മുണ്ടക്കയം: പെരുവന്താനം സെന്റ് ആന്റണീസ് കോളജിൽ ഈ വർഷം പ്രവേശനം നേടിയ ഡിഗ്രി വിദ്യാർഥികൾക്കായുള്ള ഉന്നത വിദ്യാരംഭവും വിജ്ഞാന ദീപ പ്രോജ്ജ്വലനവും 17ന് നടക്കും. രാവിലെ പത്തിന് കോളജ് ചെയർമാർ ബെന്നി തോമസിന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം ബിഷപ് മാർ ജേക്കബ് മുരിക്കൻ ഉദ്ഘാടനം ചെയ്യും.
തുടർന്ന് ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് കടന്നുവരുന്ന വിദ്യാർഥികൾക്കായി അദ്ദേഹം വിജ്ഞാന ദീപം തെളിയിക്കും. ചടങ്ങിൽ പെരുവന്താനം സെന്റ് ജോസഫ് ഫൊറോനാ വികാരി ഫാ. സോബിൻ താഴത്തുവീട്ടിൽ മുഖ്യപ്രഭാഷണം നടത്തും. റവ. ഡോ. സേവ്യർ കൊച്ചുപറമ്പിൽ, കോളജ് പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി, വൈസ് പ്രിൻസിപ്പൽ സുപർണ രാജു തുടങ്ങിയവർ പ്രസംഗിക്കും.
സമ്മേളനത്തിൽ കോളജ് പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി രചിച്ച പുസ്തകം പാഷൻ ക്വോഷ്യന്റ് പ്രകാശനം ചെയ്യും. ബിഷപ് മാർ ജേക്കബ് മുരിക്കനിൽ നിന്ന് റവ. ഡോ. സേവ്യർ കൊച്ചുപറമ്പിൽ പുസ്തകം സ്വീകരിക്കും. വിദ്യാർഥികൾക്കായി അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന പ്രത്യേക ബ്രിഡ്ജ് പ്രോഗ്രാമിന് മോട്ടിവേഷണൽ സ്പീക്കർ ഡോ. ബിനു കണ്ണന്താനവും, അനീഷ് മോഹൻ എന്നിവർ നേതൃത്വം നൽകും.
Tags : Vidyarambham Knowledge Lamp Ceremony