മാളയിൽ ഓടിക്കൊണ്ടിരുന്ന ബസിനു മുകളിലേക്ക് മരം ഒടിഞ്ഞുവീണപ്പോൾ.
മാള: ഓടിക്കൊണ്ടിരിക്കുന്ന ബസിനു മുകളിൽ മരം ഒടിഞ്ഞുവീണ് അപകടം. ബസിന്റെ മുൻവശം സാരമായി തകർന്നെങ്കിലും യാത്രക്കാർ രക്ഷപ്പെട്ടു. മാള - ആലുവ റോഡിൽ മാള യഹൂദ സെമിത്തേരിയിലെ മരമാണ് റോഡിലേക്ക് ഒടിഞ്ഞു വീണത്.
ഡ്രൈവർ അവസരോചിതമായി ബസ് ഉടൻ നിർത്തിയതിനാൽ വലിയ അപകടം ഒഴിവായി. ബസിന്റെ ഗ്ലാസ് തകർന്നു. ഇന്നലെ രാവിലെയാണ് സംഭവം. ആലുവയിൽ നിന്നും മാളയിലേക്ക് വരികയായിരുന്നു ബസ്.
ഓടിക്കൊണ്ടിരിക്കെ വലിയ ശബ്ദത്തിൽ മുകളിലേക്ക് പ്ലാവ് വീഴുകയായിരുന്നു. നാട്ടുകാർ ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തി. മരം മുറിച്ച് മാറ്റുകയും ചെയ്തു. രണ്ട് മണിക്കൂറോളം ഗതാഗത തടസം നേരിട്ടു.
Tags : Tree falls NattuVishasham DistrictNews