പൈപ്പ് ലൈൻ നന്നാക്കുന്നതിനിടയിൽ മരം കടപുഴകി വീണപ്പോൾ.
പാലക്കാട്: വാട്ടർ അഥോറിറ്റിയുടെ കുടിവെള്ളപൈപ്പ് പൊട്ടിയത് ശരിയാക്കാനുള്ള പണികൾക്കിടയിൽ ലൈനിൽ നിന്നിരുന്ന വാകമരം കടപുഴകി വീണു. ജോലിക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു.
മരച്ചില്ലകൾ വെട്ടാൻ കയറിയ തൊഴിലാളി പിടുത്തംതെറ്റി താഴെ വീണെങ്കിലും കാര്യമായ പരിക്കില്ലെന്നു അധികൃതർ പറഞ്ഞു. വ്യാഴാഴ്ച ഉച്ചക്ക് രണ്ടോടെയാണ് മലമ്പുഴ നൂറടി റോഡിൽ ചിന്മയ കോളജ് പരിസരത്ത് പൈപ്പ് പൊട്ടിയത്.
വിവരമറിഞ്ഞെത്തിയ അധികൃതർ മേൽനടപടികൾ സ്വീകരിച്ചു. വെള്ളിയാഴ്ച രാവിലെ ജെസിബി ഉപയോഗിച്ച് മണ്ണു മാന്തുന്നതിനിടയിലാണ് ലൈനിൽ നിന്നിരുന്ന വാകമരം കടപുഴകി വീണത്.അതോടുകൂടി വൺവേയിലെ ഗതാഗതം തടസപ്പെട്ടു.
മരച്ചില്ലകൾ പെട്ടെന്ന് വെട്ടിമാറ്റി ഗതാഗതം നിയന്ത്രിച്ചു. പൊലിസും സ്ഥലത്തെത്തിയിരുന്നു. അറ്റകുറ്റപ്പണി പൂർത്തിയായി പൂർവസ്ഥിതിയിലാക്കാൻ രണ്ടുദിവസമെങ്കിലും വേണ്ടിവരുമെന്നും ഈ ദിവസങ്ങളിൽ പാലക്കാട് നഗരപ്രദേശം, മൂത്താൻതറ, യാക്കര, വെണ്ണക്കര, തിരുനെല്ലായി, പിരിയിരി തുടങ്ങിയ പ്രദേശങ്ങളിൽ കുടിവെള്ളം മുടങ്ങുമെന്നു വാട്ടർ അഥോറിറ്റി അധികൃതർ അറിയിച്ചു.
Tags : NattuVishesham DistricteNews