മൂലമറ്റം: തമിഴ്നാട്ടില്‍നിന്നു ഗൂഗിള്‍ മാപ്പ് നോക്കി എത്തിയ തടി ലോറി തൊടുപുഴ - വാഗമണ്‍ റോഡിലെ കുത്തനെയുള്ള ഇറക്കത്തില്‍ നിയന്ത്രണംവിട്ട് തിട്ടയിലിടിച്ച് മറിഞ്ഞു. ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ വന്‍ ദുരന്തം ഒഴിവായി.
തേനിയില്‍നിന്നു പെരുമ്പാവൂരിലേക്ക് തടിയുമായി പോകുകയായിരുന്നു ലോറി. കുമളിയില്‍നിന്നു കുട്ടിക്കാനം വഴി ദേശീയപാതയിലൂടെ പോകേണ്ട ലോറി വഴി തെറ്റിയാണ് ഇതുവഴിയെത്തിയത്. ഇന്നലെ രാവിലെ പത്തോടെ പുള്ളിക്കാനത്തിന് സമീപം കുമ്പങ്കാനം വളവിലായിരുന്നു അപകടം. വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിനിടയാക്കിയത്. തേനി വത്തലഗുണ്ട് സ്വദേശികളായ കാശിരാജ്, കാര്‍ത്തി എന്നിവരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്.
കുത്തനെയുള്ള ഇറക്കം ഇറങ്ങിവരുന്നതിനിടെ ബ്രേക്ക് നഷ്ടപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍ കാശിരാജ് കാട്ടിയ മനോധൈര്യമാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്. നിയന്ത്രണം നഷ്ടപ്പെട്ട ലോറിക്ക് മുന്പില് വാഗമണ്ണിലേക്ക് പോകുകയായിരുന്ന ഒരു കാര്‍ ഉണ്ടായിരുന്നു. വലതുവശത്തെ കൊക്കയിലേക്കു പതിക്കാതിരിക്കാനും മുന്നിലെ കാറിലേക്കു പാഞ്ഞുകയറാതിരിക്കാനുമായി ഡ്രൈവര്‍ ഇടതുവശത്തെ തിട്ടയിലേക്കു ലോറി ഇടിച്ചുകയറ്റുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ലോറി സമീപത്തെ പുതുപ്പടിക്കല് സജിയുടെ വീട്ടുമുറ്റത്തേക്ക് മറിയുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ സജിയും കുടുംബാംഗങ്ങളും ചേര്‍ന്ന് ലോറിയുടെ മുന്‍വശത്തെ ഗ്ലാസ് തകര്‍ത്താണ് ഡ്രൈവറെയും സഹായിയെയും പുറത്തെടുത്തത്. ഇരുവരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
കുത്തനെയുള്ള ഇറക്കവും കൊടുംവളവുകളും നിറഞ്ഞ ഈ പാതയെക്കുറിച്ച് ധാരണയില്ലാതെ ഗൂഗിള്‍മാപ്പിനെ മാത്രം ആശ്രയിച്ച് വാഹനം ഓടിച്ചതാണ് അപകടത്തിന് കാരണമായത്. സംഭവമറിഞ്ഞ് മൂലമറ്റം ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി. തടികള്‍ റോഡിലേക്കു വീഴാതിരുന്നതിനാല്‍ വാഹന ഗതാഗതം തടസപ്പെട്ടില്ല. ഭാരം കയറ്റിയ ലോറികള്‍ സാധാരണയായി ഈ വഴി കടന്നുപോകാറില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.
Tags : nattu vishashesham Truck that was looking at Google