കാഞ്ഞിരപ്പള്ളി: ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനായി ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയിലെടുത്ത തീരുമാനങ്ങള്‍ 18 മുതൽ നടപ്പിലാക്കുമെന്ന് പഞ്ചായത്ത് ഭരണസമിതിയംഗങ്ങളും പോലീസും പത്രസമ്മേളനത്തില്‍ അറിയിച്ചു.
ബസ് സ്റ്റോപ്പുകളിലെ മാറ്റങ്ങളടക്കമുള്ള ഗതാഗത നിയന്ത്രണങ്ങളാണ് നടപ്പാക്കുന്നത്. ദേശീയപാതയിലും കാഞ്ഞിരപ്പള്ളി-തമ്പലക്കാട് റോഡിലും പാര്‍ക്കിംഗ് നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തും. ടിവിഎസ് റോഡില്‍ വണ്‍വേ സംവിധാനം കൊണ്ടുവരും. ഗതാഗത പരിഷ്കാരങ്ങള്‍ നടത്തുന്നതിനു മുന്‍പായി ബോര്‍ഡുകളും മറ്റ് സിഗ്നല്‍ സംവിധാനങ്ങളും സ്ഥാപിക്കുമെന്ന് ഭരണസമിതിയംഗങ്ങള്‍ അറിയിച്ചു.
പുതിയ പരിഷ്കാരങ്ങൾ
കാഞ്ഞിരപ്പള്ളി ടൗണിലെ റോഡിന് ഇരുവശത്തെയും അനധികൃത പാര്‍ക്കിംഗ് നിരോധിക്കും.
കുരിശുങ്കൽ ജംഗ്ഷനിൽ കോട്ടയം, ചങ്ങനാശേരി ഭാഗത്തേക്ക് പോകുന്ന ബസുകള്‍ കൃത്യമായി വെയ്റ്റിംഗ് ഷെഡിന് മുന്പിൽ നിര്‍ത്തുക. ബസ് ബേ, ബസ് സ്റ്റോപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കും.
കുരിശുങ്കൽ ജംഗ്ഷനിൽ മുണ്ടക്കയം ഭാഗത്തേക്കുള്ള ബസുകള്‍ കുരിശുകവല പോസ്റ്റ്ഓഫീസിന് മുന്‍ഭാഗത്തെ ബസ് സ്റ്റോപ്പില്‍നിന്നു 30 മീറ്റര്‍ മുന്നോട്ടു മാറ്റിനിര്‍ത്തണം. ഈ ഭാഗത്ത് ബസ് സ്റ്റോപ്പ് ബോര്‍ഡ് സ്ഥാപിക്കും.
കുരിശുങ്കൽ ജംഗ്ഷനിൽ വെയ്റ്റിംഗ് ഷെഡിലെ അനധികൃത കൈയേറ്റം ഒഴിപ്പിക്കും.
കുരിശുങ്കൽ ജംഗ്ഷനിൽ മണിമല, ചേനപ്പാടി ഭാഗത്തേക്ക് പോകുന്ന ബസുകള്‍ വഴിയിടം കെട്ടിടത്തിന് മുന്‍പിലായി നിര്‍ത്തും. ഈ സ്ഥലത്ത് ബസ് സ്റ്റോപ്പ് ബോര്‍ഡ് സ്ഥാപിക്കും.
ബസ് സ്റ്റാന്‍ഡിനുള്ളില്‍ ബസുകള്‍ കൂടാതെ പ്രൈവറ്റ് വാഹനങ്ങള്‍ സഞ്ചരിക്കുന്നതും പാര്‍ക്ക് ചെയ്യുന്നതും നിരോധിക്കും.
രാവിലെ എട്ടുമുതല്‍ 10.30 വരെയും ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ 5.30 വരെയും കാഞ്ഞിരപ്പള്ളി ടൗണ്‍ പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളില്‍ കയറ്റിറക്ക് ജോലികള്‍ ഒഴിവാക്കണം.
ബസ് സ്റ്റാന്‍ഡിനു സമീപം ടിവിഎസ് റോഡിലേക്ക് കെകെ റോഡില്‍നിന്നു വരുന്ന വാഹനങ്ങള്‍ വണ്‍വേ ആയി മാത്രം പ്രവേശിപ്പിക്കും.
ടിവിഎസ് റോഡില്‍നിന്നു കെകെ റോഡിലേക്ക് വാഹനങ്ങള്‍ പ്രവേശിക്കാൻ പാടില്ല.
പേട്ടക്കവലയില്‍ മുണ്ടക്കയം ഭാഗത്തേക്കുള്ള ബസുകള്‍ നിലവിലുള്ള വെയ്റ്റിംഗ് ഷെഡിന്റെ മുന്പില് നിന്ന് അമീന് ബേക്കറിയുടെ മുന്‍പിലായി മാറ്റി നിര്‍ത്തണം. ഈ ഭാഗത്ത് ബസ് സ്റ്റോപ്പ് ബോര്‍ഡ് സ്ഥാപിക്കും.
കാഞ്ഞിരപ്പള്ളി പേട്ടക്കവലയില്‍ കോട്ടയം ഭാഗത്തേക്കുള്ള ബസുകള്‍ അലീന ഗിഫ്റ്റ് ഹൗസിന് മുന്‍ഭാഗത്തായി നിര്‍ത്തണം. ഈ സ്ഥലത്ത് ബസ് സ്റ്റോപ്പ് ബോര്‍ഡ് സ്ഥാപിക്കും.
നിലവിലുള്ള ബസ് സ്റ്റോപ്പില്‍ പുതിയ ബസ് സ്റ്റോപ്പ് 80 മീറ്റര്‍ പിന്നിലേക്ക് മാറ്റിയിരിക്കുന്നുവെന്ന ബോര്‍ഡ് സ്ഥാപിക്കും.
കാഞ്ഞിരപ്പള്ളി പേട്ടക്കവല മുതല്‍ പൂതക്കുഴി വരെയുള്ള റോഡിലെ ആക്രി, വഴിയോര കച്ചവടം മൂലമുള്ള തടസങ്ങള്‍ ഒഴിവാക്കും.
ഈരാറ്റുപേട്ട ഭാഗത്തുനിന്നു കാഞ്ഞിരപ്പള്ളിക്ക് വരുന്ന ബസുകള്‍ മുത്തൂറ്റ് ബാങ്കിന് മുന്‍ഭാഗത്തായി നിര്‍ത്തണം. ഈ ഭാഗത്ത് ബസ് സ്റ്റോപ്പ് ബോര്‍ഡ് സ്ഥാപിക്കും.
കാഞ്ഞിരപ്പള്ളി-തമ്പലക്കാട് റോഡിന്റെ വലതുവശത്ത് മാത്രമേ പാര്‍ക്ക് ചെയ്യാൻ പാടുള്ളൂ.
കാഞ്ഞിരപ്പള്ളിയില്‍നിന്നു തമ്പലക്കാട്ടേക്ക് പോകുന്ന ബസുകള്‍ പുത്തനങ്ങാടി ഭാഗത്ത് ജനത ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറിന്റെ എതിര്‍വശത്തായി നിര്‍ത്തണം. ഇവിടെ ബസ് സ്റ്റോപ്പ് ബോര്‍ഡ് സ്ഥാപിക്കും.
ഇരുപത്താറാംമൈല്‍, പേട്ടക്കവല, പുത്തനങ്ങാടി, കുരിശുകവല എന്നിവിടങ്ങളില്‍ സിസി കാമറകള്‍ സ്ഥാപിക്കും.
കാഞ്ഞിരപ്പള്ളി അക്കരപ്പള്ളിയുടെപാര്ക്കിംഗ് ഗ്രൗണ്ടില്‍നിന്നുള്ള വാഹനങ്ങള്‍ റോഡിന്റെ ഇടതുവശം കൂടി മാത്രം കെകെ റോഡിലേക്ക് പ്രവേശിക്കണം. വലതുവശത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ഇടത്തേക്ക് ഇറങ്ങി പേട്ടക്കവലയില്‍ യു ടേണ്‍ എടുത്തു പോകേണ്ടതാണ്.
കിഴക്കു ഭാഗത്തുനിന്നും ഈരാറ്റുപേട്ട ഭാഗത്തുനിന്നും അക്കരപ്പള്ളിയിലേക്ക് പോകേണ്ട വാഹനങ്ങള്‍ ഈരാറ്റുപേട്ട റോഡ് വഴി അക്കരപ്പള്ളിയിലേക്ക് കയറുക.
പുല്‍പ്പേല്‍ ടെക്സ്റ്റൈല്‍സിന്റെ മുന്‍വശം മുതല്‍ ടിവിഎസ് റോഡ് വരെയുള്ള ഭാഗത്ത് ഇരുചക്ര വാഹനങ്ങള്‍ 10 മിനിറ്റില്‍ കൂടുതല്‍ പാര്‍ക്ക് ചെയ്യുന്നത് ശിക്ഷാര്‍ഹമായിരിക്കും.
കാഞ്ഞിരപ്പള്ളി ടൗണിലെ ട്രാഫിക്കില്‍ വരുത്തുന്ന മാറ്റങ്ങള്‍ വലിയ ബോര്‍ഡില്‍ നിര്‍ദേശങ്ങളായി ഡ്രൈവര്‍മാര്‍ക്ക് ശ്രദ്ധ കിട്ടുന്ന രീതിയില്‍ പ്രദര്‍ശിപ്പിക്കും.
എല്ലാ ബസ് സ്റ്റോപ്പുകളിലും അനധികൃത പാര്‍ക്കിംഗ് ശിക്ഷാര്‍ഹം എന്ന ബോര്‍ഡുകള്‍ സ്ഥാപിക്കും. ടൗണില്‍ പാര്‍ക്കിംഗ് ആന്‍ഡ് നോ പാര്‍ക്കിംഗ് ബോര്‍ഡുകള്‍ സ്ഥാപിക്കും.
കാഞ്ഞിരപ്പള്ളി വഴി കടന്നുപോകുന്ന എല്ലാ പ്രൈവറ്റ് ബസ് ജീവനക്കാര്‍ക്കും ഐഡി കാര്‍ഡ് നിര്‍ബന്ധമാക്കും.
പത്രസമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് സുനി പത്യാല, വൈസ് പ്രസിഡന്റ് സുനില്‍ തേനംമാക്കല്‍, എസ്എച്ച്ഒ സി.കെ. മനോജ്, സ്ഥിരം സമിതി അധ്യക്ഷരായ കൊച്ചുറാണി തോമസ്, മനോജ് മാത്യു, വാര്‍ഡംഗം ജോയി മുണ്ടാമ്പള്ളി എന്നിവര്‍ പങ്കെടുത്തു.