ പറയുന്നു. എൽഡിഎഫിലെ സിറ്റിംഗ് എംഎൽഎമാർ അഞ്ചു പേരും മത്സരരംഗത്തുണ്ട്.
കുന്നത്തുനാട്, തൃപ്പൂണിത്തുറ ഉൾപ്പെടെ ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ വിജയം അവകാശപ്പെടുന്ന എൻഡിഎയും ആത്മവിശ്വാസത്തിലാണ്. ട്വന്റി 20 കൂട്ടുകെട്ടിലുള്ള ആദ്യ നിയമസഭാ തെരഞ്ഞെടുപ്പെന്നത് ആ പാർട്ടിയ്ക്കും ബിജെപിയ്ക്കും നിർണായകമാകും.
ഇന്നത്തെ കൊട്ടിക്കലാശം കഴിഞ്ഞാൽ, അവസാനവട്ട വിശകലനങ്ങളുടെയും വോട്ടുറപ്പിക്കലുകളുടെയും കണക്കുകൂട്ടലുകളുടെയും ഒരു ദിനം കൂടി. മറ്റന്നാൾ പോളിംഗ്ബൂത്തിലേക്ക്.
Tags : nattu vishesham Today's riots in the city