അഗ്നിബാധ ബക്കറ്റിൽ വെള്ളം കോരിയൊഴിച്ച് തീ കെടുത്തുന്നു.
ഫയർഫോഴ്സിനും എത്തിപ്പെടാനാകുന്നില്ല: ബക്കറ്റിൽ വെള്ളമെത്തിച്ച് തീകെടുത്തി
ആലപ്പുഴ: ജില്ലാക്കോടതിപ്പാലം നിർമാണം നടക്കുന്നതിനു സമീപമുണ്ടായ അഗ്നിബാധ ബക്കറ്റിൽ വെള്ളമൊഴിച്ചു കെടുത്തി ഫയർഫോഴ്സ്. ഇന്നലെ രാവിലെ പത്തിനായിരുന്നു നഗരത്തിൽ കബീർ പ്ലാസയ്ക്കു പിറകിലായി വൈദ്യത കേബിളുകൾക്ക് തീപിടിച്ചത്. ജില്ലാ കോടതിപ്പാലത്തിന്റെ സർവീസ് റോഡിന് വീതിയില്ലാത്തതിനാൽ ഫയർഎൻജിന് ഇങ്ങോട്ട് കയറാനായില്ല. തുടർന്നാണ് ബക്കറ്റിൽ വെള്ളമെടുത്ത് ഫയർഫോഴ്സ് തീയണച്ചത്. തീ പടർന്ന ഉടനെ സമീപത്തെ ഹോട്ടലുടമ സുരേഷ് ഫയർഫോഴ്സിൽ വിവരമറയിച്ചതിനാൽ തീ വൻതോതിൽ പടർന്നില്ല.
സർവീസ് റോഡിന് വീതിയില്ലെന്നും സമീപത്ത വ്യാപാര സമുച്ചയങ്ങളിലോ പ്രദേശത്തോ എന്തെങ്കിലും അത്യാഹിതമുണ്ടായാൽ ആബുലൻസിനോ ഫയർഫോഴ്സിനോ എത്താനാവില്ലെന്നും കാട്ടി നേരത്തെ വ്യാപാരികളും പ്രദേശവാസികളും ധാരാളം പരാതികൾ നൽകിയിരുന്നതാണ്. അതിനു തെളിവാണ് ഇന്നലെയുണ്ടായ അഗ്നിബാധ.
ജില്ലാക്കോടതിപ്പാലം നിർമാണവുമായി ബന്ധപ്പെട്ട് വ്യാപാരികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി എംഎൽഎക്കു പരാതി നൽകിയിരിക്കുകയാണിവർ.
ജില്ലാകോടതി പാലത്തിന്റെ തെക്കേക്കര പടിഞ്ഞാറു ഭാഗത്ത് നടന്നുകൊണ്ടിരിക്കുന്ന റോഡ് നിർമാണവുമായി ബന്ധപ്പെട്ട് പ്രദേശവാസികൾ ഗുരുതരമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
രണ്ടു വർഷം മുൻപ് കളക്ടറുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ ഏഴു മീറ്റർ വീതിയിൽ റോഡ് അനുവദിക്കാമെന്ന് ഉറപ്പുനൽകിയിരുന്നതാണ്. എന്നാൽ, ആ വാഗ്ദാനം ലംഘിക്കപ്പെട്ടു. നിരന്തരമായ ആവശ്യങ്ങൾക്കൊടുവിൽ കേവലം രണ്ടു മീറ്റർ വീതി മാത്രമുള്ള വഴിയാണ് ലഭിച്ചിട്ടുള്ളത്. ഇതിന്റെ നടുവിലായി വൈദ്യുതി പോസ്റ്റുകൾ സ്ഥിതിചെയ്യുന്നത് കാരണം ഗതാഗതം തീർത്തും അസാധ്യമാണ്.
ഈ പ്രദേശത്ത് നിരവധി മുതിർന്ന പൗരന്മാർ താമസിക്കുന്നുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ ആംബുലൻസിനോ ഫയർഫോഴ്സിനോ ഇവിടെ എത്തിച്ചേരാൻ കഴിയില്ല. പ്രദേശത്തെ നാല് ബഹുനില കെട്ടിടങ്ങളുടെ സമീപം 20 അടി ഉയരമുള്ള മതിൽ നിലനിൽക്കുന്നതിനാൽ, അഗ്നിബാധ പോലെയുള്ള അപകടങ്ങൾ ഉണ്ടായാൽ രക്ഷാപ്രവർത്തനം അസാധ്യമാണ്.
റോഡ് നിർമാണം വർഷങ്ങളായി നീണ്ടുപോകുന്നത് മൂലം ഇവിടത്തെ കച്ചവട സ്ഥാപനങ്ങൾ അടച്ചുപൂട്ടൽ ഭീഷണിയിലാണ്. നൂറോളം തൊഴിലാളികളുടെ ഉപജീവനമാർഗമാണ് ഇതിലൂടെ നഷ്ടപ്പെടുന്നത്.
വൈദ്യുതി പോസ്റ്റുകൾ മാറ്റി സ്ഥാപിക്കണം
റോഡ് നിർമാണത്തിലെ പ്രധാന തടസം വശങ്ങിൽ സ്ഥിതിചെയ്യുന്ന വൈദ്യുതി പോസ്റ്റുകളാണ്. ഇവ നിലവിലുള്ള സ്ഥലത്തുനിന്ന് ഏകദേശം നാലടി പുറകിൽ തെക്ക് വശത്തേക്ക് മാറ്റി സ്ഥാപിച്ചാൽ മാത്രമേ റോഡ് പൂർണമായി സഞ്ചാരയോഗ്യമാക്കാൻ സാധിക്കൂ. ഇതിനായി പലതവണ അധികൃതരെ സമീപിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
പൊതുജനങ്ങളുടെ മൗലികമായ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന ഈ സാഹചര്യത്തിൽ, വരുന്ന മൂന്നു ദിവസത്തിനുള്ളിൽ അടിയന്തരമായി വൈദ്യുതി പോസ്റ്റുകൾ മാറ്റി സ്ഥാപിക്കാനും ഗതാഗതയോഗ്യമായ ഒരു സർവീസ് റോഡ് ഒരുക്കാനും അടിയന്തര നടപടി ഉണ്ടാവണമെന്ന് വ്യാപാരികൾ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.
Tags : Local News Nattuvishesham Traders approach MLA Court bridge service road