തൃശൂർ: മഞ്ഞുകാലത്തിന്റെ കുളിരും മനസിൽ ക്രിസ്മസ് പാട്ടുകളുടെ ഈണവുമായി നാടും നഗരവും ക്രിസ്മസ് തിരക്കിൽ. പുത്തൻപള്ളിയും പരിസരവും ചുവപ്പും വെള്ളയും നിറങ്ങളണിഞ്ഞു. നഗരവിപണിയിൽ കൂടുതൽ ശ്രദ്ധ നേടുന്നതു പുതുമയാർന്ന ക്രിസ്മസ് ട്രീകളാണ്. 40 രൂപയുടെ മിനിയേച്ചർ മുതൽ 20,000 രൂപയുടെ പടുകൂറ്റൻ ട്രീകൾവരെ വിപണിയിൽ നിരന്നു.
മഞ്ഞുപുതച്ച മരങ്ങൾ;മനം കവർന്ന് സ്നോ ട്രീ
ഇത്തവണ മനം കവരുന്നത് വൈറ്റ്സ്നോ ട്രീകളാണ്. മഞ്ഞു പുതച്ചുനിൽക്കുന്ന പൈൻ മരങ്ങളെ ഓർമപ്പെടുത്തുന്ന ഈ ട്രീകൾക്ക് ആവശ്യക്കാരേറെയാണ്. പൂർണമായി മഞ്ഞുപുതച്ചവിധം വെളുത്ത ഇലകളും ശിഖരങ്ങളുമായി നിർമിച്ച ഇവയ്ക്ക് ഏകദേശം 3,500 രൂപ യാണ് വില (അഞ്ചടി).
ഇലകൾക്കുപകരം വർണപ്പൂക്കളും ശലഭങ്ങളും വിരിഞ്ഞുനിൽക്കുന്ന ലില്ലിപ്പൂ ട്രീകൾ (1,500 രൂപ മുതൽ) ഇത്തവണത്തെ പുതുമയാണ്.
ഒറിജിനൽമരം പോലെ തോന്നിക്കുന്ന 12 അടിയുള്ള രാജകീയ ട്രീയ്ക്ക് 19,500 രൂപയാണ് നിരക്ക്.
മിന്നിത്തിളങ്ങാൻഎൽഇഡി ട്രീകൾ
സിൽവർ, ബ്ലൂ, റോസ്, റെഡ് ആൻഡ് ബ്ലാക്ക് ഷേഡുകളിലുള്ള ട്രീകൾ നഗരത്തിലെ ഷോപ്പുകളെ വർണാഭമാക്കുന്നു. പ്ലഗ് കുത്തിയാൽ സ്വയം കത്തുന്ന ലൈറ്റുകൾ പിടിപ്പിച്ച ഇൻബിൽറ്റ് ലൈറ്റ് ട്രീകൾക്കാണ് ഇത്തവണ ഡിമാൻഡ് കൂടുതൽ. അലങ്കാരപ്പണികൾ എളുപ്പമാക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത.
ടെൻഷൻ വേണ്ട...വില കൂട്ടിയിട്ടില്ല
വിലക്കയറ്റത്തിന്റെ ഭീഷണികൾക്കിടയിലും സാധാരണക്കാരെ നിരാശരാക്കാതെ, കഴിഞ്ഞവർഷത്തെ അതേ നിരക്കിലാണ് മിക്ക വ്യാപാരികളും ട്രീകൾ എത്തിച്ചിരിക്കുന്നത്. കേരളത്തിനകത്തും പുറത്തുനിന്നുമായി ട്രീകളുടെ വൻശേഖരം തൃശൂരിലേക്ക് ഒഴുകിയിട്ടുണ്ട്.
കുട്ടികളുള്ള വീടുകളിൽനിന്നാണ് കൂടുതൽ ആവശ്യക്കാർ എത്തുന്നത്. നക്ഷത്രങ്ങൾക്കും എൽഇഡി ലൈറ്റുകൾക്കും പുറമെ സാന്താക്ലോസ് രൂപങ്ങൾക്കും ഇത്തവണ പ്രിയമേറെയാണെന്നു കച്ചവടക്കാർ പറഞ്ഞു.
ക്രിസ്മസ് വൈബിൽ നഗരം
ക്രിസ്മസ് ട്രീകളും ലൈറ്റുകളും നിറഞ്ഞതോടെ നഗരം പൂർണമായും ക്രിസ്മസ് വൈബിലേക്കു മാറിക്കഴിഞ്ഞു. വരുംദിവസങ്ങളിൽ കൂടുതൽ വിലക്കുറവ് പ്രഖ്യാപിച്ച് ഉപഭോക്താക്കളെ ആകർഷിക്കാനുള്ള തത്രപ്പാടിലാണ് വ്യാപാരികൾ.
Tags : nattu vishashesham Tree Pooram