സാബു, സെബാസ്റ്റ്യന്‍.
വൈപ്പിന്‍: പുതുവൈപ്പ് തീരക്കടലില്‍ മത്സ്യബന്ധനം നടത്തിക്കൊണ്ടിരിക്കെ തിരകളില്‍പ്പെട്ട വഞ്ചി മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചു. പുതുവൈപ്പ് സ്വദേശികളായ പള്ളത്ത് സാബു (57), അറക്കല്‍ സെബാസ്റ്റ്യന്‍ (ദേവസി 70) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു സംഭവം.
പുലര്‍ച്ചെ അഞ്ചോടെ അഞ്ചു പേരും വഞ്ചിയില്‍ കടലില്‍ പോയതായിരുന്നു. ലൈറ്റ് ഹൗസിനു പടിഞ്ഞാറു വല ഇടുന്നതിനിടെ വലിയൊരു തിര വന്നിടിച്ച് വഞ്ചി മുങ്ങിപ്പോയി. അഞ്ചുപേരും തെറിച്ചു വെള്ളത്തില്‍ വീണു. ഒരാള്‍ നീന്തി മറ്റൊരു വഞ്ചിയില്‍ കയറി രക്ഷപ്പെട്ടു. ബാക്കി നാലു പേര് കര ലക്ഷ്യമാക്കി കിഴക്കോട്ട് നീന്തി. കര തൊടുന്നതിന് മുമ്പ് മറ്റൊരു തിര ശക്തമായി വന്നിടിച്ചതോടെ സെബാസ്റ്റ്യനെയും സാബുവിനെയും പിന്നീട് കണ്ടെത്തിയില്ലെന്ന് രക്ഷപ്പെട്ട പുളിക്കല്‍ രാജു പറഞ്ഞു.
ഫിഷറീസ് മറൈന്‍ എന്‍ഫോഴ്സ്മെന്റ് സിപിഒ നിസാര്‍, സീ ഗാര്‍ഡുമാരായ ബൈജു, ജിപ്സന്, മുളവുകാട് പോലീസ്, ഞാറക്കല്‍ പോലീസ് എന്നിവര്‍ സ്ഥലത്തെത്തി നാട്ടുകാരുടെ നേതൃത്വത്തില്‍ തെരച്ചില്‍ നടത്തുന്നതിനിടെ രണ്ട് മൃതദേഹങ്ങളും തെക്കു ഭാഗത്തായി തീരത്തടിയുകയായിരുന്നു.
മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടതിനു ശേഷം സംസ്കരിച്ചു. സാബുവിന്റെ ഭാര്യ ശോഭ. മക്കള്‍: ഗ്രീഷ്മ, വിഷ്ണു. മരുമകന്: നിഥിന്. സെബാസ്റ്റ്യന്റെ ഭാര്യ മേഴ്സി. മക്കള്‍: ജാക്സണ്, ലക്സി. മരുമകന്: പ്രദീപ്.
വിനയായത് കോണ്‍ക്രീറ്റ് അവശിഷ്ടങ്ങളെന്ന്
വൈപ്പിന്‍: വഞ്ചി മറിഞ്ഞ് നീന്തിയ മത്സ്യതൊഴിലാളികള്‍ക്ക് കെണിയായത് തീരത്തെ കെആര്എലിന്റെ പൊളിഞ്ഞ കോണ്‍ക്രീറ്റ് മതിലിന്റെഅവശിഷ്ടങ്ങളെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സ്വാതിഷ് സത്യന് ആരോപിച്ചു. തിരമാലയില്‍പ്പെട്ട ഇരുവരും തീരത്തേക്ക് നീന്തുന്നതിനിടെ ഈ കോണ്‍ഗ്രീറ്റ് പാളിയിലേക്കാണ് തിരമാല ഇടിച്ചു കയറ്റിയത്. ഇതാണ് മരണത്തിന് കാരണമായതെന്നാണ് ഇദ്ദേഹം പറയുന്നത്.
മുമ്പ് പലപ്പോഴും മത്സ്യത്തൊഴിലാളികളുടെ വലകള്‍ ഈ കോണ്‍ഗ്രീറ്റ് അവശിഷ്ടങ്ങളില്‍ തട്ടി കീറിപ്പോയി വന്‍ നഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ ഇവിടെനിന്ന് ഉടന്‍ നീക്കിയില്ലെങ്കില്‍ ദുന്തങ്ങള്‍ ഇനിയും ആവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Tags : Local News Nattuvishesham Ernakulam