മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടപടികൾക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി. ജില്ലാ പ്ലാനിംഗ് സെക്രട്ടേറിയറ്റ് കോണ്‍ഫറൻസ് ഹാളിൽ നടന്ന പരിശീലന പരിപാടിക്ക് എൽഎസ്ജിഡി അസിസ്റ്റന്റ് ഡയറക്ടർ കെ.എ. അബ്ദുൾ ഗഫൂർ നേതൃത്വം നൽകി.
വോട്ടെണ്ണൽ ദിവസം സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ, വോട്ടിംഗ് മെഷീനുകളുടെ സുരക്ഷ, കൃത്യത ഉറപ്പാക്കൽ തുടങ്ങിയ സാങ്കേതിക വശങ്ങൾ എന്നിവയിലായിരുന്നു പരിശീലനം.
വോട്ടെണ്ണൽ പ്രക്രിയ സുതാര്യമായും തടസമില്ലാതെയും പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം പരിശീലനം സംഘടിപ്പിച്ചത്. ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽനിന്നുള്ള റിട്ടേണിംഗ് ഓഫീസർമാരും എആർഒമാരും പങ്കെടുത്തു. പരിശീലനം പൂർത്തിയാക്കിയ ഉദ്യോഗസ്ഥർ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ അതത് സെക്ഷനുകളുടെ മേൽനോട്ടം വഹിക്കും.
ഇന്നും നാളെയും ഒന്നാംഘട്ട റാൻഡമൈസേഷനിലൂടെ തെരഞ്ഞെടുത്ത 1456 കൗണ്ടിംഗ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ആസൂത്രണസമിതി കോണ്‍ഫറൻസ് ഹാളിൽ നടക്കും. രണ്ടാം ഘട്ട റാൻഡമൈസേഷനിൽ ഉൾപ്പെടുന്ന ഉദ്യോഗസ്ഥരുടെ പരിശീലനം മേയ് മൂന്നിന് നടക്കും. നാലിന് രാവിലെ എട്ടിനാണ് വോട്ടെണ്ണൽ ആരംഭിക്കുന്നത്.
Tags : nattu vishesham Vote counting