മാനാഞ്ചിറയിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ പരിപാടി
കോഴിക്കോട്: ദേശീയ നാഷണൽ സർവീസ് സ്കീം (എൻഎസ്എസ്) ദിനാചരണത്തിന്റെ ഭാഗമായി ലഹരിക്കെതിരെ ശക്തമായ പ്രതിരോധം തീർത്ത് കോഴിക്കോട് മാനാഞ്ചിറ സ്ക്വയറിൽ 1,700 വോളന്റിയർമാർ അണിനിരന്നു.
സംസ്ഥാന സർക്കാരിന്റെ ‘തൂഫാൻ’ ലഹരിവിരുദ്ധ പദ്ധതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ‘തൂഫാൻ കമാൻഡോകൾ’ ആയാണ് വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തത്. സംസ്ഥാന എൻഎസ്എസ് സെല്ലിന്റെ നേതൃത്വത്തിൽ കേരളത്തിലെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ ബോധവത്കരണ പരിപാടികളുടെ ഭാഗമായാണ് കോഴിക്കോട് ജില്ലാതല സംഗമം ഒരുക്കിയത്.
എൻഎസ്എസ് കാലിക്കട്ട് സർവകലാശാലയും സാമൂഹ്യനീതി വകുപ്പ് ജില്ലാ ഓഫീസും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ കാലിക്കട്ട് സർവകലാശാല എൻഎസ്എസ് വിഭാഗം, ഹയർ സെക്കൻഡറി എൻഎസ്എസ്, വിഎച്ച്എസ്ഇ., ടെക്നിക്കൽ എൻഎസ്എസ് സെൽ, ഐഎച്ച്ആർഡി. എന്നിവയിൽ നിന്നുള്ള വോളന്റിയർമാർ കണ്ണികളായി.
ലഹരിമുക്ത സമൂഹമെന്ന ലക്ഷ്യത്തോടെ യുവജനങ്ങൾക്കിടയിൽ ബോധവത്കരണം ശക്തമാക്കുന്നതിനായി മനുഷ്യച്ചങ്ങല, ലഹരിവിരുദ്ധ പ്രതിജ്ഞ, തീം സോങ് പ്രകാശനം, ലഹരിവിരുദ്ധ സന്ദേശങ്ങളടങ്ങിയ ബലൂണുകൾ ആകാശത്തേക്ക് പറത്തൽ, വിവിധ കലാപരിപാടികൾ എന്നിവയും സംഘടിപ്പിച്ചു.