മാനന്തവാടി: മാനന്തവാടി നിയോജകമണ്ഡലത്തിൽ കന്നിയങ്കത്തിനിറങ്ങുന്ന യുഡിഎഫ് സ്ഥാനാർഥി ഉഷാവിജയന് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗംഭീര വരവേൽപ്പ്.
നഗരവീഥികളെ പ്രകന്പനം കൊള്ളിച്ച് സ്ഥാനാർഥിയെ ആനയിച്ചുകൊണ്ട് നടത്തിയ റോഡ്ഷോ വരാനിരിക്കുന്ന മാറ്റത്തിന്റെ കാഹളമോതുന്നതായിരുന്നു. കഴിഞ്ഞ രണ്ടു തവണ നേരിയ വ്യത്യാസത്തിൽ നഷ്ടമായ മണ്ഡലം തിരിച്ചുപിടിക്കാനുള്ള യുഡിഎഫിന്റെ നിശ്ചയദാർഢ്യം അടിവരയിട്ട് ഉറപ്പിക്കുന്നതായിരുന്നു ഇന്നലെ നടന്ന റോഡ്ഷോ.
യുഡിഎഫ് പ്രവർത്തകരുടെയും പ്രദേശവാസികളുടെയും അഭൂതപൂർവമായ പങ്കാളിത്തം റോഡ്ഷോയിൽ നിറഞ്ഞു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകാലമായി മാനന്തവാടിയുടെ മണ്ണിൽ പൊതുപ്രവർത്തകയായും ജനപ്രതിനിധിയായും നിറഞ്ഞുനിന്ന ഉഷാവിജയൻ ആദ്യമായാണ് നിയമസഭയിലേക്ക് മത്സരിക്കുന്നത്.
നഗരവീഥികളുടെ ഇരുപുറവും നിന്ന നൂറുകണക്കിന് ആളുകളെ അഭിവാദ്യം ചെയ്ത സ്ഥാനാർഥിയെ ഓടിയെത്തി നിറപുഞ്ചിരിയോടെ അനുഗ്രഹാശിസുകൾ ചൊരിയുന്നതും റോഡ്ഷോയിലെ കാഴ്ചയായി.
ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ മാനന്തവാടി നിയോജകമണ്ഡലത്തിൽ തിരുനെല്ലി പഞ്ചായത്തിലെ നേരിയ വ്യത്യാസത്തിലുള്ള വിജയമൊഴിച്ചാൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റി, ജില്ലാപഞ്ചായത്ത് ഡിവിഷനുകൾ, പഞ്ചായത്തുകൾ എന്നിങ്ങനെ മറ്റൊരിടത്തും വിജയിക്കാനാവാതെ തോൽവിയുടെ പടുകുഴിയിൽ നിൽക്കുന്ന എൽഡിഎഫിനെ കാത്തിരിക്കുന്നത് ഇത്തവണ വലിയ പരാജയമായിരിക്കുമെന്ന് റോഡ്ഷോക്ക് ശേഷം സംസാരിച്ച നേതാക്കൾ പറഞ്ഞു.
ഡിസിസി പ്രസിഡന്റ് ടി.ജെ. ഐസക്, യുഡിഎഫ് കണ്‍വീനർ എച്ച്.ബി. പ്രദീപ്, എഐസിസി അംഗം പി.കെ. ജയലക്ഷ്മി, എൻ. നിസാർ അഹമ്മദ്, സി. കുഞ്ഞബ്ദുള്ള, എം.ജി. ബിജു, എ.എം. നിശാന്ത്, സി. അബ്ദുൾ അഷ്റഫ്, വി. അസൈനാർ ഹാജി, ജിൽസണ്‍ തൂപ്പുങ്കര, പി.വി. ജോർജ്, ജേക്കബ് സെബാസ്റ്റ്യൻ, പ്രീത രാമൻ, റംല മുഹമ്മദ് തുടങ്ങിയ നിരവധി നേതാക്കൾ റോസഡ് ഷോ യുടെ ഭാഗമായി.
ഉഷ വിജയൻ മികച്ച സ്ഥാനാർഥി: ഭൂരിപക്ഷം വർധിപ്പിക്കും
വെള്ളമുണ്ട: മാനന്തവാടി നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഉഷ വിജയൻ മികച്ച സ്ഥാനാർഥിയാണെന്ന് വെള്ളമുണ്ട മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി.
37 ബൂത്തുകളുള്ള വെള്ളമുണ്ട പഞ്ചായത്തിൽ നിന്നും 5,000 വോട്ടിന്റെ ഭൂരിപക്ഷത്തിനായി സമയം ക്രമീകരിച്ച് കഴിഞ്ഞകാല അനുഭവങ്ങളുടെ വെളിച്ചത്തിൽ സൂക്ഷ്മതയോടെയും കാര്യക്ഷമമായും തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് ഇറങ്ങാൻ വെള്ളമുണ്ട മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി തീരുമാനിച്ചു.
പ്രസിഡന്റ് ഷാജി ജേക്കബ് അധ്യക്ഷത വഹിച്ചു. ടി.കെ. മമ്മൂട്ടി, മനോജ് തൊണ്ടർവീട്, എൻ.കെ. പുഷ്പലത, ടോമി, എം. ലതിക, പി. വിജയൻ, മുനീർ തരുവണ, ഷാജി പനമട എന്നിവർ പ്രസംഗിച്ചു.