കാസർഗോഡ്: അനധികൃത മണ്ണെടുപ്പുമായി ബന്ധപ്പെട്ട് വിജിലൻസിന്റെ ഓപ്പറേഷൻ ഏർത്ത് ഗാർഡ് നടപടിയുടെ ഭാഗമായി ജില്ലയിൽ അഞ്ചിടങ്ങളിൽ പരിശോധന നടത്തി. മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് ജില്ലാ ഓഫീസിലും കുമ്പള, കയ്യൂർ-ചീമേനി, ചെറുവത്തൂർ, മടിക്കൈ പഞ്ചായത്തുകളിലുമാണ് വിജിലൻസ് ഡിവൈഎസ്പി വി. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്.
ചില സ്ഥലങ്ങളിൽ രേഖാമൂലമുള്ള അനുമതിയില്ലാതെ മണ്ണ് നീക്കംചെയ്തതായും മറ്റു ചില ഇടങ്ങളിൽ അനുമതി നൽകിയതിനേക്കാൾ കൂടുതൽ അളവിൽ മണ്ണ് നീക്കിയതായും പരിശോധനയിൽ കണ്ടെത്തിയതായാണ് സൂചന.
മടിക്കൈ പഞ്ചായത്തിൽ മൂന്നിടങ്ങളിലും കയ്യൂർ-ചീമേനി പഞ്ചായത്തിൽ ആറിടങ്ങളിലും ചെറുവത്തൂരിൽ ഒരിടത്തും അനുമതി നൽകിയതിൽ കൂടുതൽ മണ്ണെടുത്തതായി കണ്ടെത്തി. ചെറുവത്തൂരിലും കുമ്പളയിലും ഓരോ ഇടങ്ങളിൽ അനുമതിയില്ലാതെ മണ്ണ് ഖനനം നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്.
ചെങ്കള പഞ്ചായത്തിലെ കുണ്ടടുക്കത്ത് അനധികൃതമായി മണ്ണ് ഖനനം നടത്തിയതായും തെക്കിലിൽ അനുമതി നൽകിയതിനേക്കാൾ കൂടുതൽ മണ്ണ് നീക്കിയതായും ജില്ലാ ജിയോളജി ഓഫീസിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തി. ഈ സ്ഥലങ്ങളിൽ ആദ്യദിനത്തിൽ നേരിട്ടുള്ള പരിശോധന നടത്തിയിട്ടില്ല. പരിശോധനാ റിപ്പോർട്ട് വരുംദിവസങ്ങളിൽ തന്നെ വിജിലൻസ് ഡയറക്ടർക്ക് സമർപ്പിക്കും.
Tags : Vigilance nattuvishesham local news