ചങ്ങനാശേരി: റെയില്‍വേ സ്റ്റേഷന് ജംഗ്ഷനില്‍ കാര്‍ അപകടത്തില്‍പ്പെട്ട് നാലുപേര്‍ക്ക് പരിക്ക്. ഏനാചിറ ശ്രീജി വില്ലയില്‍ ശ്രീകുമാര്‍ (70), ഗീത (65), ദിവ്യ (32), കീര്‍ത്തി (ഒമ്പത്) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇന്നലെ പുലർച്ചെ കോട്ടയം ഭാഗത്തുനിന്നു ബൈപാസിലൂടെ എത്തിയ കാര്‍ റെയിൽവേ മേൽപ്പാലത്തിലേക്ക് തിരിയുന്പോൾ നിയന്ത്രണം വിട്ട് റോഡിന്റെ എതിർവശത്തുള്ള മതിലിൽ ഇടിച്ചു മറിയുകയായിരുന്നു. തലകീഴായി മറിഞ്ഞ കാറില്‍നിന്നു ശ്രമകരമായാണ് ആളുകളെ പുറത്തെടുത്തത്. പരിക്കേറ്റവര്‍ ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ചങ്ങനാശേരി-ആലപ്പുഴ റോഡില്‍ പൂവത്ത് ബൈക്ക് ഇടിച്ച് കാല്‍നടയാത്രക്കാരിക്കും ബൈക്കില്‍ യാത്ര ചെയ്ത രണ്ടു യുവാക്കള്‍ക്കും പരിക്കേറ്റു. പൂവം എസി കോളനി നമ്പര്‍ 54ല്‍ സന്ധ്യ സജിക്കാണ് (45) ഗുരുതരമായി പരിക്കേറ്റത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി എട്ടിനാണ് അപകടം.
സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് സന്ധ്യ അപകടത്തില്‍ പെട്ടതെന്ന് പോലീസ് പറഞ്ഞു. ബൈക്ക് യാത്രക്കാരായ പാമ്പാടി സ്വദേശികൾക്കും പരിക്കേറ്റു. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിയന്ത്രണം നഷ്ടമായ ബൈക്ക് നടപ്പാതയിലൂടെ കയറി സമീപത്തെ പുരയിടത്തിലാണ് വീണത്.
ബൈക്ക് ഓടിച്ചിരുന്ന യുവാവ് വൈദ്യുതി പോസ്റ്റിനടുത്തേക്കാണ് വീണതെങ്കിലും പോസ്റ്റില്‍ തട്ടാഞ്ഞത് ഭാഗ്യമായി. ഓടിക്കൂടിയ നാട്ടുകാരാണ് മൂവരെയും ആശുപത്രിയിലെത്തിച്ചത്.