കോട്ടയം: ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ കുട്ടികളില്‍ തക്കാളിപ്പനി (ഹാന്‍ഡ്, ഫുട്ട് ആന്‍ഡ് മൗത്ത് ഡിസീസ്), ഇന്‍ഫ്ളുവന്‍സയും വ്യാപകമായി പടരുന്നു. ചില സ്ഥലങ്ങളില്‍ ചിക്കന്‍ പോക്സും പടരുന്നുണ്ട്. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടയില്‍ പാലാ, കിടങ്ങൂര്‍, കടപ്ലാമറ്റം, ഏറ്റുമാനൂര്‍, കോട്ടയം, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി തുടങ്ങിയ പ്രദേശങ്ങളില്‍ നിരവധി കുട്ടികള്‍ക്കാണ് തക്കാളിപ്പനി സ്ഥിരീകരിച്ചത്. കനത്ത ചൂടും കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനങ്ങളുമാണ് രോഗങ്ങള്‍ വ്യാപിക്കാന്‍ കാരണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു.
തക്കാളിപ്പനി
ഒന്നോ രണ്ടോ ദിവസത്തെ കടുത്ത പനിക്കു പിന്നാലെയാണ് പലരിലും രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നത്. പനി ആരംഭിച്ച് പിന്നീട് ശരീരത്തിലും കൈവെള്ളയിലും കാല്‍വെള്ളയിലും വായ്ക്കുള്ളിലും പിന്‍ഭാഗത്തുമെല്ലാം ചുവന്ന കുമിളകള്‍ പ്രത്യക്ഷപ്പെടും. വായ്ക്കുള്ളില്‍ കുരുക്കള്‍ ഉണ്ടാകുന്നതിനാല്‍ ഭക്ഷണവും വെള്ളവും കഴിക്കാന്‍ പ്രയാസമാണ്. വേദന, ചൊറിച്ചില്‍, അസ്വസ്ഥത എന്നിവയുണ്ടാകും.
കോക്സാക്കി എന്ന വൈറസാണ് തക്കാളിപ്പനി ഉണ്ടാക്കുന്നത്. ഇതിനു തക്കാളിയുമായി യാതൊരു ബന്ധവുമില്ലെങ്കിലും ശരീരത്തു തക്കാളി പോലെ ചുവന്നതും വളരെ ചെറുതുമായ കുമിളകള്‍ കണ്ടുവരുന്നതുകൊണ്ടാണ് തക്കാളിപ്പനി എന്ന പേരു വന്നത്.
ഏതാനും ദിവസങ്ങള്‍ക്കകം കുമിളകള്‍ ഉണങ്ങും. രണ്ടാഴ്ചയില്‍ എല്ലാ ലക്ഷണങ്ങളും ഭേദമാകും. എന്നാല്‍ ചിലര്‍ ആഴ്ചകളോളം വൈറസ് വാഹകരാകാം. മുതിര്‍ന്നവര്‍ക്ക് രോഗം പിടിപെടാനുള്ള സാധ്യത കുറവാണ്. രോഗിയുടെ സ്രവങ്ങള്‍, സ്പര്‍ശിച്ച വസ്തുക്കള്‍ എന്നിവയിലൂടെയാണ് പനി പകരുന്നത്. അങ്കണവാടി, നഴ്സറി, സ്കൂള്‍ തുടങ്ങി കുട്ടികള്‍ അടുത്തിടപഴകാന്‍ സാധ്യതയുള്ള സാഹചര്യങ്ങളില്‍ രോഗം വളരെ വേഗം പകരും.
തക്കാളിപ്പനി ബാധിച്ചവര്‍ക്കു പനിയ്ക്കുള്ള ചികിത്സ മാത്രം മതിയാകും. ആന്റിബയോട്ടിക്കുകള്‍ ആവശ്യമില്ല. കുട്ടിയുടെ ദേഹത്തുണ്ടാകുന്ന കുരുക്കള്‍ ഉണങ്ങി നാല്, അഞ്ചു ദിവസത്തിനുശേഷം കറുത്ത പാടുകളായി മാറിയശേഷം തന്നെ പൊളിഞ്ഞു പോവും. ചില കുട്ടികളില്‍ ചുമ, കഫകെട്ട്, ഛര്‍ദി എന്നിവ വരാന്‍ സാധ്യതയുണ്ട്. ഭക്ഷണവും വെള്ളവും ഇറക്കുമ്പോഴുള്ള വേദന മൂലം ആഹാരക്കുറവിനും നിര്‍ജലീകരണത്തിനും സാധ്യതയുള്ളതിനാല്‍ ഇടവിട്ട് പാനീയങ്ങളും പഴച്ചാറുകളും സൂപ്പും ഇറക്കാന്‍ എളുപ്പമുള്ള പരുവത്തില്‍ കഞ്ഞിയും നല്‍കണം.
ഇന്‍ഫ്ളുവന്‍സയും ചിക്കന്‍ പോക്സും
വായുവിലൂടെയാണ് ഇന്‍ഫ്ളുവന്‍സ പടരുന്നത്. ഇതു സാധാരണ പനിയായി തോന്നുമെങ്കിലും തൊണ്ട, മൂക്ക്, ശ്വാസകോശം എന്നിവയെ ബാധിക്കുന്ന ഇന്‍ഫ്ളുവന്‍സ ഒരു ശ്വാസകോശ വൈറസ് കൂടിയാണ്. രോഗം ബാധിച്ച വ്യക്തിയുടെ ഉമിനീര് തുള്ളികളില്‍ നിന്നുമാണ് മറ്റുള്ളവര്‍ക്ക് പകരുന്നത്. ഇന്‍ഫ്ളുവന്‍സ വൈറസ് വഹിക്കുന്ന പ്രതലങ്ങളില്‍ സ്പര്‍ശിച്ചാല്‍, ആ കൈകൊണ്ട് മൂക്കിന്മേലോ വായിലോ കണ്ണിലോ തൊട്ടാല്‍ വൈറസ് എളുപ്പത്തില്‍ മറ്റുള്ളവരുടെ ശരീരത്തില്‍ എത്തും.
ചിക്കന്‍ പോക്സ് പ്രധാനമായും സമ്പര്‍ക്കത്തിലുടെയാണ് പടരുന്നത്. വരിസെല്ല സോസ്റ്റര്‍ (Varicella-Zoster) എന്ന വൈറസ് മൂലം ഉണ്ടാകുന്ന വളരെ വേഗം പകരുന്ന ഒരു അണുബാധയാണിത്. കുട്ടികളെ മാത്രമല്ല പ്രതിരോധശേഷി ഇല്ലാത്ത ആരെയും ബാധിക്കാം. ചൊറിച്ചിലോടുകൂടിയ ചുവന്ന തടിപ്പുകളും വെള്ളം നിറഞ്ഞ കുമിളകളും ഉണ്ടാകും.
പനി, തലവേദന, ക്ഷീണം. വിശപ്പില്ലായ്മ, ശരീരവേദന തുടങ്ങിയവ പ്രധാന ലക്ഷണങ്ങളാണ്. രോഗബാധിതന് തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ ഉണ്ടാകുന്ന സ്രവങ്ങളിലൂടെയും കുമിളകളിലെ ദ്രാവകവുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയുമാണ് പടരുന്നത്.വാക്സിനേഷന് എടുത്തുകൊണ്ട് ഈ രോഗത്തെ ഫലപ്രദമായി പ്രതിരോധിക്കാന്‍ സാധിക്കും.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
പനി ബാധിച്ച കുട്ടിക്ക് എല്ലാവിധ ഭക്ഷണങ്ങളും നല്‍കാം. കുട്ടികളെ ദിവസവും കുളിപ്പിക്കാം.
ധാരാളം വെള്ളം കുടിപ്പിക്കുക, ശരീരത്തിലെ ജലാംശം നഷ്ടപ്പെട്ടാല്‍ മൂത്രത്തില്‍ പഴുപ്പ് ഉള്‍പ്പടെയുള്ള അണുബാധകള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
ചൊറിച്ചില്‍ ഉണ്ടാകുന്ന സ്ഥലങ്ങളില്‍ ഡോക്ടറുടെ നിര്‍ദേശ പ്രകാരം കലാമിന് ലോഷന്‍ പുരട്ടാം.
പനിയുള്ളപ്പോള്‍ ഡോക്ടറുടെ നിര്‍ദേശ പ്രകാരം നാലു മുതല്‍ ആറു മണിക്കൂര്‍ വരെ ഇടവിട്ട് പാരസെറ്റാമോള്‍ നല്‍കാം.
പനി കൂടാതെ നോക്കണം. പനി കൂടിയാല്‍ കുട്ടികള്‍ക്കു ഫിറ്റ്സ് ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
ചൂടില്ലാത്തതും അധികം എരുവില്ലാത്തതുമായ ആഹാരങ്ങള്‍ നല്‍കാം.
പഴങ്ങള്‍, പഴച്ചാറുകള്‍, ജ്യൂസുകള്‍ എന്നിവ ധാരാളമായി നല്‍കുക.
രോഗം ബാധിച്ചവര്‍ ധാരാളം തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കണം.
പനി പൂര്‍ണമായും ഭേദമായശേഷം മാത്രം കുട്ടിയെ സ്കൂളില്‍ അയയ്ക്കുക.
Tags : NattuVishesham DistrictNews