വാഗമണ്‍ മൊട്ടക്കുന്നുകള്‍ സന്ദര്‍ശിക്കാന്‍ പ്രവേശന കവാടത്തിനു മുന്നില്‍ കാത്തുനില്ക്കുന്ന വിനോദസഞ്ചാരികള്‍.
തൊടുപുഴ: പൂജാ അവധി ദിനങ്ങളോടനുബന്ധിച്ച് ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ സന്ദര്‍ശകരുടെ വന്‍ തിരക്ക്. കാലാവസ്ഥ അനുകൂലമായതും നാലു ദിവസം നീണ്ടുനില്‍ക്കുന്ന അവധി ദിനങ്ങള്‍ ലഭിച്ചതുമാണ് ടൂറിസം കേന്ദ്രങ്ങളിലേക്ക് സന്ദര്‍ശകരുടെ പ്രവാഹത്തിന് കാരണമായത്. മൂന്നാര്‍, വാഗമണ്‍, തേക്കടി, ഇടുക്കി എന്നിവിടങ്ങളിലേക്കാണ് സഞ്ചാരികള്‍ ഒഴുകിയെത്തുന്നത്. സന്ദര്ശകരുമായെത്തുന്ന വാഹനങ്ങളുടെ അനിയന്ത്രിതമായ തിരക്കുമൂലം പല പാതകളും ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുന്ന അവസ്ഥയാണ്. ഡിടിപിസിയുടെ 10 വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ശനിയാഴ്ച 17,175 പേരും ഞായറാഴ്ച 28,362 പേരും സന്ദര്‍ശനം നടത്തി.
മൂന്നാറിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ മാട്ടുപ്പെട്ടി, എക്കോ പോയിന്റ്, ബൊട്ടാണിക്കല്‍ ഗാര്ഡന്, കുണ്ടള, ടോപ് സ്റ്റേഷന്, രാജമല എന്നിവിടങ്ങളിലെല്ലാം സഞ്ചാരികളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കേരളത്തിനു പുറമേ തമിഴ്നാട്, കര്‍ണാടക, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നും ഒട്ടേറെ പേര് മൂന്നാറിലേക്ക് എത്തുന്നുണ്ട്. രണ്ടു ദിവസങ്ങളിലായി മൂന്നാറിലും പരിസര പ്രദേശങ്ങളിലുമുള്ള ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും മുറി ലഭിക്കാന്‍ തന്നെ ബുദ്ധിമുട്ട് അനുഭവപ്പെട്ടതായി സഞ്ചാരികള്‍ പറഞ്ഞു. മുന്‍കൂട്ടി ബുക്ക് ചെയ്താണ് പല കുടുംബങ്ങളും മൂന്നാര്‍ സന്ദര്‍ശനത്തിനെത്തുന്നത്.
വാഗമണ്ണിലും സന്ദര്‍ശകരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. മൊട്ടക്കുന്നുകള്‍, അഡ്വഞ്ചര്‍ പാര്‍ക്ക്, പൈന്‍ കാടുകള്‍ എന്നിവിടങ്ങലിലേക്ക് സന്ദര്‍ശകരുടെ വലിയ പ്രവാഹമാണുണ്ടാകുന്നത്. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്നിന്നുള്ളവര്ക്കു പുറമേ തമിഴ്നാട്ടില്‍നിന്നുള്ള സംഘങ്ങളും വാഗമണ്ണില്‍ വ്യാപകമായി എത്തുന്നുണ്ട്. തേക്കടിയിലെ ബോട്ട് സവാരി ആസ്വദിക്കാനും പൂജ അവധിയോടനുബന്ധിച്ച് നൂറുകണക്കിന് സന്ദര്‍ശകര്‍ എത്തുന്നുണ്ട്.
ഇടുക്കി, ചെറുതോണി ഡാമുകള്‍ സന്ദര്‍ശിക്കാനും ഒട്ടേറെപ്പേര്‍ രണ്ടു ദിവസങ്ങളിലായി എത്തി. ഡിടിപിസിയുടെ നിയന്ത്രണത്തിലുള്ള പാഞ്ചാലിമേട്, രാമക്കല്‍മേട് ഉള്‍പ്പടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലും തിരക്കനുഭവപ്പെടുന്നുണ്ട്.
കുരുക്കിലായി മലയോര റോഡുകള്‍
തൊടുപുഴ: പൂജാ അവധി കണക്കിലെടുത്ത് വിനോദസഞ്ചാരികളുടെ ഒഴുക്ക് വര്‍ധിച്ചതോടെ ജില്ലയിലെ മലയോര പാതകളില്‍ ഗതാഗതക്കുരുക്ക് രൂക്ഷം. മൂന്നാര്‍, വാഗമണ്‍, തേക്കടി തുടങ്ങി പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് മറ്റു സംസ്ഥാനങ്ങളില്നിന്നുള്പ്പടെയുള്ള സഞ്ചാരികളുടെ ഒഴുക്ക് തുടരുന്നതോടെയാണ് റോഡുകള്‍ ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുന്ന സ്ഥിതിയിലെത്തിയത്. വാഹന പാര്‍ക്കിംഗിന് മതിയായ സൗകര്യമില്ലാത്തതും റോഡരികിലെ പാര്‍ക്കിംഗും ഗതാഗത തടസത്തിനു കാരണമാകുന്നുണ്ട്. മൂന്നാര്‍ -മാട്ടുപ്പെട്ടി, മൂന്നാര്‍-മറയൂര്‍, മൂന്നാര്‍-ആനച്ചാല്‍ എന്നീ റോഡുകള്‍ നാലു ദിവസമായി ഗതാഗതക്കുരുക്കിന്റെ പിടിയിലാണ്. മണിക്കൂറുകള്‍ കുരുക്കിലാകുന്നതോടെ യാത്രക്കാര്‍ക്ക് ഭക്ഷണംപോലും ലഭിക്കാത്ത അവസ്ഥയാണ്.
കൊച്ചി -ധനുഷ്കോടി ദേശീയപാതയില്‍ നേര്യമംഗലം മുതല്‍ വാളറ വരെയുള്ള 14.5 കിലോമീറ്റര്‍ ദൂരത്തിലും ഗതാഗതക്കുരുക്ക് ദൃശ്യമാണ്. സ്വകാര്യ വ്യക്തി ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയെത്തുടര്‍ന്നു പാതയിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടു കിടക്കുന്നതും വിനയായി. ദേശീയപാതയില്‍ മൂന്നാര്‍ മുതല്‍ പൂപ്പാറ വരെയും മറയൂര്‍-ഉദുമല്‍പേട്ട അന്തര്‍സംസ്ഥാന പാതയിലും ഗതാഗതക്കുരുക്കുണ്ട്. ഏലപ്പാറ - വാഗമണ്‍ റോഡ്, കുട്ടിക്കാനം-കട്ടപ്പന മലോര ഹൈവേ, പരപ്പ്- ഉപ്പുതറ-വളകോട്-വാഗമണ്‍ റോഡ്, കാഞ്ഞാര്‍ -പുള്ളിക്കാനം-വാഗമണ്‍ റോഡ്, കൊട്ടാരക്കര-ദിണ്ഡിഗല്‍ ദേശീയപാത എന്നിവിടങ്ങളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പ്രധാന ടൂറിസം കേന്ദ്രമായ വാഗമണിലേക്കുള്ള എല്ലാ പാതകളുടെയും വീതിക്കുറവും റോഡിന്റെ ശോച്യാവസ്ഥയും സഞ്ചാരികളെ ദുരിതത്തിലാക്കുന്നു. ദേശീയപാതയുടെ ഭാഗമായ കുമളി ടൗണ്‍, കുമളി ചെളിമട, കുമളി-മൂന്നാര്‍ റോഡിലെ ഒന്നാംമൈല്‍ എന്നിവിടങ്ങളില്‍ ഗതാഗതക്കുരുക്ക് പതിവാണ്. സഞ്ചാരികളുടെ വാഹനങ്ങള്‍ക്കു പുറമേ ശബരിമല തീര്‍ഥാടക വാഹനങ്ങളുംകൂടി എത്തുന്നതിനാലാണ് കുമളിയില്‍ തിരക്ക് വര്‍ധിച്ചത്.
Tags :