വാണീമണി പുരസ്കാരം മന്ത്രി കെ. മുരളീധരൻ ശ്രീകുമാരൻ തന്പിക്കു സമ്മാനിക്കുന്നു.
തിരുവനന്തപുരം: മനസിൽ ഉണരൂ ഉഷ സന്ധ്യയായി മായാമോഹിനി സരസ്വതി.., സ്വർഗ്ഗനന്ദിനി.. ആകാശരൂപിണി.. എന്നീ ഗാനങ്ങൾ എഴുതിയതിനു സരസ്വതിദേവി നൽകിയ പുരസ്കാരമാണു വാണീമണി പുരസ്കാരമെന്നു കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി. പൂജപ്പുര ശ്രീ സരസ്വതി ദേവി ക്ഷേത്ര ജനകീയ സമിതിയുടെ മൂന്നാമത്തെ വാണീമണി പുരസ്കാരം മന്ത്രി കെ. മുരളീധരനിൽ നിന്നും ഏറ്റുവാങ്ങി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പൂജപ്പുര ശ്രീ സരസ്വതി ദേവി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തോടനുബന്ധിച്ചായിരുന്നു പുരസ്കാര സമർപ്പണം. കുട്ടിക്കാലം മുതൽ ഞാൻ അക്ഷര ദേവതയുടെ ഭക്തനാണ്. അക്ഷരം എന്നാൽ ക്ഷരം അഥവാ നാശമില്ലാത്തതാണ്. ശ്രീകുമാരൻ തമ്പി പറഞ്ഞു. അക്ഷരവും നാദവും നിത്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. സിനിമയ്ക്കുവേണ്ടി പാട്ടെഴുതി തുടങ്ങിയതിന്റെ ഷഷ്ടിപൂർത്തി വർഷമാണിത്. ദീർഘകാലത്തെ ഗാനരചനയുടെ പേരിൽ ഇപ്പോൾ നിരവധി പുരസ്കാരങ്ങൾ ലഭിക്കുന്നുണ്ട്. ഇത്രയും കാലം ജീവിച്ചിരുന്നത് കൊണ്ടാണു പുരസ്കാരങ്ങൾ ലഭിക്കുന്നത്. സരസ്വതി ദേവിയുടെ അനുഗ്രഹമാണ് അതെന്നും ശ്രീകുമാരൻ തമ്പി വ്യക്തമാക്കി.
മന്ത്രി കെ. മുരളീധരൻ നവരാത്രി മഹോത്സവത്തിന്റെ ഉദ്ഘാടനവും വാണീമണി പുരസ്കാര സമർപ്പണവും നിർവഹിച്ചു. ചടങ്ങിൽ ക്ഷേത്ര ജനകീയ സമിതി പ്രസിഡന്റ് കെ. ശശികുമാർ അധ്യക്ഷത വഹിച്ചു. എൻ. ശക്തൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. കോർപറേഷൻ കൗൺസിലർമാരായ കെ.എസ്. ശബരിനാഥൻ, ടി. രാജലക്ഷ്മി, കെ. ഗോപകുമാർ, ആർ.പി. ശിവജി തുടങ്ങിയവർ ആശംസകളർ പ്പിച്ചു. ക്ഷേത്ര ജനകീയ സമിതി സെക്രട്ടറി പി. ഗോപകുമാർ സ്വാഗതം ആശംസിച്ചു.
ട്രഷറർ ടി.എസ്. വിജയകുമാർ നന്ദി പറഞ്ഞു. ശ്രീ സ്വാതി തിരുനാൾ സരസ്വതി മണ്ഡപത്തിലെ ഈ വർഷത്തെ നവരാത്രി സംഗീതോത്സവത്തിന്റെ ഉദ്ഘാടനം ശ്രീകുമാരൻ തമ്പി നിർവഹിച്ചു.
കെ. കരുണാകരൻ നൽകിയ ആദരവ് വീണ്ടും ശ്രീകുമാരൻ തമ്പിക്ക് നൽകുന്നത് സുകൃതം: മന്ത്രി കെ. മുരളീധരൻ
തിരുവനന്തപുരം: "എന്റെ അച്ഛൻ കെ. കരുണാകരനാണ് 1971 ൽ മികച്ച ഗാനരചയിതാവായി ശ്രീകുമാരൻ തമ്പിയെ പ്രഖ്യാപിക്കുന്നത്. അന്ന് എട്ടാം ക്ലാസ് വിദ്യാർഥിയായിരുന്നു ഞാൻ. ഇൻഫർമേഷൻ മന്ത്രിയായിരുന്ന അച്ഛൻ വർഷങ്ങൾക്ക് മുൻപ് ആദരിച്ച ശ്രീകുമാരൻ തമ്പിയെ മന്ത്രി എന്ന നിലയിൽ വീണ്ടും ആദരിക്കാൻ സാധിച്ചത് ഒരു ഭാഗ്യമായി കരുതുന്നു...' മന്ത്രി കെ. മുരളീധരന്റേതാണ് ഈ വാക്കുകൾ. പൂജപ്പുര ശ്രീ സരസ്വതി ദേവി ക്ഷേത്ര ജനകീയ സമിതിയുടെ വാണീമണി പുരസ്കാരം ശ്രീകുമാരൻ തമ്പിക്കു സമ്മാനിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
1971 ലാണ് ശ്രീകുമാരൻ തമ്പിക്ക് ആദ്യമായി മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം ലഭിക്കുന്നത്. അക്കാലത്ത് സാംസ്കാരിക വകുപ്പ് നിലവിൽ വന്നിരുന്നില്ല. ആഭ്യന്തരമന്ത്രിയായിരുന്ന കെ. കരുണാകരൻ തന്നെയാണ് ഇൻഫർമേഷൻ വകുപ്പിന്റെ ചുമതലയും നിർവഹിച്ചിരുന്നത്.
സിനിമയും മാധ്യമങ്ങളും ഉൾപ്പെടുന്ന ഇൻഫർമേഷൻ വകുപ്പിലെ മന്ത്രി എന്ന നിലയിൽ അച്ഛന്റെ ആദ്യത്തെ അവാർഡ് പ്രഖ്യാപനം ആയിരുന്നു അത്. എറണാകുളത്തു വച്ചായിരുന്നു അവാർഡ് സമർപ്പണ ചടങ്ങെന്നും കെ. മുരളീധരൻ പറഞ്ഞു. ആത്മീയതയ്ക്കൊപ്പം നാട്ടുകാർക്കും ദേശക്കാർക്കും സഹായവും സാന്ത്വനവും നൽകുന്ന ക്ഷേത്ര ജനകീയ സമിതിയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
Tags : Vaneemani Award NattuVishasham DistrictNews