ആലുവ മാർത്താണ്ഡവർമ പഴയ പാലം
ആലുവ: മാർത്താണ്ഡവർമ പഴയ പാലം അറ്റകുറ്റപ്പണിക്കായി നാളെ മുതൽ നവംബർ ആറു വരെ 10 ദിവസം പൂർണമായും അടച്ചിടുന്നതിന്റെ ഭാഗമായി ആലുവയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ഈ സാഹചര്യത്തിൽ എയർപോർട്ടിലേക്ക് പോകുന്ന യാത്രക്കാരടക്കം ഗതാഗത നിയന്ത്രണം മുൻകൂട്ടികണ്ട് യാത്രാസമയം ക്രമീകരിക്കണമെന്നും ഈ സമയങ്ങളിൽ പൊതുഗതാഗതം പരമാവധി ഉപയോഗിക്കണമെന്നും പൊലിസ് അറിയിച്ചു.
ആവശ്യ സാഹചര്യങ്ങളിൽ ആലുവ ടൗൺ വൺവേ ട്രാഫിക്കിലേക്ക് മാറ്റം വരുത്തും. മാർത്താണ്ഡവർമ പുതിയ പാലത്തിൽ കൂടി ഇരുവശങ്ങിലെക്കും ഒരു വരിയായി ഒരേ സമയം ഗതാഗത ക്രമീകരിച്ചിട്ടുണ്ട്.
ഗതാഗത ക്രമീകരണം ഇങ്ങനെ
തൃശൂർ ഭാഗത്തു നിന്ന് എറണാകുളം ഭാഗത്തേക്ക് വരുന്ന എല്ലാ വലിയ ഭാര വാഹനങ്ങളും (ഗ്യാസ് പെട്രോളിയം ടാങ്കർ, കണ്ടെയ്നർ, ടോറസ് ഉൾപ്പടെ) ഇരിങ്ങാലക്കുടയിൽ നിന്ന് തിരിഞ്ഞ് കൊടുങ്ങല്ലൂർ, പറവൂർ, ചേരാനല്ലൂർ സിഗ്നൽ റോഡ് വഴി തിരിഞ്ഞു പോകണം.
തൃശൂർ ഭാഗത്തു നിന്ന് ആലുവ ഭാഗത്തേക്ക് വരുന്ന എല്ലാ വലിയ ഭാരവാഹനങ്ങളും അങ്കമാലിയിൽ നിന്ന് തിരിഞ്ഞ് കാലടി പെരുമ്പാവൂർ റോഡ് വഴി തിരിഞ്ഞു പോകണം.
എറണാകുളം, വൈറ്റില ഭാഗത്തു നിന്നു വരുന്ന എല്ലാ വലിയ ഭാരവാഹനങ്ങളും ഇടപ്പള്ളിയിൽ നിന്നു തിരിഞ്ഞ് ചേരാനല്ലൂർ സിഗ്നൽ വഴി പറവൂർ കൊടുങ്ങല്ലൂർ റോഡ് വഴി തിരിഞ്ഞു പോകണം.
കാക്കനാട് ഭാഗത്തു നിന്നു വരുന്ന എല്ലാ വലിയ ഭാരവാഹനങ്ങളും കളമശേരി കണ്ടെയ്നർ റോഡ് വഴി തിരിഞ്ഞു പറവൂർ കൊടുങ്ങല്ലൂർ റോഡ് വഴി പോകണം. കളമശേരി, അങ്കമാലി ഭാഗത്തു നിന്ന് യാതൊരുവിധ ഭാരവാഹനങ്ങളും ആലുവ ഭാഗത്തേക്ക് ഈ ദിവസങ്ങളിൽ കടത്തിവിടുന്നതല്ല.
വരാപ്പുഴ കടുങ്ങല്ലുർ ഭാഗത്ത് നിന്ന് ആലുവ ഭാഗത്തേക്ക് വരുന്ന ബസുകൾ ഉൾപ്പടെയുള്ള വലിയ വാഹനങ്ങൾ കടുങ്ങല്ലുർ ജംഗ്ഷനിൽ നിന്നു തിരിഞ്ഞ് യുസി കോളജ് റോഡ് വഴി പറവൂർ കവല സിഗ്നലിൽ വന്ന് ആലുവ ഭാഗത്തേക്ക് യാത്ര തുടരണം. ആലുവയിൽ നിന്നു വരാപ്പുഴ, കടുങ്ങല്ലൂർ ഭാഗത്തേക്ക് യാത്ര ചെയ്യുന്ന വാഹനങ്ങൾ തോട്ടക്കാട്ടുകര ജംഗ്ഷനിൽ നിന്ന് ഇടത് തിരിഞ്ഞ്, കടുങ്ങല്ലൂർ റോഡ് വഴി പഴയ രീതിയിൽ യാത്ര തുടരാം.
പറവൂർ കവല, തോട്ടക്കാട്ടുകര സർവീസ് റോഡിൽ പറവൂർ കവലയിൽ നിന്നു ഗതാഗതം അനുവദിക്കില്ല. അങ്കമാലി പറവൂർ ഭാഗത്ത് നിന്ന് വരുന്ന ബസുകൾ ഉൾപ്പടെയുള്ള മുഴുവൻ വാഹനങ്ങളും പറവൂർ കവലയിൽ നിന്നു മണപ്പുറം ഭാഗത്തേക്ക് തിരിയാതെ ഹൈവേ മാർഗം മാത്രം സഞ്ചരിക്കേണ്ടതാണ്.
Tags :