കന്നുകാലി ചാലിൽ കുളവാഴ നിറഞ്ഞപ്പോൾ.
നേമം : വെള്ളായണി കായലില്‍ നിന്നുള്ള ജലസ്രോതസായ കന്നുകാലി ചാലില്‍ വീണ്ടും കുളവാഴ നിറഞ്ഞു. കിരീടം പാലം മുതല്‍ മധുപ്പാലം വരെയുള്ള ചാലിന്റെ നീരൊഴുക്ക് തടസ്സപ്പെടുത്തിയാണ് കുളവാഴ നിറഞ്ഞു കിടക്കുന്നത്. കുളവാഴയ്ക്ക് പുറമെ പ്ലാസ്റ്റിക്ക് കുപ്പികളും നിറഞ്ഞ് കിടക്കുകയാണ്. പായലും കുളവാഴയും അഴുകി വെള്ളത്തിന്റെ നിറം മാറി തുടങ്ങി. ഇതുകാരണം മാലിന്യങ്ങളും കന്നുകാലി ചാലിന്റെ പലഭാഗങ്ങളിലായി കെട്ടി കിടക്കുകയാണ്. എല്ലാവര്‍ഷവും കന്നുകാലി ചാലിന്റെ ചെളിയും മണ്ണും മാലിന്യങ്ങളും നീക്കം ചെയ്ത് ആഴം കൂട്ടാറുണ്ട്.
ഇപ്പോള്‍ കൃത്യമായി അത് നടക്കാറില്ലെന്ന് നാട്ടുകാരും കര്‍ഷകരും പറയുന്നു. കുളവാഴ വ്യാപകമായി നിറഞ്ഞിട്ടും വൃത്തിയാക്കലിന് നടപടി തുടങ്ങിയില്ല. മൈനര്‍ ഇറിഗേഷന്റെ മേല്‍നോട്ടത്തിലാണ് പണികള്‍ നടത്തുന്നത്. വേനല്‍ക്കാലത്ത് നാട്ടുകാര്‍ കുളിക്കാനും തുണി അലക്കാനും ഉപയോഗിച്ചിരുന്നത് കന്നുകാലി ചാലിലെ വെള്ളമാണ് ഇപ്പോള്‍ കുളവാഴ നിറഞ്ഞ് അഴുകി വെള്ളം മലിനപ്പെട്ടതോടെ നാട്ടുകാര്‍ക്കും ഉപയോഗിക്കാന്‍ പറ്റാത്ത സ്ഥിതിയായി. പാലത്തിനു സമീപത്തെ കുളിക്കടവുകള്‍ പൊളിഞ്ഞ് മാലിന്യങ്ങള്‍ നിറഞ്ഞ് കിടക്കുകയാണ്.
പല ഭാഗത്തും കടവുകള്‍ ഇടിഞ്ഞ് കൈവരികള്‍ നശിച്ചു. കന്നുകാലി ചാലിലേയ്ക്ക് എത്തുന്ന കൈത്തോടുകളും അടഞ്ഞു. ഷട്ടറുകള്‍ പ്രവര്‍ത്തന രഹിതമായി. കന്നുകാലി ചാലിനെ സംരക്ഷിച്ചാലേ കൃഷിക്കും കിണറുകളിലും വെള്ളം കിട്ടൂ. കന്നുകാലി ചാലിന് സമീപത്ത് കൃഷി നിലച്ച കൃഷിയിടങ്ങള്‍ നികത്തി തുടങ്ങിയതും കന്നുകാലി ചാലിന് ഭീഷണിയാവുകയാണ്.
കിരീടം പാലം കേന്ദ്രീകരിച്ചുള്ള ടൂറിസം സാധ്യതകള്‍ പുരോഗമിക്കുന്ന അവസരത്തില്‍ നിരവധി സന്ദര്‍ശകരാണ് ഇവിടെ എത്തുന്നത്. കായലും കന്നുകാലിചാലും പാടങ്ങളും കാണൂവാനെത്തുന്നവരാണ് അധികവും അതിനാല്‍ കന്നുകാലി ചാല് അടിയന്തരമായി വൃത്തിയാക്കാന്‍ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.